Mon. Dec 23rd, 2024
തിരുവനന്തപുരം:

പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ അടുത്തവർഷം മുതൽ മലയാളത്തിലും നൽകിയേക്കും. ഐക്യമലയാള പ്രസ്ഥാനം തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തിനു മുന്നിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരതേത്തുടർന്നാനായിരുന്നു പരീക്ഷകൾ മലയാളത്തിലും നൽകണമെന്ന ആശയത്തിന് ഊർജം ലഭിച്ചത്. ഈ വർഷം നവംബർ വരെയുള്ള പരീക്ഷകളുടെ തീയതി ഉൾപ്പെടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതുവർഷത്തെ പൊതുപരീക്ഷ ചോദ്യങ്ങൾ മലയാളത്തിൽകൂടി ലഭ്യമാക്കാനുള്ള ശ്രമം പി എസ് സി നടത്തിവരുന്നത്.

ചോദ്യകർത്താക്കളായ അധ്യാപകർക്ക് ഇതിനുള്ള നിർദേശം നൽകേണ്ടി വരും. എല്ലാറ്റിനും മുമ്പ് സർക്കാർ അധ്യക്ഷതയിൽ സർവകലാശാലാ വി സി മാരുടെ യോഗം വിളിക്കും. ഇതിലായിരിക്കും പി എസ് സിയുടെ പുതിയ നിർദേശങ്ങൾ ചെയർമാൻ അറിയിക്കുന്നത്. ഇംഗ്ലീഷിൽ ചോദ്യം നൽകുന്നവർതന്നെ മലയാളം തർജമയും ലഭ്യമാക്കണമെന്നാണ് പി എസ് സിയുടെ പ്രതീക്ഷ. ഇതിനായി വി സി തലത്തിൽ അധ്യാപകർക്ക് നിരവധി നിർദേശങ്ങളും മുൻകരുതലുകളും നൽകേണ്ടാതായിട്ടുണ്ട്.

ഏതൊക്കെ വിഷയങ്ങളിലാണ് മലയാളത്തിലും ചോദ്യങ്ങൾ ലഭ്യമാക്കാനാകുമെന്നും തീരുമാനിക്കണം. ഇതനുസരിച്ചായിരിക്കും പരീക്ഷകൾ നിശ്ചയിക്കുന്നത്. എൻജിനിയറിങ്, മെഡിക്കൽ, കംപ്യൂട്ടർ പോലുള്ള സാങ്കേതിക വിഷയങ്ങളിലെ പരീക്ഷകൾ നിലവിലെ രീതിയിൽത്തന്നെ തുടരുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിൽ ഹയർ സെക്കൻഡറി യോഗ്യതയുള്ള പരീക്ഷകൾ മലയാളത്തിലും നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, അത് ഈ വർഷം ഡിസംബർ മുതൽ നടപ്പാക്കുമെന്നാണ് പി എസ് സിയുടെ പ്രഖ്യാപനം. സിവിൽ പോലീസ്-എക്‌സൈസ് ഓഫീസർ, ഫയർമാൻ തുടങ്ങിയ പരീക്ഷകളായിരിക്കും ഇനി മലയാളത്തിൽ നടത്തുന്നത്. ശേഷം, കൂടുതൽ അപേക്ഷകരുള്ള പി എസ് സിയുടെ ഒട്ടുമുക്കാൽ പരീക്ഷകളും മലയാളത്തിലാകും.

തിങ്കളാഴ്ച തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തിനു മുന്നിലെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. റിലേ നിരാഹാരത്തിൽ പങ്കെടുത്തിരുന്ന അനൂപ് വളാഞ്ചേരിക്ക് അടൂർ ഗോപാലകൃഷ്ണൻ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ, മലയാളത്തിനായി മുഖ്യമന്ത്രി നിർദേശിച്ചതും നടപ്പാക്കാമെന്ന് പി എസ് സി അംഗീകരിച്ചതുമായ കാര്യങ്ങൾ പ്രവർത്തികമാകുന്നതുവരെ സമരമുന്നണി തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *