Sat. Jan 18th, 2025

 

കൊച്ചി:

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11.30ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഹാരാജാസ് സ്‌റേറഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി ചടങ്ങില്‍ മുഖ്യാതിഥിയാകും.

വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും.

ഇന്ന് മൂന്നു സര്‍വീസുകളാണ് മഹാരാജാസ് മുതല്‍ തൈക്കൂടം വരെ മെട്രോ നടത്തുക. ആദ്യത്തെ ട്രിപ്പില്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ യാത്ര ചെയ്യും. ഉച്ചയ്ക്കാണ് രണ്ടാമത്തെ സര്‍വീസ്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ക്കായുള്ള സൗജന്യ യാത്രയാണ് ഇതില്‍. നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായാണ് ഈ യാത്ര. ആരോഗ്യമന്ത്രിയും നഴ്‌സുമാര്‍ക്കൊപ്പം യാത്രചെയ്യും. വൃദ്ധ സദനങ്ങളിലെ അന്തേവാസികള്‍ക്കായാണ് മൂന്നാമത്തെ സര്‍വീസ്.

ബുധനാഴ്ച മുതല്‍ റെഗുലര്‍ ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് ഈ റൂട്ടില്‍ യാത്രചെയ്യാം. ഉദ്ഘാടനത്തോടനുബന്ധിച്ച് പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗത്തായി പുതിയ അഞ്ച് സ്റ്റേഷനുകള്‍ കൂടി വരുന്നതോടെ കൊച്ചി മെട്രോയില്‍ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അഞ്ചര കിലോമീറ്റര്‍ ഉള്‍പ്പെടെ ഇപ്പോള്‍ മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്റാണ്. ഇത് വരെയുള്ള നിര്‍മ്മാണ ചെലവ് 5600 കോടി രൂപയാണ്.

സ്‌റ്റേഷനുകലുമായി ബന്ധപ്പെട്ട അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ടെങ്കിലും കൊച്ചിക്കുള്ള ഓണസമ്മാനമായാണ് ഇന്നു തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുന്നത്.

2017ല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യഘട്ടമായി കൊച്ചി മെട്രോ ഓടിത്തുടങ്ങിയത്. അന്ന് ശരാശരി 25,000 യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചിരുന്നത്. അടുത്ത ഘട്ടമായി മഹാരാജാസ് കോളേജ് ജംഗ്ഷനിലേക്ക് ഓട്ടം നീണ്ടശേഷം നിലവില്‍ 45,000 യാത്രക്കാര്‍ പ്രതിദിനം മെട്രോ ഉപയോഗിക്കുന്നുണ്ട്. മൂന്നാം ഘട്ടമായി ഇന്നുമുതല്‍ തൈക്കൂടത്തേക്ക് നീട്ടുന്നതോടെ യാത്രക്കാരുടെ എണ്ണം 70,000 ആകുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയില്‍ ദിവസവും ശരാശരി എഴുപതിനായിരത്തോളം പേര്‍ കയറിയാല്‍ പ്രതിദിന വരുമാനം 23 ലക്ഷത്തിലേക്കെത്തും. 20 ലക്ഷം രൂപ പ്രതിദിന വരുമാനമുണ്ടെങ്കില്‍ മെട്രോ നഷ്ടമില്ലാത്ത അവസ്ഥയിലെത്തുമെന്നാണ് കണക്കു കൂട്ടല്‍. ടിക്കറ്റ് വരുമാനത്തോടൊപ്പം ടിക്കറ്റിതര വരുമാനം കൂടിയായാല്‍ വൈകാതെ തന്നെ മെട്രോ ലാഭത്തിലേക്ക് കടക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

നിലവിലെ കൊച്ചിയിലെ റോഡുകളുടെ അവസ്ഥയും ട്രാഫിക് ബ്ലോക്കും കണക്കിലെടുത്താല്‍ കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടാനാണ് സാധ്യത. വൈറ്റില ഹബിലെത്തുന്നവരും, വൈറ്റില കടവന്ത്ര ഭാഗങ്ങളില്‍ നിന്ന് ഇടപ്പള്ളിയിലേക്കും ആലുവയിലേക്കും പോകേണ്ടവരും ഇനി കൂടുതലായി മെട്രോ തന്നെ ഉപയോഗിക്കും. നാളെ രാവിലെ ആറു മണിമുതല്‍ തൈക്കൂടത്തു നിന്നും ആലുവയില്‍ നിന്നും മെട്രോ ഓട്ടം തുടങ്ങും. രാത്രി പത്തുമണിക്കാണ് രണ്ടു സ്റ്റേഷനുകളില്‍ നിന്നും മെട്രോയുടെ അവസാന ട്രിപ്.

Leave a Reply

Your email address will not be published. Required fields are marked *