ന്യൂഡല്‍ഹി:
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21-ന് ഒറ്റഘട്ടമായാണ് രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പു നടക്കുന്നത്. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി നവംബര്‍ ഏഴിനും, ഹരിയാനയിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ രണ്ടിനുമാണ് അവസാനിക്കുന്നത്. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു ചെലവുകള്‍ പരിശോധിക്കാന്‍ രണ്ടു നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അയക്കുന്നത്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്ലാസ്റ്റിക് സാമഗ്രികള്‍ ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ഇതോടൊപ്പം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകളാണ് ഒറ്റ ഘട്ടമായി നടത്തുന്നത്.
കേരളവും പോരാട്ടച്ചൂടിലേക്ക്
കേരളത്തില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് അടുത്തമാസം 21ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയും ഹരിയാനയും ഉള്‍പ്പെടെ തെരഞ്ഞെടുപ്പു നടക്കുന്ന എല്ലായിടത്തെയും തെരഞ്ഞെടുപ്പു വിജ്ഞാപനം ഈ മാസം 27ന് പുറത്തു വരും. പത്രികാസമര്‍പ്പണത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ നാലാണ്. ഒക്ടോബര്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴാണ്. ഒക്ടോബര്‍ 21ന് ഒറ്റ ഘട്ടമായി എല്ലായിടത്തും വോട്ടെടുപ്പു നടക്കും.
ഒക്ടോബര്‍ 24നാണ് തെരഞ്ഞെടുപ്പു നടക്കുന്ന എല്ലായിടത്തെയും വോട്ടെണ്ണല്‍.
കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ കേരളം വീണ്ടും പോരാട്ടച്ചൂടിലേക്ക് നീങ്ങുകയാണ്. വിവിധ ജില്ലകളിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് കേരളത്തില്‍ വോട്ടെടുപ്പ് എന്നതിനാല്‍ ഫലത്തില്‍ സംസ്ഥാനം ഒന്നാകെ തെരഞ്ഞെടുപ്പു നടക്കുന്ന പ്രതീതിയാകും. മൂന്നു മുന്നണികളും തമ്മില്‍ തീപാറുന്ന പോരാട്ടത്തിനാകും അഞ്ചു മണ്ഡലങ്ങളും വേദിയാവുക.
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.