Sat. Apr 27th, 2024
മുംബൈ:

ടൈംസ് ഗ്രൂപ്പിന്റെ ‘മിറര്‍ നൗ’ ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തു നിന്നും ഫയ ഡി’സൂസ രാജിവെച്ചു. രാജി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും ഉന്നത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

‘മിറര്‍ നൗ’വിലെ മനുഷ്യാവകാശ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദി അര്‍ബന്‍ ഡിബേറ്റ് എന്ന വാര്‍ത്താ ചര്‍ച്ചയുടെ അവതാരക എന്ന നിലയിലാണ് ഫയ ഡി’സൂസ പ്രശസ്തിയിലേക്കുയര്‍ന്നത്. രണ്ടാഴ്ച മുമ്പു തന്നെ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി ഫയ മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ ആള്‍ ഇന്ത്യ റേഡിയോയില്‍ മാധ്യമ പ്രവര്‍ത്തകയായാണ് ഫയ തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 2003ല്‍ ‘സി.എന്‍.ബി.സി.-ടി.വി.18′ ചാനലിലെത്തി. നാലു വര്‍ഷത്തോളം ‘സി.എന്‍.ബി.സി.’ യില്‍ പ്രവര്‍ത്തിച്ച ശേഷം 2008 ഒക്ടോബറില്‍ ഫയ ടൈംസ് ഗ്രൂപ്പിനൊപ്പം ചേര്‍ന്നു.

‘മിറര്‍ നൗ’ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തെത്തും മുമ്പ് ടൈംസ് ഗ്രൂപ്പിന്റെ തന്നെ ഫിനാന്‍ഷ്യല്‍ ചാനലായ ‘ഇ.ടി. നൗ’വില്‍ പേഴ്‌സണല്‍ ഫിനാന്‍സ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഫയ. ‘ഇ.ടി നൗ’ ചാനലിലെ ഇന്‍വെസ്റ്റേഴ്‌സ് ഗൈഡ്, ഓള്‍ എബൗട്ട് സ്റ്റോക്‌സ്, ദ പ്രോപ്പര്‍ട്ടി ഗൈഡ് എന്നീ പ്രോഗ്രാമുകളുടെ അവതാരകയായും പ്രവര്‍ത്തിച്ചു. ഈ പ്രോഗ്രാമുകളുടെ എഡിറ്റോറിയല്‍ ചുമതലയും ഫയ ഡിസൂസക്കായിരുന്നു.

ടൈംസ് ഗ്രൂപ്പിനു കീഴിലുണ്ടായിരുന്ന ‘മാജിക് ബ്രിക്‌സ് നൗ’ എന്ന ചാനല്‍ 2017ല്‍ ‘മിറര്‍ നൗ’ എന്ന ന്യൂസ് ചാനലാക്കി മാറ്റിയപ്പോള്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായ ഫയ ഡിസൂസക്കായി പുതിയ ന്യൂസ് ചാനലിന്റെ ചുമതല. നിലവില്‍ ‘മിറര്‍ നൗ’ ചാനലില്‍ നിന്നും പടിയിറങ്ങുന്ന ഫയയുടെ അടുത്ത താവളം ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള 2018ലെ ഐ.എ.എ അവാര്‍ഡ് റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നേടിയപ്പോള്‍ മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള ഐ.എ.എ അവാര്‍ഡ് ഫയ ഡിസൂസയ്ക്കായിരുന്നു.

മിറര്‍ നൗവില്‍ ഫയ ഡി’സൂസ വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ചുമതല ഇനി മുതല്‍ മാനേജിംഗ് എഡിറ്റര്‍ക്കായിരിക്കും. ടൈസ് ഗ്രൂപ്പിലെ കണ്‍സട്ടിങ് എഡിറ്ററായ വിനയ് തിവാരിയാകും പുതിയ മാനേജിംഗ് എഡിറ്ററായി ചുമതലയേല്‍ക്കുക എന്നാണ് സൂചന.

1993ല്‍ ദി പയനിയര്‍ ദിനപത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വിനയ് തീവാരി പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഉന്നത് സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണ്. ഒന്‍പതു വര്‍ഷത്തോളം സി.എന്‍.എന്‍-ഐ.ബി.എന്‍, ഐ.ബി.എന്‍-7 എന്നീ ചാനലുകളുടെ മാനേജിംഗ് എഡിറ്ററായിരുന്നു. തുടര്‍ന്ന 2014 മുതല്‍ 2016 വരെ ഇന്ത്യാ ടുഡേ ന്യൂസ് ചാനലിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ടൈംസ് ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററായി വിനയ് തിവാരി പ്രവര്‍ത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *