Fri. Mar 29th, 2024
തിരുവനന്തപുരം:

അടുത്ത മാസം ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറി. മുസ്ലിം ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായി എം സി കമറുദ്ദീന്റെ പേര് ലീഗ് നേതൃത്വം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ നാലു സ്ഥാനാര്‍ത്ഥികളുടെയും പേര് ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. പതിവില്‍ നിന്നു വ്യത്യസ്തമായി എല്ലാ മണ്ഡലങ്ങളിലും ഒറ്റ പേരുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കെപിസിസി ഇന്നലെ രാത്രി ഹൈക്കമാന്‍ഡിന് കൈമാറിയത്. ഡല്‍ഹിയില്‍ നിന്നും ഇടപെടലൊന്നും ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഈ നാലുപേരും തന്നെയാകും സ്ഥാനാര്‍ത്ഥികള്‍.

എറണാകുളത്തെ സീറ്റിനായി മുന്‍ എംപി കെ വി തോമസ് ഹൈക്കമാന്‍ഡിനെ സന്ദര്‍ശിച്ച് പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതൊന്നും ഫലവത്തായില്ല. ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദിന്റെ പേരാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ളത്. ലോകസഭാ സീറ്റില്‍ നിന്നും വെട്ടിയ അതേ രീതിയില്‍ തന്നെ എറണാകുളം നിയമസഭാ സീറ്റില്‍ നിന്നും കെ വി തോമസിനെ ഒഴിവാക്കി. കെ.വി. തോമസിന്റെ അവകാശവാദങ്ങളെല്ലാം എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെപിസിസി നേതൃത്വം തള്ളി.

അരൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാനെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. പല തവണ കൂട്ടിയും കിഴിച്ചുമാണ് ഒടുവില്‍ ഷാനിമോള്‍ ഉസ്മാനെ തന്നെ രംഗത്തിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും ലിജു മത്സരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഷാനിമോള്‍ക്ക് അവസരം തെളിഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എ എം ആരിഫിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ സ്ഥാനാര്‍ത്ഥി എന്നതും കൂട്ടത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി കൂടി ഇരിക്കട്ടെ എന്ന പരിഗണനയും ഷാനിമോള്‍ക്ക് തുണയായി.

അരൂര്‍ മണ്ഡലം ഐ ഗ്രൂപ്പും കോന്നി മണ്ഡലം എ ഗ്രൂപ്പുംവീതം വെച്ചെടുക്കുകയായിരുന്നു.

അടൂര്‍ പ്രകാശിന്റേയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടേയും എതിര്‍പ്പുകള്‍ മറികടന്നാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. എന്‍എസ്എസിന്റെ ഇടപെടലും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. അതേസമയം കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും നിരവധി തവണ സംസാരിച്ചിട്ടും പ്രകാശ് ഇതുവരെ വിട്ടു വീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. നേരത്തേ എല്‍ഡിഎഫില്‍ നിന്നും അടൂര്‍പ്രകാശാണ് മണ്ഡലം യുഡിഎഫിനുവേണ്ടി മണ്ഡലം പിടിച്ചെടുത്തത്.

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെ അനുനയിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹന്നാനും ഉള്‍പ്പെടെ കെപിസിസിയില്‍ രാത്രി വൈകും വരെ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ധാരണയായത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. എല്ലാ മണ്ഡലങ്ങളിലും ഒരു പേരുവീതമുള്ള പട്ടിക ആയതിനാല്‍ ദില്ലിയില്‍ നിന്നും മാറ്റങ്ങളില്ലാതെ അംഗീകരിക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡിനയച്ച ലിസ്റ്റില്‍ നിന്നും ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യപിക്കും.

Leave a Reply

Your email address will not be published. Required fields are marked *