Thu. May 2nd, 2024
ബെംഗളൂരു:

ഇന്ത്യൻ ദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഓ. ചെയര്‍മാന്‍ കെ ശിവന്‍. ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ബന്ധം വേർപെട്ടില്ലായിരുന്ന ഓര്‍ബിറ്റര്‍ അതിന്റെ ചിത്രങ്ങൾ പകര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഉള്ള സ്ഥാനം കണ്ടെത്തിയതോടൊപ്പം ഓർബിറ്റർ ലാൻഡറുടെ ‘തെർമൽ ഇമേജ്’ പകർത്തിയതായും അദ്ദേഹം പറഞ്ഞു.

എങ്കിലും, ലാന്‍ഡറുമായുള്ള ആശയവിനിമയം ഇതുവരെ പുനർസ്ഥാപിക്കാനായിട്ടില്ലെന്നും ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചതായി വാർത്ത ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആർ.ഓ.യ്ക്ക് നഷ്ടമായത്. ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരെയെത്തിയപ്പോഴായിരുന്നു ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നീ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്. ഇതുവരെ ഒരു രാജ്യത്തിന്റെ പേടകവും പോയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23നാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് എന്ന വിക്ഷേപണ പേടകം ചന്ദ്രയാന്‍ രണ്ടുമായി ബഹിരാകാശത്തേക്ക് കുതിച്ചത്.

One thought on “ഇസ്രോയ്ക്ക് സന്തോഷ വാർത്ത; വിക്രം ലൻഡർ സ്ഥാനം കണ്ടെത്തി, ചിത്രങ്ങളെടുത്തു ഓർബിറ്റർ”