Fri. Apr 19th, 2024
ഉത്തര്‍ പ്രദേശ്:

കുട്ടികളോടു കാണിച്ച അവഗണനയ്ക്ക് പിന്നാലെ നീതി നിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ യോഗി സര്‍ക്കാര്‍ വക കേസും. കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും ഉച്ചഭക്ഷണമായി നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട പവന്‍ ജയ്സ്വാള്‍ എന്ന മാധ്യമ പ്രവര്‍ത്തനെതിരെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ കേസെടുത്തത്.

ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലുള്ള ഷിയുര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണമായി നല്‍കിയ ചപ്പാത്തിക്കൊപ്പം കറികളൊന്നും നല്‍കാതെ ഉപ്പു മാത്രം നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പകര്‍ത്തിയാണ് ജാസന്ദേശ് ടൈംസ് ദിനപത്രത്തിലെ പ്രാദേശിക റിപ്പോര്‍ട്ടറായ പവന്‍ ജയ്സ്വാള്‍ വാര്‍ത്ത നല്‍കിയത്. പവന്‍ ജയ്‌സ്വാള്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ യുപിയിലെ വിദ്യാഭ്യാസ വകുപ്പിനും യോഗി ആദിത്യനാഥ് സര്‍ക്കാരിനുമെതിരെ പൊതു പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സ്‌കൂളിന്റെ വരാന്തയില്‍ ഇരിക്കുന്ന കുട്ടികള്‍ തങ്ങളുടെ പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നത് മിര്‍സാപുരിലെ സ്‌കൂളില്‍ നിന്നും പവന്‍ ജയ്‌സ്വാള്‍ പകര്‍ത്തിയ വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകളും ധാന്യങ്ങളും പച്ചക്കറികളും കുട്ടികള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. ഇതു കൂടാതെ പാലും പഴങ്ങളും നിശ്ചിത ദിവസങ്ങളില്‍ കുട്ടികള്‍ക്കു നല്‍കണമെന്നും ഭക്ഷണ ചാര്‍ട്ടില്‍ നിര്‍ദേശമുള്ളതാണ്. സാധാരണക്കാരായ തൊഴിലാളികളുടെ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ കറികളൊന്നുമില്ലാതെ ഉപ്പ് കൂട്ടി മാത്രമാണ് നല്‍കാറുള്ളതെന്ന് രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇതും വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു. ശക്തമായ തെളിവുകള്‍ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നത് യു.പിയിലെ വിദ്യാഭ്യാസ വകുപ്പിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.

അപൂര്‍വമായി മാത്രമാണ് പാല്‍ സ്‌കൂളില്‍ വിതരണത്തിനായി എത്താറുള്ളത്. ഇതും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കളുടെ പരാതിയും വാര്‍ത്തയിലും ദൃശ്യങ്ങളിലുമുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പെട്ട ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡും ചെയ്തു.

നാലംഗ കമ്മിറ്റിയെ അന്വേഷണത്തിനായി ജില്ലാ മജിസ്‌ട്രേറ്റ് നിയോഗിച്ചിരുന്നു. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രിയങ്ക നിരഞ്ജന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് യു.പി സിങ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സത്യപ്രകാശ് സിങ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രേംശങ്കര്‍ റാം എന്നിവരായിരുന്നു കമ്മറ്റിയിലെ അംഗങ്ങള്‍.

സംഭവം സര്‍ക്കാരിന് നാണക്കേടായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെട്ടു. ഇതിനെ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രത്യേക അന്വേഷണ കമ്മറ്റിയെ നിയോഗിച്ചത്. പ്രത്യേക ലക്ഷ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചത് എന്നായിരുന്നു സര്‍ക്കാരിന്റെ കമ്മറ്റി നടത്തിയ കണ്ടെത്തല്‍.

സംഭവത്തെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നതിങ്ങനെ- സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഗ്രാമത്തലവനും ചേര്‍ന്നാണ് ഉച്ചഭക്ഷണത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിനായി ആവശ്യത്തിന് ഫണ്ടുമുണ്ട്. ഗ്രാമത്തലവന്റെ പ്രതിനിധിയായ രാജ്കുമാര്‍ പല്‍ മാധ്യമ പ്രവര്‍ത്തകനെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി വീഡിയോ ചിത്രീകരിച്ചതാണ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാരോപിച്ച് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസറാണ് പവന്‍ ജയ്‌സ്വാളിനെതിരെ പരാതി നല്‍കിയത്. ഗ്രാമത്തലവന്റെ പ്രതിനിധിയായ രാജ്കുമാര്‍ പാലും മാധ്യമ പ്രവര്‍ത്തകനുമായ പവന്‍ ജെയ്‌സ്വാളും ഗൂഢാലോചന നടത്തി സംസ്ഥാന സര്‍ക്കാരിനെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്നാണ് വിദ്യാഭ്യാസ വകുപ്പും യോഗി സര്‍ക്കാരും ആരോപിക്കുന്നത്.

ബ്ലോക്ക് എജ്യുക്കേഷണല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പവന്‍ ജെയ്‌സ്വാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്. വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത് സര്‍ക്കാരിന് മാനക്കേടുണ്ടാക്കിയെന്നും പരാതി പ്രകാരം എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചപ്പാത്തി മാത്രമാണ് അന്നേ ദിവസം സ്‌കൂളില്‍ പാചകം ചെയ്തിട്ടുള്ളതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ഇതില്‍ നിന്നുതന്നെ വാര്‍ത്ത് സത്യമാണെന്ന് വ്യക്തമാകും. എന്നാല്‍ തങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തു കൊണ്ടുവരുന്നവര്‍ക്കെതിരെ ബിജെപിയുടെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരും നടപ്പിലാക്കുന്ന പതിവു തന്ത്രമാണ് പരാതിയും കേസെടുക്കലും.

ഗ്രാമത്തലവനായ രാജ്കുമാര്‍ പാലിനും പവന്‍ ജെയ്‌സ്വാളിനുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന(420), ക്രിമിനല്‍ ഗൂഢാലോചന(120-ബി), വ്യാജരേഖ ചമയ്ക്കല്‍(193), പൊതു സേവകന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍(186) തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ചാര്‍ജു ചെയ്തിരിക്കുന്നത്. രാജ്കുമാര്‍ പാലിനെ അറസ്റ്റു ചെയ്തതായി മിര്‍സാപൂര്‍ എസ്.പി അവദേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ നടന്നതിന് സമാനമായ സംഭവം കഴിഞ്ഞമാസം പശ്ചിമ ബംഗാളിലും നടന്നിരുന്നു. ചോറും ഉപ്പുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്. അതേസമയം സ്‌കൂളിന്റെ നോട്ടീസ് ബോര്‍ഡില്‍ ചോറും സോയാബീന്‍ കറിയും പരിപ്പുമാണ് വിതരണം ചെയ്യുന്നത് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ പറഞ്ഞ കറികളൊന്നും കുട്ടികള്‍ അന്നേ ദിവസം കണ്ടിട്ടു തന്നെയില്ലായിരുന്നു.

കുട്ടികള്‍ക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്നവര്‍ക്കെതിരെ കേസെടുത്ത് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന യോഗി ആദിത്യനാഥിന്റെ ബി.ജെ.പി. സര്‍ക്കാര്‍ കറി വെക്കാനുള്ള വിഭവങ്ങളും അതിന്റെ ഫണ്ടും എവിടെയാണ് അപ്രത്യക്ഷമായത് എന്നന്വേഷിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

രണ്ടു വര്‍ഷം മുമ്പ് അറുപതോളം കുട്ടികള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതെ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ച ചരിത്രമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനുള്ളത്. യോഗി ആദിത്യ നാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ് പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി കുട്ടികള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചു നല്‍കിയ ഡോ. കഫീല്‍ ഖാനെ ഏഴുമാസത്തോളം ജാമ്യമില്ലാതെ ജയിലില്‍ അടച്ച സര്‍ക്കാരാണ് യോഗി ആദിത്യനാഥിന്റേത്. തങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കുക എന്നതാണ് ബി.ജെ.പി. സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *