കേരളത്തിന്റെ പുതിയ ഗവര്‍ണർ, ആരിഫ് മുഹമ്മദ് ഖാന്‍
Reading Time: 2 minutes
ന്യൂഡല്‍ഹി:

സംസ്ഥാനങ്ങളുടെ ഭരണത്തട്ടിൽ ഗവർണ്ണർതലമാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം തന്നെ തന്റെ ഉദ്യോഗകാലാവധി പൂർത്തിയാ ക്കുന്നതിനു പിന്നാലെയാണിത്. അതേസമയം, കേരളമുൾപ്പെടെ മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പുതിയ ഗവർണ്ണർമാരെ നിയമിച്ചതായി പ്രഖ്യാപിച്ചു.
ഭഗത്‌സിങ് കോഷിയാരി മഹാരാഷ്ട്രയിലും, ബന്ദാരു ദത്താത്രേയ ഹിമാചല്‍പ്രദേശിലും, കല്‍രാജ് മിശ്ര രാജസ്ഥാനിലും, തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാനയിലും ഗവർണറാകും.

ആരിഫ് മുഹമ്മദ് ഖാന്‍ ആരാണ്..?

ഉത്തർപ്രദേശിൽ ജനിച്ചു വളർന്ന ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‍നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തികരിച്ചത്. ആരംഭത്തിൽ, കോൺഗ്രസിൽ പ്രവർത്തിച്ച്, അഭിപ്രായ വ്യത്യാസത്തെത്തുടർന്ന്, ബി.ജെ.പി.യിലേക്ക് ചേക്കേറിയയാളായിരുന്നു ആരിഫ്.

യു.പി.യിലെ ഒരു രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നും അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1977-ൽ 26-ാം വയസ്സിൽ ആരിഫ് യു.പി. നിയമസഭയിലെത്തി.

ശേഷം, 1980ല്‍ കാണ്‍പുറില്‍നിന്നും 84ല്‍ ബഹ്റൈച്ചില്‍നിന്നും ഖാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭാംഗമായി. അപ്പോഴായിരുന്നു, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായുണ്ടായ തർക്കത്തെ തുടർന്ന് 1986 ല്‍ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് പുറത്തേക്ക് കടന്നത്. മുസ്ലിം വ്യക്തി നിയമ ബില്ലുമായി ബന്ധപ്പെട്ടാണ് രാജീവ് ഗാന്ധിയുമായി ആരിഫ് ഖാന്‍ കൊമ്പു കോർത്തത്. പിന്നീട് ജനതാദളില്‍ ചേര്‍ന്നു.

ജനാതാദള്‍ പ്രതിനിധിയായി 1989 ല്‍ വീണ്ടും ലോക്സഭയിലെത്തി. ജനതാദള്‍ സര്‍ക്കാരിന്റെ കാലത്ത് വ്യോമയാന-ഊര്‍ജവകുപ്പുകള്‍ കൈകാര്യം ചെയ്തു. ജനതാദള്‍ വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് ബി.എസ്.പിയില്‍ ചേരുകയും 1998 ല്‍ ബഹ്റൈച്ചില്‍നിന്ന് വീണ്ടും ലോക്സഭയിലെത്തുകയും ചെയ്തു. 2004 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഖാന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി കൈസര്‍ഗഞ്ചില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട്, 2007 ല്‍ ബി.ജെ.പി.യേയും ഉപേക്ഷിച്ചുവെങ്കിലും മുത്തലാഖ് വിഷയത്തോടെ മോദി സര്‍ക്കാരുമായി അടുക്കുകയായിരുന്നു.

പി. സദാശിവം ആരായിരുന്നു…?

ജസ്റ്റിസ് പി. സദാശിവം
2013-14 കാലയളവിൽ ഇന്ത്യൻ പരമോന്നത കോടതിയുടെ നാൽപതാം ചീഫ് ജസ്‌റ്റിസായിരുന്നു, പി.സദാശിവം, തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ്. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പുറത്തുപോകേണ്ടിവന്ന ഷീല ദീക്ഷിത്തിനു പകരക്കാരനായാണ് സദാശിവം കേരള ഗവർണറായത്.

ഗവർണ്ണർ പദവിയിൽ സെപ്റ്റംബര്‍ നാലിനാണു സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. അധികാരകാലയളവിൽ, ജനകീയനായ ഗവര്‍ണറായായിരുന്നു പി. സദാശിവം. സര്‍ക്കാരുമായി കാര്യമായ തര്‍ക്കങ്ങളുണ്ടായില്ല. മോദി സർക്കാരാൽ നിയമിതനായെങ്കിൽ കൂടി ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് സദാശിവത്തോട് താല്‍പര്യമില്ലായിരുന്നു. ബി.ജെ.പി.യുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ, മറ്റു പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ആളായാണ് നേതൃത്വം അദ്ദേഹത്തെ കണ്ടിരുന്നത്.

സുപ്രീംകോടതിയിലെ തനിക്ക് മുമ്പേ ഉണ്ടായിരുന്ന, 40 മുൻ ചീഫ് ജസ്‌റ്റിസുമാരിൽ ഗവർണറാകുന്ന ആദ്യയാൾ സദാശിവമാണ്. കേരള ഗവർണ്ണർ പദവിയിൽ നിന്നും സെപ്റ്റംബർ നാലോടെ അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയായ ശേഷമാവും പുതിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കുക.

Advertisement

Leave a Reply

avatar
  Subscribe  
Notify of