Wed. Nov 6th, 2024
കോഴിക്കോട്:

സംസ്ഥാനത്ത് സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി രണ്ടു തവണ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം എത്തിയിരിക്കുന്നത്.

രണ്ട് മാസം മുന്‍പ്, മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെയുള്ള പനികളില്‍ സ്ഥിരം ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്ത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞയാഴ്ച കേരള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കി.

പഴംതീനി വവ്വാലുകളിലാണ്‌ നിപ വൈറസിന്റെ സാന്നിധ്യം തുടരെത്തുടരെ കണ്ടുവന്നിരുന്നത്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമുണ്ടെന്നും കേന്ദ്രം അറിയിച്ചു. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പ്രത്യേകപഠനം നടത്തേണ്ടി വരും. ഏതൊക്കെ മേഖലകളിലാണ് വൈറസിന്റെ വ്യാപനം അധികരിച്ചു കാണപ്പെടുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇവയ്ക്ക് പുറമെ, വളര്‍ത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം ഉണ്ടാകേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

നിലവിൽ, പനി മൂലമുണ്ടാകുന്ന മരണങ്ങള്‍ പഠിക്കാന്‍ കേരളത്തില്‍ സമിതിയുണ്ട്. എന്നാല്‍, സാമ്പിള്‍ ശേഖരണം പൂര്‍ണമായും ഫലപ്രദമല്ലാത്തത് വെല്ലുവിളിയായി നിലനിൽക്കുകയാണ്. ഈ വർഷം കേരളത്തിലുണ്ടായ പനിമരണങ്ങള്‍ നാല്‍പതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *