Mon. Dec 23rd, 2024
സൗദി അറേബ്യ:

സൗദിയില്‍ എല്ലാ വിസിറ്റിങ് വിസകള്‍ക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കും ബന്ധു സന്ദര്‍ശനത്തിനും ഇനി വിസാ ഫീസായി മുന്നൂറ് റിയാല്‍ മാത്രം മുടക്കിയാല്‍ മതി. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസകള്‍ക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ തന്നെ നല്‍കിയാല്‍ മതിയാകും. ഹജ്, ഉംറ വിസകള്‍, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ എന്നിവയ്‌ക്കെല്ലാം ഫീസ് 300 റിയാല്‍ തന്നെയായി ഏകീകരിച്ചിട്ടുണ്ട്.

മൂന്ന് മാസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയില്‍ എത്തുന്നവര്‍ ഒരു മാസത്തിനു ശേഷം രാജ്യത്തിന് പുറത്തേക്ക് പോയ ശേഷം മടങ്ങിവരണം. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ എത്തുന്നവര്‍ക്ക് എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്ത് പോയി വരാം. എന്നാല്‍ ചുരുങ്ങിയത് മൂന്ന് മാസത്തിന് ശേഷം ഒരു തവണയെങ്കിലും പുറത്ത് പോയി വരണം എന്ന നിബന്ധനയുണ്ട്. നേരത്തേ ആയിരം റിയാലില്‍ അധികമായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കുള്ള ചിലവ്. ഇതാണ് ഇപ്പോള്‍ മുന്നൂറ് റിയാലിലേക്ക് ചുരുങ്ങിയിരിക്കുന്നത്.

ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കുള്ള ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറായിരിക്കും. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് സൗദിയില്‍ ചെറിയ സന്ദര്‍ശനങ്ങള്‍ നടത്താനും ട്രാന്‍സിറ്റ് വിസ സഹായിക്കും. പ്രധാനമായും ടൂറിസം രംഗത്ത് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ട്രാന്‍സിറ്റ് വിസയുടെ നിരക്ക് കുറച്ചത്.

എണ്ണവിലയിലുണ്ടായ കുറവുമൂലം സാമ്പത്തിക രംഗത്തുണ്ടായ നഷ്ടം ടൂറിസത്തിലൂടെ മറികടക്കാനാണ് പുതിയ തീരുമാനം. ടൂറിസം വഴി സമ്പദ് ഘടനയില്‍ ഡിസംബറിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കാനും തീരുമാനമുണ്ട്. പ്രത്യേക ഇവന്റുകള്‍ക്കായി അനുവദിക്കുന്ന വിസകള്‍ക്കു പുറമെയാണ് ഇനി ടൂറിസം വിസകളും അനുവദിക്കുക. ആദ്യ ഘട്ടത്തില്‍ 51 രാജ്യങ്ങള്‍ക്കാണ് ടൂറിസം വിസ അനുവദിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ മാസം ആകുമ്പോഴേക്കും ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും വിസ അനുവദിക്കുമെന്നും സൗദി അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം വിസാ നടപടികളും സൗദി എളുപ്പമാക്കിയിട്ടുണ്ട്. ബന്ധുക്കളെ സന്ദര്‍ശിക്കാനായി എത്തുന്നവര്‍ക്കും ഫാമിലി വിസ ലഭിക്കാത്തവര്‍ക്കും നിരക്കു കുറച്ചു കൊണ്ടുള്ള പുതിയ തീരുമാനം നേട്ടമാകും.

ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസ് സൗദി ഭരണകൂടം ഈയിടെ ഒഴിവാക്കിയിരുന്നു.

One thought on “സൗദിയില്‍ വിസിറ്റിങ് വിസകള്‍ക്കുള്ള നിരക്ക് കുറച്ചു”

Leave a Reply

Your email address will not be published. Required fields are marked *