Mon. Dec 23rd, 2024
ടെക്സാസ്:

കഴിഞ്ഞ ദിവസം ഹോസ്റ്റണിൽ സമാപിച്ച ‘ഹൗഡി മോദി’ റിപ്പോർട്ടുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അവർ എത്രത്തോളം മൃതരായിരിക്കുന്നുവെന്ന്. മോദിയെ വരവേൽക്കവേ ഹോസ്റ്റൺ ജനത ആ രംഗം ആഘോഷമാക്കുന്നു, പ്രത്യേകിച്ചും നിരവധി തീവ്രഹിന്ദുത്വവാദികൾ. എന്നാൽ, അവിടെ അത് മാത്രമായിരുന്നോ നിങ്ങൾ കണ്ടത്, ചിലത് കാണാതെ പോയതിന്റെ പൊരുളെന്താണ്…?

ഹോസ്റ്റൺ നഗരത്തെ നടുക്കിക്കൊണ്ടുള്ള ജനലക്ഷങ്ങളുടെ മോദി വിരുദ്ധ പ്രതിഷേധങ്ങളായിരുന്നു, അവിടെ അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ, വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ടെക്സാസിലെ എൻ ആർ ജി സ്റ്റേഡിയത്തിനുള്ളിൽ മോദി സ്തുതികളുമായി ഭക്തരൊക്കെ ഒരുമിച്ചു കൂടി കയ്യടിക്കുമ്പോൾ പുറത്തെ തെരുവീഥികളിൽ ജനം പ്രതിഷേധ വാക്യങ്ങൾ ആഞ്ഞുവിളിച്ച് തൊണ്ട ഇടറുകയായിരുന്നു.

അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി (നീതിക്കും ഉത്തരവാദിത്വത്തിനും വേണ്ടിയുള്ള ഐക്യമുന്നണി) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സമരം ഉണ്ടായത്. ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ പൊതുജനവുമായി കൈകോർത്തുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനവുമായി മുന്നോട്ടു വന്നത്.

#ജസ്റ്റിസ് ഫോർ തബ്രീസ് ( ജാർഖണ്ഡിൽ ആൾക്കൂട്ടത്താൽ കൊലചെയ്യപ്പെട്ട യുവാവാണ് തബ്രീസ്), തീവ്രവാദി മോദി, ഹിറ്റ്ലറുടെ മറ്റൊരു മുഖമാണ് മോദി തുടങ്ങിയ ആശയങ്ങളടങ്ങുന്ന പ്ലക്കാർഡുകൾ ഉയർത്തി കാണിച്ചായിരുന്നു ജനത്തിന്റെ പ്രതിഷേധം.

പ്രതിഷേധ റാലിയുടെ ചിത്രങ്ങൾ

ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടായിരുന്നു പ്രതിഷേധം, ” മത-ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന തീവ്രവാദ സാമ്യമുള്ള മോദി സർക്കാരിന്റെ ശക്തിക്ഷയിപ്പിക്കുക, അതിനു നേരെ മുഷ്ടി ഉയർത്തുക, ഈ വിനാശകാരിയെ വെളിച്ചത്താക്കുക, ”

” അടുത്തകാലത്ത്, ജമ്മു കശ്മീരിന്റെ പ്രത്യേകപദവി കവർന്നെടുക്കുകയും അവിടം സൈന്യത്തെ വിന്യസിച്ച്, രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിൽ ആക്കി, ഫോൺ, ഇന്റർനെറ്റ് മുതലായ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ആ മേഖലയെ മുഴുവനും കബളിപ്പിച്ച് തുറങ്കിൽ അടയ്ക്കുകയായിരുന്നു”, അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി വിമർശിച്ചു.

” ഞങ്ങൾ ഇന്ത്യൻ വംശജരോ അല്ലാത്തവരോ ആയിക്കൊള്ളട്ടെ ഇന്ത്യയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അമേരിക്കയിലിരിക്കുന്ന ഞങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ട്‌. അതുകൊണ്ട്, മോദി സർക്കാരിന്റെ ഭരണക്രമത്തിനെതിരെ ഞങ്ങൾ ശബ്ദമുയർത്തുന്നു, കാരണം, ഇന്ത്യയിലെയും അമേരിക്കയിലെയും ലോകമുഴുവനിലെയും മനുഷ്യാവകാശം മാത്രമാണ് ഞങ്ങളുടെ വിഷയം.” പ്രതിഷേധക്കൂട്ടം വ്യക്തമാക്കി.

2014 മുതൽ കൃത്യമായ അളവിൽ വർദ്ധിക്കുന്ന മതാതിക്രമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, മൗലികാവകാശങ്ങളുടെ നിഷേധം എന്നിവയ്ക്ക് ഉത്തരാവാദി പ്രധാന മന്ത്രി നരേന്ദ്രമോദി എന്നാണ് ഹോസ്റ്റൺ തെരുവീഥികളിൽ ഒത്തുകൂടിയ ഇവർക്ക് അറിയിക്കുവാനുള്ളത്.

വിമുഖ റാലിയിൽ പൊതുജനത്തിന് ഐക്യധാർട്യമർപ്പിച്ച് ജർമൻ രാഷ്ട്രീയ നേതാവ് പീറ്റർ ഫ്രിദ്രിജ് പങ്കെടുത്തിരുന്നു.

“ഹോസ്റ്റണിൽ, പ്രസിഡന്റ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തുമ്പോൾ ഇന്ത്യൻ-അമേരിക്കൻ പൗരർ തമ്മിലുള്ള ഒരുമയെ പറ്റി നാം വളരെയധികം കേൾക്കുന്നു. എന്നാൽ, മനുഷ്യാവകാശ പ്രശ്നങ്ങളുടെ കണ്മുന്നിലെ തുറന്ന ചിത്രങ്ങൾക്ക് നേരെ അവർ പുലർത്തിവരുന്ന നിശബ്ദത ഒരിക്കലും സമ്മതിച്ചു കൊടുക്കുവാൻ കഴിയാത്തതാണ്.” ഡെമോക്രാറ്റുകളുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ബെർണി സാന്ഡേഴ്സ് കുറിച്ചു.

ഇവ എല്ലാറ്റിനും പുറമെ, ആൾക്കൂട്ടം തിങ്ങിനിറഞ്ഞ ആ ദിവസം ഹോസ്റ്റൺ നഗരവീഥിയുടെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു ” മോദി നിങ്ങൾക്ക് ഒളിക്കാൻ കഴിയില്ല, നിങ്ങൾ കൂട്ടക്കൊലകൾ നടത്തി”

Leave a Reply

Your email address will not be published. Required fields are marked *