Mon. Dec 23rd, 2024

ചരിത്രപരമായി നോക്കുമ്പോൾ മാത്രമേ വസ്തുതകളുടെ യാഥാർത്ഥ്യവും സാമൂഹിക ഘടനയുടെ സ്വഭാവവും വ്യക്തമാകുകയുള്ളു. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സമൂഹത്തിൽ ഉയർന്നു വന്നിരിക്കുകയാണ്. ഫ്ലാറ്റുകൾ പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ കുടിയൊഴിപ്പിക്കലുകൾ തമ്മിലുള്ള ഒരു താരതമ്യവും അതിനായി ഭരണകൂടങ്ങൾ സ്വീകരിക്കുന്ന നയപരിപാടികളെ പരിശോധിച്ച് വിവിധ സാമൂഹിക വിഭാഗങ്ങളോട് ഭരണകൂടങ്ങൾ ഏതു തരത്തിലാണ് ഇടപെടുക എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ് ലേഖനത്തിന്റെ ഉദ്ദേശം.

ഒരുതരത്തിൽ ലേഖനത്തിലെ പ്രതിപാദ്യ വിഷയം എല്ലാവർക്കും ബോധ്യമുള്ളതാണ്. മാറി മാറി വരുന്ന സർക്കാരുകൾ സമൂഹത്തിലെ സവർണ്ണ-മധ്യവർഗ-നഗര-സാമൂഹിക വിഭാഗങ്ങളോട് പ്രതിപത്തി കാണിക്കുന്നതും ദളിതുകളും മത്സ്യത്തൊഴിലാളികളും അടക്കമുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളോട് കടുത്ത സാമൂഹിക അനീതി കാണിക്കുന്നതും എല്ലാവർക്കും ബോധ്യമുള്ളതാണ്. ഇതിനെ വസ്തുതപരമായി ചൂണ്ടിക്കാണിക്കുകയും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുവാൻ എങ്ങനെ കഴിയും എന്ന് പുനഃപരിശോധിക്കുകയും ചെയ്യുകയാണ് ഈ കുറിപ്പ്.

രണ്ടു സംഭവങ്ങൾ രണ്ടിടത്തും ജീവിക്കുന്ന ആളുകളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലുള്ള അന്തരങ്ങൾ. ഈ വിഭാഗങ്ങളുടെ സാമൂഹിക പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ ഭരണകൂടങ്ങൾ കാണിക്കുന്ന ഉത്തരവാദിത്വങ്ങൾ ഇതെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യത്തെ സാമൂഹിക വിഭാഗം വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വികസനത്തിലായി മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ട 316 കുടുംബങ്ങൾ. രണ്ടാമത്തെ വിഭാഗം മരടിലെ നീർത്തട ഫ്ലാറ്റ് സമുച്ചയത്തിലെ നാനൂറോളം ഫ്ലാറ്റ് ഉടമകൾ. സർക്കാരിന് തന്നെ നഷ്ടക്കച്ചവടമായി മാറിയ വികസന പ്രവർത്തനങ്ങൾക്കായി സാമൂഹികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഒരു തരത്തിലുമുള്ള പുനരാലോചനകളുമില്ലാതെ നിർദ്ദയമായി കുടിയിറക്കിയ ചരിത്രമാണ് മൂലമ്പിള്ളിലയിലേത്. കുടിയിറക്കപ്പെട്ട അങ്ങേയറ്റം ദരിദ്രമായ ജനവിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും പത്തുവർഷങ്ങൾക്കിപ്പുറവും മാന്യമായി വിതരണം ചെയ്യപ്പെട്ടില്ല എന്നോർക്കണം. അവരെക്കുറിച്ചുള്ള നീതിയുക്തമായ ഓർമ്മപ്പെടുത്തലുകളിലൂടെ മാത്രമെ ഈ മരട് ഫ്ലാറ്റ് കുടിയിറക്കൽ സംഭവത്തെ വീക്ഷിക്കുവാൻ കഴിയൂ. ബഹിഷ്കൃതരുടെ ചരിത്രത്തെ നീതിയുക്തമായി ഓർമ്മിപ്പിക്കുവാൻ ഈ മഹാബലിക്കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

2008 ഫെബ്രുവരി 6 ന് സർക്കാർ താഴെ തട്ടിൽ ഉള്ള ജനങ്ങളെ എങ്ങനെയാണ് കുടിയിറക്കുക എന്ന് മൂലമ്പിള്ളിയിൽ കാട്ടി തന്നിട്ടുണ്ട്. അന്ന് ജില്ലാ കളക്ടർ മുഹമ്മദ് ഹനീഷിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് ആ കുടിയൊഴിപ്പിക്കൽ നടപ്പാക്കിയത്. ആ കുടിയെഴിപ്പിക്കലിന് നേതൃത്വം നല്കിയതും ഇതേ ഇടതുപക്ഷ സർക്കാർ ആയിരുന്നു എന്നതാണ് ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതായ അതിപ്രധാന വസ്തുത. ലക്ഷക്കണക്കിന് രൂപ മുടക്കി ഈ ഫ്ലാറ്റ് സമുച്ചയം വാങ്ങാൻ ശേഷിയുള്ള ഈ സമ്പന്നമധ്യ വർഗ്ഗത്തിന് വേണ്ടി ഒഴിപ്പിക്കൽ എന്ന കർമ്മം മാറി നിന്നത് വർഷങ്ങൾ എത്രയാണെന്ന് പരിശോധിക്കുമ്പോഴേ രാത്രിക്ക് രാത്രി അടുക്കളയിലെ അത്താഴപ്പാത്രവും, ന്യൂസ് പേപ്പർ വെച്ചു പൊതിഞ്ഞ കൊച്ചു പാoപുസ്തകങ്ങളുമടക്കം എടുത്തു പുറത്തിട്ട് തട്ടിത്തകർത്തു കളഞ്ഞ കൊച്ചു വീടുകളെക്കുറിച്ചും ആ വീട്ടുടമസ്ഥർക്ക് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ചും നമുക്ക് ചിന്തിക്കാനാവൂ. അന്ന് ഇടതുപക്ഷ സർക്കാരിന്റെ ആജ്ഞയിൽ വന്നിറങ്ങിയ ബുൾഡോസറുകൾ ചവിട്ടിയരച്ച് കളഞ്ഞത് അവിടത്തെ വയോവൃദ്ധരുടെ ആയുസ്സിന്റെ മുഴുവൻ സമ്പാദ്യങ്ങളും മാത്രമായിരുന്നില്ല, മറിച്ച് അവരുടെ നിലനില്പിന്റെ അടിവേരായിരുന്നു. ഭരണകൂടത്താൽ കുടിയൊഴിപ്പിക്കപ്പെട്ട ആ കുടുംബങ്ങളിലെ 48 പേരാണ് പുനരധിവാസത്തിന് ആനുകൂല്യം ലഭിക്കാതെ മരിച്ചുപോയത്, അതിൽ രണ്ടുപേർ സമ്മർദ്ദം താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്തതാണ്.

അവർക്ക് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ വരെ പോയി നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിക്കാൻ കെൽപ്പുണ്ടായിരുന്നില്ല. ഈ ഫ്ലാറ്റുകൾക്ക് വേണ്ടി സുപ്രീം കോടതി ജസ്റ്റിസുമാരെ വരെ സ്വാധീനിക്കാൻ കഴിവുള്ള ആളുകൾ ഇടപെട്ടു എന്നത് തിരസ്കരിക്കാൻ ആവാത്ത യാഥാർത്ഥ്യമാണ്. “ഇനി ഈ ഫ്ലാറ്റുകൾക്ക് വേണ്ടി മറ്റൊരു ഹർജി സ്വീകരിക്കരുത്” എന്ന് കോപാകുലനായി ചീഫ് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കുകയുണ്ടായി എന്ന് നമ്മൾ മറക്കാൻ പാടില്ല. “കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയതെന്നും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും” ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.

