Wed. Nov 6th, 2024
പത്തനംതിട്ട:

വൈദ്യുതി കണക്‌ഷനു പുറമേ സംസ്ഥാന വൈദ്യുതിബോർഡിൽ നിന്ന് ഇന്റർനെറ്റും നൽകുന്ന പദ്ധതി ഉടൻ നടപ്പിലാകും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കുമെന്നാണ് കെ.എസ്.ഇ.ബി. അറിയിക്കുന്നത്.

സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും സഹകരിച്ചു പ്രവർത്തികമാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) എന്നാണ് പേരിട്ടിരിക്കുന്നത്. വൈദ്യുതിബോർഡിന്റെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

കെ-ഫോൺ യാഥാർഥ്യമാകുന്നതോടുകൂടി, സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ഈ നെറ്റ്‌വർക്കിലേക്ക് മാറും. ഇതുകൂടാതെ, എല്ലാ ബി.പി.എൽ. കുടുംബങ്ങൾക്കും സൗജന്യമായി ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്‌ഷന് അപേക്ഷ നൽകുന്നവർക്ക് അതിനോടൊപ്പം ഇന്റർനെറ്റുകൂടി ലഭ്യമാക്കും.

വൈദ്യുതിബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ 220 കെ.വി.സബ്‌സ്റ്റേഷനുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്‌സ്റ്റേഷനുകൾകൂടി ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 770 സെക്‌ഷൻ ഓഫീസുകളിലും ഒ.എഫ്.സി. കണക്‌ഷനുകൾ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകൾ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകൾ എളുപ്പത്തിലെത്തിക്കാനാകും.

2016-ൽ ആരംഭിച്ച കെ-ഫോൺ പദ്ധതി സാങ്കേതികമായ ചില പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന്, വൈകിപ്പിക്കുകയായിരുന്നു.

പദ്ധതിയുടെ ഭാഗമായി, കെ.എസ്.ഇ.ബി.യുടെ ജീവനക്കാരെ ഉപയോഗപ്പെടുത്തി കെ-ഫോൺ വിതരണശൃംഖല സജ്ജമാക്കും എന്നതിനാൽ, ഇത് സാമ്പത്തികബാധ്യത കുറയ്ക്കും. സംസ്ഥാന ഐ.ടി. മിഷന്റെ കീഴിലായിരിക്കും കണക്‌ഷനുകൾ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നൽകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *