Wed. Nov 6th, 2024
കൊച്ചി:

മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നിയമം ലംഘിച്ച് കായലോരത്ത് ഫ്‌ളാറ്റുകള്‍ നിര്‍മിച്ച നാല് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയാണ് കൊച്ചിയിലെ മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹോളി ഫെയ്ത്ത്, ആല്‍ഫാ വെഞ്ച്വേഴ്‌സ്, ജെയിന്‍ കോറല്‍ ഗാവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍.

ഇതിനിടെ ഇന്നുമുതല്‍ ഫ്‌ളാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാട്ടി കെഎസ്ഇബി നാല് ഫ്‌ളാറ്റുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിഛേദിക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്ന നോട്ടീസ് പതിച്ചത്. സുപ്രീംകോടതി വിധിയും നഗരസഭയുടെ നിര്‍ദേശവും കണക്കിലെടുത്താണ് നടപടി എന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന്റെ ആദ്യഘട്ട നടപടിയാണ് ഇന്നു മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള നീക്കമെന്നാണ് സൂചന.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാരിനും വ്യക്തമായിക്കഴിഞ്ഞു. ഇതോടെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടി സര്‍ക്കാരും ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബില്‍ഡര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതു കൂടാതെ ഫ്‌ലാറ്റുകള്‍ വാങ്ങിയവരുടെ പുനരവധിവാസം ഉറപ്പാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിയമം ലംഘിച്ച ഫ്‌ളാറ്റു നിര്‍മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് അറിയിച്ചു.

ഇതിനിടെ മൂന്നുമാസത്തിനകം ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനുളള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *