Thu. May 9th, 2024
കൊച്ചി:

മുത്തൂറ്റ് ഫിനാന്‍സിലെ സമരം അവസാനിപ്പിക്കാന്‍ മന്ത്രി ഇടപെട്ടു നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ നാലു മണിക്കൂറോളം ചര്‍ച്ച നടന്നത്. ചില പ്രശ്‌നങ്ങളില്‍ ഇനിയും കൂടിയാലോചനകള്‍ ആവശ്യമാണെന്നും നിലവിലെ സാഹചര്യം തുടരുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ ധാരണയായിട്ടുണ്ടെന്നും ഓണം കഴിഞ്ഞും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരം തുടരും.

സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണനുമായി ചര്‍ച്ച നടത്തിയെങ്കിലും യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങി.

ബോണസും തടഞ്ഞുവെച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധികൃതര്‍ സമരസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായില്ല എന്നാണ് സമര സമിതി പറയുന്നത്. ഇതോടെ ചര്‍ച്ച അലസിപ്പിരിയുകയും സമരം തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. നേരത്തെ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാല്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. മാസങ്ങളായി മുത്തൂറ്റിലെ തൊഴിലാളികള്‍ സമരം തുടര്‍ന്നു വരികയായിരുന്നു. ഇതിനിടെയാണ് സി.ഐ.ടി.യുവിന്റെ പിന്തുണയോടെ ആഗസ്‌ററ് 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്. ഇതോടെ സമരം മുത്തൂറ്റിന്റെ സംസ്ഥാനത്തുള്ള ഭൂരിഭാഗം ഓഫീസുകളെയും നിശ്ചലമാക്കി.

തുടര്‍ന്ന് സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഓഫീസുകള്‍ പൂട്ടാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്‌മെന്റ് സര്‍ക്കുലര്‍ ഇറക്കി. ഇതോടെയാണ് സമരത്തില്‍ സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പ്രതികരിക്കാന്‍ തുടങ്ങിയത്. സമരം തുടരുന്നതിനിടെ കൊച്ചിയിലെ റീജിയണല്‍ ഓഫീസില്‍ ഉള്‍പ്പെടെ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. സമരക്കാര്‍ ഒരു വശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ ജോലിയെടുക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡിയടക്കം മറുവശത്ത് കുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *