Thu. May 9th, 2024
ദിസ്പുര്‍:

അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ കൂട്ടമര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരണമടഞ്ഞു. ദേബന്‍ ഗുപ്ത എന്ന 73- കാരനായ ഡോക്ടരാണ് കൊല്ലപ്പെട്ടത്. ഡോകടറുടെ പരിണഗണയില്ലായ്‌മയാൽ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളി മരിച്ചതിലുള്ള പ്രതിഷേധമായിരുന്നു ആക്രമത്തിലേക്ക് നയിച്ചതെന്നാണ്, പോലീസിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മരണത്തിനു കീഴടങ്ങിയത്. ഉടനെ, ഡോക്ടർ അടുത്തുണ്ടായിരുന്നെങ്കിൽ ആ തൊഴിലാളി രക്ഷപ്പെടുമായിരുന്നു എന്ന ജനരോക്ഷം പൊട്ടിമുളയ്ക്കുകയും അത് പ്രതിക്ഷേധത്തിനു ഇടയാക്കുകയുമായിരുന്നു. തിരികെ ആശുപത്രിയിലെത്തിയ ഡോക്ടറെ തൊഴിലാളി കൂട്ടം മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം പുറത്തുനിന്നെത്തിയവരും ഡോക്ടറെ മര്‍ദ്ദിച്ചകൂട്ടത്തിലുണ്ടായിരുന്നതായി അമാല്‍ഗമേറ്റഡ് പ്ലാന്‍റേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. ആക്രമണത്തെ ശമിപ്പിക്കാൻ എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. ഒടുവിൽ അവിടെയെത്തിയ പൊലീസും സി.ആര്‍.പി.എഫ്. സംഘവുമായിരുന്നു അക്രമികളെ പിന്തിരിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ജോഹര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് നേരെ കല്ലേറുമുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. അക്രമത്തിൽ പങ്കുകാരായിരുന്ന 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംഭവസ്ഥലത്തെ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ തൊഴിലാളികൾക്ക് ശമ്പളം നൽകില്ലായെന്നു എസ്റ്റേറ്റ് ഉടമകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *