ന്യൂഡല്‍ഹി:
കള്ളപ്പണം വെളുപ്പിച്ചുവെന്നപേരിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കഴിഞ്ഞ നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിൽ ചോദ്യംചെയ്ത് വരികയായിരുന്നു. ചോദ്യംചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്ന് അധികൃതർ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
അറസ്റ്റ് തടയൽ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കേസ് റദ്ദാക്കണമെന്ന ആവശ്യവും കര്‍ണാടക ഹൈക്കോടതി നിരാകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ന്യൂഡല്‍ഹിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് വിളിച്ചു വരുത്തുകയായിരുന്നു.
ബുധനാഴ്ചയായിരിക്കും ഡി.കെ. ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത്. ആളെ കസ്റ്റഡിയില്‍ വിട്ടുനല്‍കാനായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെടുക.
കര്‍ണാടക മുന്‍ മന്ത്രിയായിരുന്ന അദ്ദേഹത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിനോടനുബന്ധിച്ചു മുൻപ്, രണ്ടു തവണ ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു.
അതേസമയം, ശിവകുമാര്‍ നിരപരാധിയാണെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹമെന്നാണ് കോണ്‍ഗ്രസ് വക്താക്കളുടെ പക്ഷം.