മൂലമ്പിള്ളിയിൽ അന്നത്തെ ഇടിച്ചുനിരത്തലിൽ പങ്കെടുത്ത നൂറിലധികമുള്ള പോലീസുദ്യോഗസ്ഥർക്ക് സർക്കാർ ഗുഡ്‌ സർവീസ് എൻട്രിയും പ്രൊമോഷനും നൽകി ആദരിക്കുകയാണ് ചെയ്തത്. ഇടതുപക്ഷത്തിന്റെയും, വിശേഷിച്ചും മലയാളിയുടെയും നീതീബോധത്തെ ഉണർത്താൻ എന്തുകൊണ്ട് ഈ സംഭവങ്ങൾക്ക് കഴിഞ്ഞില്ല എന്ന് അടിത്തട്ടിലുള്ള മറ്റു സാമൂഹിക വിഭാഗങ്ങൾക്കെങ്കിലും ചിന്തിക്കാൻ കഴിയേണ്ടതുണ്ട്. ഇതേ ഉദ്യോഗസ്ഥർക്കെതിരെ ഇടിച്ചു നിരത്തലിൽ പങ്കെടുത്തതിന് അച്ചടക്ക നടപടി സ്വീകരിക്കണമെന്നു മനുഷ്യവകാശകമ്മീഷൻ ഉത്തരവിട്ടിരുന്നിട്ടും സർക്കാർ അതെല്ലാം കാറ്റിൽ പറത്തി അവരുടെ നീതിബോധം എന്താണെന്ന് തെളിയിച്ചു.

കുടിയിറക്കപ്പെടുന്ന കുടുംബങ്ങളിലെ ഒരാൾക്ക് വീതം ടെർമിനൽ പദ്ധതിയിൽ ജോലി നൽകും എന്നും കുടിയിറക്കുന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും, 4 മുതൽ 6 സെന്റ് വരെ ഭൂമി നൽകുമെന്നും പുനരധിവാസം നടക്കുന്നതു വരെ മാസം 5000 രൂപ വാടകയിനത്തിൽ കുടുംബങ്ങൾക്ക് നല്കപ്പെടും എന്നൊക്കെയായിരുന്നു സർക്കാർ വാഗ്ദാനം. പുനരധിവാസം നടപ്പാകുന്നതുവരെ ലഭ്യമാക്കാമെന്നു പറഞ്ഞ വാടകയിനത്തിലുള്ള 5000 രൂപ പോലും പലർക്കും ലഭിച്ചില്ല. 2013 ജനുവരി വരെയാണ് കോടതി ഉത്തരവ് പ്രകാരം ഇത് അല്പമെങ്കിലും ലഭിച്ചത്. ടെർമിനലിലെ ജോലി വാഗ്ദാനത്തിന്റെ നിലപാട് തള്ളിക്കൊണ്ട് ഒരാളെയും ജോലിക്കെടുക്കില്ലെന്നു കൊച്ചിൻ പോർട്ട് തീരുമാനം മുൻപേ അറിയിച്ചിരുന്നു. സർക്കാർ ഒരു നിലപാടും എടുത്തില്ല.

ഇനി കുടിയിറക്കപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്തതിന്റെ വിവരങ്ങൾ അന്വേഷിച്ചാൽ നീതി നിഷേധത്തിന്റെ ഈ പ്രതലം വലുതായി വരുന്നത് കാണാം. ഈ മരട് ഫ്ലാറ്റുടമകളുടെ പ്രശ്നം സർക്കാർ തന്നെ ഇടപെട്ട് തീർക്കുമെന്നും നഗരസഭയും മാധ്യമങ്ങളും മലയാളി പൊതുബോധവും ഫ്ലാറ്റുടമകൾക്കൊപ്പം നിലനില്ക്കും എന്നും നമുക്ക് ഉച്ചബോധ്യമുണ്ട്. എന്നാൽ മുലമ്പിള്ളിയിൽ കുടിയിറക്കപ്പെട്ടവർക്ക് ഭൂവിതരണത്തിൽ നേരിട്ട വഞ്ചന ഭരണകൂടത്തിന്റെ വിവേചനത്തിന്റെയും മാധ്യമങ്ങളുടെ പ്രയോറട്ടികളുടെയും മുഖ്യധാരാ മലയാളിയുടെ ജാതി വെറിയുടെയും ഫലമായിരുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല സംസ്ഥാന ഖജനാവിന് തന്നെ നഷ്ടം വരുത്തിയ വല്ലാർപാടം ടെർമിനൽ പദ്ധതിക്കായി കുടിയിറക്കപ്പെട്ടവരിൽ ഒരുഭാഗം മൺപാത്ര നിർമ്മാണ തൊഴിലാളികളും അതുപോലെ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുമുള്ള വരുമായിരുന്നു. അവർക്ക് നേരിടുന്ന നീതി നിഷേധം മലയാളി പൊതുബോധത്തിനെ തീർത്തും അലോസരപ്പെടുത്തില്ല.

ആ വഞ്ചനയുടെ കണക്ക് ഇങ്ങനെയാണ്. 25 വർഷം കൈമാറ്റം ചെയ്യാൻ കഴിയാത്ത പട്ടയമാണ് സർക്കാർ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസത്തിനായി നൽകിയത്. സ്വന്തം ഭൂമി രാജ്യത്തിന്റെ വികസന പദ്ധതികൾക്കായി വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് ലഭിക്കുന്നത് തങ്ങൾക്ക് സാമ്പത്തികാവശ്യത്തിനായി കൈമാറ്റം ചെയ്യാൻ കഴിയാത്ത ഭൂമിയാണ്. ഈ പട്ടയം രേഖയാക്കികൊണ്ട് കൊണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഒരു വായ്പയും ലഭിക്കില്ല എന്നതാണ് വസ്തുത ഭൂവിതരണത്തിലെ വഞ്ചന ഇവിടെ തുടങ്ങുന്നു.

കാക്കനാട് തുതിയൂരിൽ സെന്റ് മേരീസ് പള്ളിയുടെ അടുത്ത മുട്ടുങ്കൽ റോഡിനു സമീപത്തായി 2.41 ഏക്കർ ഭൂമിയിൽ 56 പ്ലോട്ടുകൾ അനുവദിച്ചു. ഇത് വ്യവസായ മേഖലയിലെ കെട്ടിക്കിടക്കുന്ന ചതുപ്പു സ്ഥലമായിട്ടുകൂടി രണ്ടു കുടുംബങ്ങൾ അവിടെ വീട് വച്ചുവെങ്കിലും രണ്ടും ചതുപ്പിൽ താണ നിലയിലായി. അതിലും നാല് സെന്റ് ഭൂമിയാണ് രേഖകളിൽ ഉണ്ടായിരുന്നതെങ്കിലും അളന്നു വന്നപ്പോൾ മൂന്നേമുക്കാൽ സെന്റ് സ്ഥലം മാത്രമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. ഇന്ദിര നഗർ കോളനിക്ക് സമീപം അനുവദിച്ച 102 പ്ലോട്ടുകൾ 7.57 ഏക്കർ ഭൂമി, ഇതാണെങ്കിൽ ചിത്രപ്പുഴയുടെ തീരത്തുള്ള ചതുപ്പുനിലമായിരുന്നു. കോതാട് അനുവദിച്ച 15 പ്ലോട്ടുകളിൽ ഒരേക്കർ ഭൂമി, 3 പേര് മാത്രമാണ് വീടുകൾ വച്ചിട്ടുള്ളത്. വടുതലയിൽ അനുവദിച്ച 93 പ്ലോട്ടുകൾ ആകെ മൊത്തം 4.22 ഏക്കർ സ്ഥലം. ഇവിടെയാണ് ഏറ്റവും കൂടുതൽ വീടുകൾ വച്ചിട്ടുള്ളത്, 22 എണ്ണം അതിൽ ഭൂരിഭാഗവും തകർച്ചയുടെ വക്കിലുമാണ്. എന്നാൽ അകെ കുടുംബങ്ങൾക്കായി ഡ്രൈനേജ് അപര്യാപ്തമാണ്. ഒരു പ്ലോട്ട് വെള്ളത്തിനടിയിലാണ്, കായലോരത്തെ ഭൂമിയിൽ കരിങ്കല്ലുകൊണ്ട് സംരക്ഷണ ഭിത്തി കെട്ടി കായൽവെള്ളം തടയാം എന്ന് തീരുമാനമായി, ഇതിനായി 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു അക്കാലത്ത്. മുളവുകാട് പോലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പു നിലത്തിൽ 14 കുടുംബങ്ങൾക്ക് 90 സെന്റ് ഭൂമിയാണ് നൽകിയത്. മൂലമ്പിള്ളിയിൽ കണ്ടൈനർ റോഡിനോട് ചേർന്നു നൽകപ്പെട്ട 1.2 ഏക്കർ ഭൂമിയിൽ 13 പ്ലോട്ടുകൾ നൽകി. അതിൽ 5 വീടുകളിൽ മൂന്നെണ്ണം തകരാറായി നിൽക്കുകയാണ്. ആകെ കരഭൂമി നൽകപ്പെട്ട സ്ഥലം ചേരാനെല്ലൂർ തൈക്കാവിൽ നൽകിയ 6 പ്ലോട്ടുകൾ ആയി 30 സെന്റ് ഭൂമിയാണ് ഉള്ളത്. ഇതിൽ 6 വീടുകൾ ഉണ്ട്. കടമക്കുടിയിൽ കോരാമ്പാടത്തിൽ 13 സെന്ററിൽ മൂന്നു കുടുമ്പങ്ങൾക്ക് ഭൂമി നൽകി അവിടെ 2 വീടുകളും ഒരു കുടിലുമുണ്ട്, സമീപത്തു മറ്റൊരാൾക്ക് 6 സെന്റ് നൽകിയെങ്കിലും ഭൂമി വെള്ളക്കെട്ടിലാണ്. 316 പേര് കുടിയൊഴിക്കപ്പെട്ടപ്പോൾ ഇതുവരെ താമസിക്കാനായത് 35 കുടുംബങ്ങൾക്ക് മാത്രമാണ് എന്നാണ് വിവരം.

വിതരണം ചെയ്യപ്പെട്ട ഭൂമി മിക്കവാറും ചതുപ്പുനിലങ്ങളും തണ്ണീർത്തടങ്ങളും ഏതുകാലാവസ്ഥയിലും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളുമായിരുന്നു. ഇവിടെയാണ് മരടിലെ ഫ്ലാറ്റുകൾ പണിയാൻ മാറി നിന്നു കൊടുത്ത തീരദേശപരിപാലന നിയമത്തിന്റെ പേരിൽ തടസങ്ങൾ ഉണ്ടായത്. ഏത് CPM ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ ഫ്ലാറ്റ്നിർമ്മാണലോബിക്കു വേണ്ടി ഉദ്യോഗസ്ഥർ മറച്ച് വച്ച് നിർമാണത്തിന് അനുമതി കൊടുത്ത അതേ തീരദേശപരിപാലന നിയമം. മൂലമ്പിള്ളിയിൽ കണ്ടൈനർ റോഡിനോട് ചേർന്നു നൽകപ്പെട്ട 1.2 ഏക്കർ ഭൂമിയിൽ 13 പ്ലോട്ടുകൾ നൽകി അതിൽ 5 വീടുകളിൽ മൂന്നെണ്ണം തകരാറായി നിൽക്കുകയാണ്. ഇവിടെയാണ് തീരദേശ പരിപാലന നിയമം പ്രശ്നം സൃഷ്ടിക്കുന്നത്. സൂചിപ്പിച്ചതു പോലെ ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ വീട് നിർമിക്കാനുള്ള അനുമതിയും ഉദ്യോഗസ്ഥർ നല്കുന്നില്ല. പുനരധിവാസപാക്കേജ് അനുസരിച്ചു വികസനത്തിന്റെ ഇരകളായർക്ക് നല്കുന്ന ഭൂമിയിൽ നിന്നും ഈ തീരദേശ പരിപാലന നിയമത്തിനു ഇളവുകൊടുക്കണമെന്ന സർക്കാർ നിർദേശവും പാലിക്കപ്പെട്ടില്ല. നിയമത്തിന്റെ പരിധിയിൽ നിന്നും വികസനത്തിന് ഇരകളായവരെ ഒഴിവാക്കണമെന്ന ഉത്തരവുകൾ കാണിച്ചിട്ടും ഗുണമുണ്ടായില്ല. നോക്കൂ ഭരണകൂടത്തിന്റെ വികസന നയങ്ങൾ ആരെയാണ് ബാധിക്കുന്നത്, അതിന്റെ നിയമസംഹിതകൾ എത് സാമൂഹിക വിഭാഗത്തിനു മാത്രമാണ് ബാധകമാകുന്നത്? ആരുടെ എല്ലാം മുന്നിൽ ഇതെല്ലാം മാറി നിൽക്കും?

ഇനിയാണ് ചരിത്രത്തിന്റെ നീതിനിഷേധങ്ങളുടെയും സിപിഎം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ഭാണകൂടങ്ങളുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും തന്നെ ശ്രദ്ധ ഏതൊക്കെ സാമൂഹിക വിഭാഗങ്ങൾക്ക് ലഭ്യമാകും ഏതൊക്കെ സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളെ അവ പുറന്തള്ളും എന്ന് നമുക്ക് നോക്കേണ്ടത്.

2006 ൽ മരടിലെ ഫ്ലാറ്റ് നിർമാണം തുടങ്ങിയ ഘട്ടത്തിൽ തന്നെ തന്നെ കേരളാ സ്റ്റേറ്റ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി (KCZMA) ഇത് തീരദേശ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചതും അതിന്റെ അടിസ്ഥാനത്തിൽ മരട് പഞ്ചായത്ത് ബിൽഡർമാരോട് പണി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നല്കിയതുമാണ്. CPM ന്റെ നേതൃത്വത്തില്‍ LDF മരട് പശ്ചായത്ത് ഭരിക്കുമ്പോഴാണ് ഹോളിഡേ ഹെറിറ്റേജ്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാർട്മെന്റ് തുടങ്ങിയ അഞ്ചു ഫ്‌ളാറ്റുകൾക്ക് നിർമ്മാണാനുമതി നല്കിയത്. തുടർന്ന് UDF ഭരണത്തില്‍ വന്നപ്പോള്‍ കുടിപ്പാർപ്പവകാശവും നല്കി‍. 2010 ൽ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി. ഈ നിയമപരമായ വിഷയങ്ങൾ ഫ്ലാറ്റ് വാങ്ങുന്ന സമയത്ത് ഉപഭോക്താക്കൾക്ക് അറിവുണ്ടായിരുന്നു. സത്യത്തിൽ സുപ്രീം കോടതിയെ വരെ സ്വാധീനിക്കാൻ കഴിവുള്ളവർ തങ്ങളുടെ ഇടയിലുണ്ട് എന്ന ആത്മവിശ്വാസമായിരിക്കാം അവരെക്കൊണ്ട് ഈ നിയമപരമായ നൂലാമാലകൾ ഉള്ള ഫ്ലാറ്റുകൾ വാങ്ങാൻ പ്രേരിപ്പിച്ചത്. ഇതിനെല്ലാം സ്ഥലത്തെ രാഷ്ട്രീയ കക്ഷികളുടെ ഒത്താശയുമുണ്ടായിരുന്നു എന്നത് വിസ്മരിക്കാനാവുന്നതല്ല.

ഇപ്പോഴിതാ മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ആരാണെന്നോ അവരുടെ സാഹചര്യമെന്താണെന്നോ നാളിതുവരെ അന്വേഷിക്കാതിരുന്ന സിപിഎം ഇതാ ഫ്ലാറ്റ് ഉടമകൾക്കായി ഐക്യദാർഢ്യ സമ്മേളനം നടത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടി സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെട്ട് സമ്മേളനവേദിയിൽ പ്രസംഗിക്കുന്നു. രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഓടിയെത്തുന്നു, ഫ്ലാറ്റുകൾ സന്ദർശിക്കുന്നു. മുഖ്യധാരാ പ്രിന്റ് മാധ്യമങ്ങൾ ഫ്ലാറ്റ് ഉടമകൾക്കായി നീതിലഭിക്കുവാൻ എഡിറ്റോറിയലുകൾ എഴുതുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഉടമകള്‍ നല്കിയ തിരുത്തല്‍ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ ഫ്‌ളാറ്റുടമകള്‍ ഇപ്പോൾ ഹൈക്കോടതിയെയും കൂടി സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിഷയത്തിലിടപെടാനാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ എംപിമാരും പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. എങ്ങനെയാണു ഇവരുടെ നീതിയ്ക്ക് വേണ്ടി സമൂഹത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നത്.

നമുക്ക് സംശയമേതുമില്ല ഈ ഫ്ലാറ്റുടമകൾക്ക് നീതി ലഭിക്കും. അതിനായി സർക്കാർ ശക്തിയുക്തം നീതിയുക്തമായ ഇടപെടും. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും അങ്ങനെ തന്നെ. മധ്യവർഗത്തിന്റെ നീതിബോധം ഉണരും,സവർണ മലയാളി മധ്യവർഗബോധം ബഹിഷ്കൃതരാക്കി വച്ചിരിക്കുന്ന കോളനി ജീവിതങ്ങളുടെ അല്ലെങ്കിൽ താഴെ തട്ടിലുള്ളവരുടെ നീതിയെക്കുറിച്ചല്ല ഇവിടെ ചർച്ച ചെയുന്നത്. സിനിമാക്കാരും ബിസിനസ്സുകാരും ബ്യുറോക്രാറ്റ്സും അടങ്ങുന്ന ഉപരിവർഗ്ഗത്തിന്റെ പ്രശ്നങ്ങളാണ്. സർക്കാരുകളും നിയമസംവിധാനങ്ങളും ചേർന്ന് തീരദേശ പരിപാലനനിയമത്തിന്റെ ലംഘനം നടത്തിയ നിർമാണം പൊളിക്കാതെ ഉപരിവർഗ്ഗത്തിന്റെ നീതി സംരക്ഷിച്ചുകൊടുത്ത് പതിനാലുവർഷങ്ങൾക്ക് മുകളിലാണ്. 2019 മെയ്‌മാസത്തിൽ ഈ ഫ്‌ളാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ തന്നെ നാലുമാസങ്ങൾ കഴിഞ്ഞു. മൂലമ്പിള്ളിയിൽ കുടിയൊഴിക്കപ്പെട്ടവർക്ക് ദുരിതാശ്വാസമായി നൽകിയ നാല് സെന്റ് സ്ഥലത്തു വീടുവെക്കാൻ തടസമായി നിന്ന അതേ തീരദേശ പരിപാലനനിയമവും സുപ്രീംകോടതി വിധി തന്നെയും ഉപരിവർഗങ്ങൾക്കുവേണ്ടി വേണ്ടി മാറി നിൽക്കുന്ന കാഴ്‌ചയാണ്‌ ഇത്. ഈ നീതി നിഷേധത്തെക്കുറിച്ചാണ് ദളിതർ ഇവിടെ ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്.

നഗര വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നത് ദളിത സമൂഹങ്ങൾ മാത്രമല്ല, എങ്കിൽ പോലും ദളിത് മുന്നേറ്റങ്ങളിലുള്ളവർ സാമൂഹിക നീതിയുടെ വിതരണത്തിലുള്ള ഈ അസന്തുലിതാവസ്ഥയെ ഓർമിപ്പിക്കുന്നത് അത് കേരളത്തിലെ ഭൂമിയുടെയും നീതിയുടെയും വിതരണത്തിലെ ജാതി അടിച്ചമർത്തലുകളെക്കുറിച്ചു ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ്. അത്തരം ഓർമ്മപ്പെടുത്തലുകളിൽ നിങ്ങൾക്ക് നോവുന്നുണ്ടെങ്കിൽ അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേറ്റവും ദൃശ്യതയും നിങ്ങൾക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം.

സത്യത്തിൽ ഈ ഓർമ്മപ്പെടുത്തലുകളുടെ മുന്നേറ്റങ്ങൾക്കും ഐക്യപ്പെടലുകൾക്കും മാത്രമാണ് ഇനി കേരളത്തിലെ സാമൂഹിക നീതിയുടെ ഭാവി നിർണയിക്കാൻ കഴിയുക. അടിച്ചമർത്തപ്പെട്ടവർ പങ്കുവെക്കുന്ന നീതിയെക്കുറിച്ചുള്ള ഈ പുതിയ അറിവുകൾ തന്നെയാണ് ഇനി മലയാളിയുടെ ജാതി അടിച്ചമർത്തലിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരിക.

ഈ ബോധ്യങ്ങളുടെ ഓരത്തു നിന്ന് പിന്തിരിഞ്ഞു നോക്കുമ്പോഴാണ് പല യാഥാർത്ഥ്യങ്ങളും നമുക്ക് ബോധ്യപ്പെടുക. സത്യത്തിൽ കേരളത്തിലെ സവർണ്ണരെ അസ്വസ്ഥപ്പെടുത്തും എന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ ഭരണകൂടങ്ങൾ കേരളത്തിലെ ഭൂവിതരണം വെറും ഒറ്റമുറി ഫ്ലാറ്റ് കോളനി പദ്ധതിയാക്കി മാറ്റിക്കളഞ്ഞത്. സംസ്ഥാനത്തെ ആകെ മൊത്തം ദളിതുകളിൽ 80% ജീവിക്കുന്നത് നാല് സെന്റ് കോളനികളിൽ ആണ് എന്ന് എല്ലാ രാഷ്ട്രീയ സംഘടനകൾക്കും സർക്കാർ സംവിധാനങ്ങൾക്കും അറിയാവുന്ന കാര്യമാണ്. ഭൂപരിഷ്കരണത്തിൽ അവർക്ക് നിഷേധിക്കപ്പെട്ട സാമൂഹിക നീതി തിരികെ നല്കാൻ ഭൂവിതരണം നടത്തേണ്ടതുണ്ട് എന്ന് ദളിതർ ആവശ്യപ്പെടുമ്പോൾ, സൗജന്യമായി ആയി അവർക്ക് ഭൂമി നല്കണോ എന്ന് രാഷ്ട്രീയ പാർട്ടികൾ ചോദിക്കില്ലെന്നേ ഉള്ളു. സത്യത്തിൽ ഈ ജാതി വെറിയാണ് ഇടതുപക്ഷം കൊട്ടിഗ്ഘോഷിക്കുന്ന ലൈഫ് പദ്ധതിയുടെ കൂടി ബുദ്ധികേന്ദ്രം. ഭൂമി വിതരണം ചെയ്‌താൽ ഈ ദളിതർ ആ ഭൂമി വിറ്റാലോ? അല്ലെങ്കിൽ പണയം വെച്ചാലോ എന്നീ സവർണ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ വിതരണം ചെയുന്ന ഭൂമിയിൽ പോലും ഈ സാധ്യതകൾ തടഞ്ഞുവെക്കുന്ന ക്രൂരമായ ജാതി വെറിയന്മാരാണ് ഭരണകൂടത്തിലും രാഷ്ട്രീയ അധികാരത്തിലും ഉള്ളത് എന്നാണ് മൂലമ്പള്ളിക്കാർക്ക് വിതരണം ചെയ്ത ചതുപ്പു ഭൂമി തെളിയിക്കുന്നത്. ഇതിനെ തകർത്തുകളയാൻ പതുക്കെ ആണെങ്കിൽ പോലും അടിച്ചമർത്തപ്പെട്ടവരുടേതായ ഒരു രാഷ്ട്രീയ മുന്നേറ്റം പതുക്കെ ആണെങ്കിൽ പോലും ഉയർന്നു വരേണ്ടി വരും.

അരവിന്ദ് വി.എസ്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ. സോഷ്യോളജി കഴിഞ്ഞു. ഇപ്പോൾ ദി ക്രിട്ടിക് എന്ന ഓൺലൈൻ പോർട്ടലിൽ ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *