Fri. Apr 26th, 2024
കൊച്ചി:

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായത് ‘തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ടും പൊളിക്കാനായി നിര്‍മിച്ച മരട് നെയ്‌റോസ്റ്റും ആയിരുന്നു. തലശേരിയിലെ ലാഫെയര്‍ റസ്റ്റോറന്റുകാര്‍ തങ്ങളുടെ പരസ്യത്തിനായി പങ്കുവെച്ച ഈ പരസ്യവാചകങ്ങള്‍ കണ്ണടച്ചു തുറക്കും മുമ്പാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായത്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന VVeQ എന്ന പരസ്യ കമ്പനിയാണ് ലാഫെയര്‍ റസ്റ്റോറന്റിനായി ഈ പോസ്റ്റുകള്‍ ഡിസൈന്‍ ചെയ്തത്. ഇവയിലെ പരസ്യവാചകങ്ങള്‍ ഉദിച്ച തല തിരക്കഥാ കൃത്തും കോപ്പി റൈറ്ററുമായ പത്തനംതിട്ട സ്വദേശി മനു ഗോപാലിന്റേതാണ്. സിനിമകള്‍ക്കായി തിരക്കഥകള്‍ എഴുതുന്നതിനൊപ്പം കേരളത്തിലെ പല പ്രമുഖ പരസ്യകമ്പനികള്‍ക്കു വേണ്ടി പരസ്യ വാചകങ്ങളും മനു എഴുതുന്നുണ്ട്.

വര്‍ഷങ്ങളായി പരസ്യ രംഗത്തും മാധ്യമരംഗത്തും സജീവമായി നില്‍ക്കുന്നയാളാണ് മനു ഗോപാല്‍. റേഡിയോ മിര്‍ച്ചിയില്‍ ഒരു വര്‍ഷത്തോളം കോപ്പിറൈറ്ററായി ജോലി ചെയ്തതിനു ശേഷം പിന്നീടുള്ള എട്ടു വര്‍ഷത്തോളം റേഡിയോ മാംഗോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പിന്നീടാണ് മനു സിനിമയിലേക്കെത്തിയത്. മികച്ച ഒരു ബ്ലോഗര്‍ കൂടിയാണ് മനു.

 

പാലാരിവട്ടം പുട്ടിലേക്കും മരട് നെയ്‌റോസ്റ്റിലേക്കും എത്തിയ വഴിയെക്കുറിച്ചും മനു വിശദീകരിച്ചു

താന്‍ ജോലിചെയ്യുന്ന വിവിഇക്യു എന്ന പരസ്യ കമ്പനിയാണ് ലാഫെയര്‍ റെസ്‌റ്റോറന്റിനായി പരസ്യവാചകം എഴുതാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെയാണ് പത്രത്തില്‍ വന്ന പാലാരിവട്ടം പാലത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. അന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു അത്. അതില്‍ നിന്നും പൊളിക്കുക എന്ന വാക്ക് മനസില്‍ തടഞ്ഞു. അങ്ങനെ പൊളിക്കുന്ന ഫുഡ് ഐറ്റത്തെ കുറിച്ചു ചിന്തിച്ചപ്പോഴാണ് അതു പുട്ടാണല്ലോ എന്നകാര്യം ഓര്‍മവന്നത്. മറ്റു ഭക്ഷണങ്ങളെല്ലാം നമ്മള്‍ അടര്‍ത്തിയല്ലേ കഴിക്കാറുള്ളത്. പുട്ടാണ് പൊളിച്ചും പൊടിച്ചും കഴിക്കുന്നത്. പുട്ട് സോഫ്റ്റായിരിക്കുകയും വേഗം പൊളിയുകയും വേണമല്ലോ. അങ്ങനെ പത്തു മിനിട്ടിനകം തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്റെ പരസ്യവാചകം തയ്യാറായി.

പാലാരിവട്ടത്തിന് സമാന്തരമായി വന്ന പ്രശ്‌നമാണല്ലോ മരട് ഫ്‌ളാറ്റു പൊളിക്കല്‍. അത് പൊളിയുന്നതല്ലല്ലോ നിര്‍മിച്ചതിനു ശേഷം പൊളിച്ചു കളയുകയാണല്ലോ. അപ്പോഴാണ് നെയ്‌റോസ്റ്റിന്റെ ചിത്രം കൈയിലെത്തിയത്. കുത്തനെയുള്ള നെയ്‌റോസ്റ്റു കണ്ടപ്പോള്‍ ഇതാണ് മനസിലെത്തിയത്. ഇതു കൂടാതെ പൊളിക്കുക എന്നതിന് അടിച്ചു പൊളിക്കുക എന്ന അര്‍ത്ഥം കൂടി ഉദ്ദേശിച്ചിട്ടുണ്ട്. പൊളിക്കാനായി എന്നത് ഇന്‍വെര്‍ട്ടര്‍ കോമയില്‍ നല്‍കിയതിന്റെ ഉദ്ദേശ്യം അതായിരുന്നു.

സ്വന്തം പരസ്യവാചകം ആരും പ്രതീക്ഷീക്കാത്ത രീതിയില്‍ വൈറലായതിന്റെ സന്തോഷവും മനു മറച്ചു വെയ്ക്കുന്നില്ല. എഫ് എം റേഡിയോയിലെ വര്‍ഷങ്ങളുടെ പരിചയം ഇത്തരത്തില്‍ ഹ്യൂമറോടെ കാര്യങ്ങളെ നോക്കിക്കാണാനുള്ള കഴിവു നല്‍കിയിട്ടുണ്ടെന്നും മനു ഗോപാല്‍ പറഞ്ഞു.

 

മനു ഗോപാല്‍ ആള് പുലിയാണ്

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രമായ എസ്രയുടെ സംഭാഷണം എഴുതിയത് മനു ഗോപാല്‍ ആയിരുന്നു. ബോക്‌സോഫീസില്‍ ഹിറ്റായ എസ്രയോടെയാണ് സിനിമാരംഗത്ത് മനുവിന് തിരക്കേറിയത്. ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കുന്ന മുന്തിരി മൊഞ്ചന്‍ ആണ് മനുവിന്റെ അടുത്ത ചിത്രം. ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായ സിനിമയുടെ ഇരട്ട തിരക്കഥാ കൃത്തുക്കളില്‍ ഒരാള്‍ മനുവാണ്.

വളരെ കാതലായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ക്രിയേറ്റീവായ ഒരു എഴുത്തുകാരനാണ് മനു ഗോപാല്‍ എന്ന് മുന്തിരിമൊഞ്ചന്‍ സിനിമയില്‍ മനുവിനൊപ്പം തിരക്കഥാ രചനയില്‍ പങ്കാളിയായ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മെഹറലി പറഞ്ഞു. ചിത്രത്തിലെ ഹാസ്യ രംഗങ്ങളുടെ സംഭാഷങ്ങള്‍ക്ക് രൂപം നല്‍കിയതില്‍ മനുവിന്റെ പങ്ക് വളരെ വലുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ഡിമോളിഷിങ് മാന്‍’ എന്ന പേരിലാണ് സുഹൃത്തായ മനുവിന്റെ പരസ്യവാചകം വൈറലായ സന്തോഷം മെഹറലി സോഷ്യല്‍ മീഡിയയിലൂടെ വെച്ചത്.

സീരിയസായ കാര്യങ്ങള്‍ പോലും നര്‍മത്തിലൂടെ അവതരിപ്പിക്കാന്‍ മനുവിന് പ്രത്യേക കഴിവുണ്ട്. നിമിഷങ്ങള്‍ കൊണ്ടു തന്നെ ആശയങ്ങള്‍ വാക്കുകളാക്കാനുള്ള പ്രത്യേക കഴിവാണ് മനു ഗോപാലിനെ വ്യത്യസ്തനാക്കുന്നതെന്ന് മുന്തിരി മൊഞ്ചന്‍ ചിത്രത്തിന്റെ നിര്‍മാതാവ് പി കെ അശോകന്‍ പറഞ്ഞു.

അടുത്ത മാസം റിലീസാകാനിരിക്കുന്ന മുന്തിരി മൊഞ്ചനില്‍ ഒരു പാട്ടും മനു ഗോപാല്‍ എഴുതിയിട്ടുണ്ട്. ആര്‍ക്കും പാടാന്‍ കഴിയുന്നവിധം ലളിതമായ വരികളുള്ള പാട്ട് പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാരും പറയുന്നുണ്ട്.

സിനിമയില്‍ തിരക്കേറിയിട്ടുണ്ടെങ്കിലും പരസ്യവാചകങ്ങള്‍ എഴുതുന്നതിലെ ചലഞ്ച് തനിക്കിഷ്ടമാണെന്നും ഇതും സമാന്തരമായി തന്നെ കൊണ്ടുപോകാനാണ് താല്പര്യമെന്നും മനു പറഞ്ഞു. പത്തനംതിട്ടയിലെ കോന്നി സ്വദേശിയാണ് മനുഗോപാല്‍. മഹീന്ദ്രയുടെ ആപ്‌കോ ഓട്ടോറിക്ഷയ്ക്കുവേണ്ടി മനുഗോപാല്‍ എഴുതിയ റേഡിയോ ജിങ്കിള്‍ നേരത്തേ ഹിറ്റായിട്ടുണ്ട്. എഫ് എം റേഡിയോയില്‍ നിന്നും താന്‍ പരസ്യരംഗത്തേക്ക് വന്നു വീഴുകയായിരുന്നു എന്നാണ് മനു ഗോപാല്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *