തിരുവനന്തപുരം:
തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഭക്തര്‍ക്ക് പ്രിയങ്കരമായ ക്ഷേത്ര പ്രസാദങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നതും വില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞദിവസം ചേര്‍ന്ന സമ്പൂര്‍ണ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിലെ പ്രസാദങ്ങളായ അരവണയും ഉണ്ണിയപ്പവും, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസം, തിരുവാര്‍പ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്ക്ക് പേറ്റന്റ് നേടാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ പാല്‍പ്പായസം വ്യാജമായി നിര്‍മിച്ച് ചില ബേക്കറികളില്‍ വില്‍ക്കുന്നത് നേരത്തേ തന്നെ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചുവരുന്നതിനു പിന്നാലെയാണ് പ്രസാദങ്ങള്‍ക്ക് പേറ്റന്റു നേടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ ചില കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാല്‍പ്പായസം പേരില്‍ പായസം നിര്‍മിച്ച് വില്‍ക്കുന്നതും ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ബോര്‍ഡ് ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.
ഇത്തരം വ്യാജ വില്‍പനകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. നിയമവകുപ്പിന്റെ ഉപദേശം തേടിയ ശേഷം അവരുടെ സഹായത്തോടെ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം കമ്മിഷണര്‍ എം. ഹര്‍ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വഴിപാടു പ്രസാദങ്ങള്‍ക്ക് പേറ്റന്റു നേടിയെടുക്കാനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചതായും എ പത്മകുമാര്‍ വ്യക്തമാക്കി.
പേറ്റന്റു നേടാനുള്ള അപേക്ഷ നല്‍കുന്നതടക്കമുള്ള തുടര്‍ നടപടികളില്‍ ചൊവ്വാഴ്ചയിലെ ബോര്‍ഡ് യോഗം തീരുമാനമെടുക്കും.