#ദിനസരികള്‍ 866
സ്വന്തമായി ഭൂമിയും ആകാശവുമില്ലാത്ത പത്തൊമ്പതു ലക്ഷം ആളുകളെ ഈ രാജ്യത്തുനിന്നും പുറത്താക്കേണ്ടവരായി ഒടുവില്‍ നാം കണ്ടെത്തിയിരിക്കുന്നു. ഒഴിവാക്കപ്പെട്ടവര്‍ പരാതി പരിഹരിക്കാനുള്ള ട്രിബ്യൂണലുകളെ എത്രയും വേഗം സമീപിച്ച് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ച് പട്ടികയിലിടം നേടിയെടുക്കുക എന്നതാണ് ഈ നാട്ടില്‍ തുടരാന്‍ അവശേഷിക്കുന്ന പോംവഴി. ട്രിബ്യൂണലുകള്‍ക്ക് പൌരത്വ പട്ടികയില്‍ ഉള്‍പ്പെടാനുള്ള രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം 120 ദിവസമാണ്. ഒരു സാധാരണ പൌരന് സമീപിക്കാവുന്ന പരിധി ഇവിടെ അവസാനിക്കുന്നു. ഹൈക്കോടതിയേയും സുപ്രിംകോടതിയേയും അപ്പീലിനു വേണ്ടി സമീപിക്കാനുള്ള അവകാശമുണ്ടെങ്കിലും ഈ പത്തൊമ്പതു ലക്ഷം പേരില്‍ എത്ര പേര്‍ക്ക് അതിനു കഴിവുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
ഏകദേശം പതിനാറോളം തടവുപാളയങ്ങളാണ് ബി.ജെ.പിയുടെ സര്‍ക്കാര്‍ തയ്യാറാക്കി കാത്തിരിക്കുന്നത്. അപ്പീല്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഈ തടവുമുറികളിലേക്ക് പട്ടികയില്‍ പെടാത്തവര്‍ മാറ്റപ്പെടും. പിന്നീട് യാതൊരു വിധത്തിലുള്ള പൌരാവകാശങ്ങളുമില്ലാത്തവരായി ശിഷ്ടജീവിതം അവിടെ എരിഞ്ഞു തീരും.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരേയും അവരുടെ പിന്മുറക്കാരേയും കണ്ടെത്തി പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പൌരത്വ പട്ടിക നവീകരിച്ച് പ്രസിദ്ധീകരിച്ചത്. ഒരു സ്വതന്ത്രരാജ്യമായി ബംഗ്ലാദേശ് പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് അതായത് 1971 മാര്‍ച്ച് 24 ന് മുമ്പ്, തങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട് എന്നാണ് തെളിയിക്കപ്പെടേണ്ടത്. അതായത് ഒന്നുകില്‍ 1951 ലെ സെന്‍സസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകണം അല്ലെങ്കില്‍ ബംഗ്ലാദേശ് സ്വതന്ത്രമാകുന്നതിന് മുമ്പ് ഇന്ത്യയിലുണ്ട് എന്ന് തെളിയിക്കപ്പെടണം. കാലങ്ങളായി വിഷയം വിവാദമായി നിലനിന്നുവെന്നല്ലാതെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് 2009 ആസാം പബ്ലിക് വര്‍ക്സ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചതോടെ ഈ വിഷയത്തിന് പുതിയൊരു മാനം കൈവന്നു.
പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിന്റെ അസ്സാം സ്റ്റേറ്റ് കോഡിനേറ്റര്‍ ചുമതലപ്പെടുത്തപ്പെട്ടു. ഏകദേശം പന്ത്രണ്ടോളം രേഖകളെ അടിസ്ഥാനപ്പടുത്തി പൌരത്വ നിര്‍ണയത്തിനുള്ള ഭീമമായ പ്രയത്നം അതോടെയാണ് ആരംഭിക്കുന്നത്. പ്രതീക് ഹജേലയുടെ നേതൃത്തില്‍ നടന്ന പ്രവര്‍ത്തനത്തിനറെ ഫലമായി 2017 ലും 2018 ലും രണ്ടുതവണ കരടു പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടു. 2019 ആഗസ്റ്റ് മുപ്പത്തിയൊന്നിന് എല്ലാ വിധ പരിശോധനകളും പൂര്‍ത്തിയാക്കി അവസാന പട്ടിക പുറത്തു വന്നു. അങ്ങനെ പരിശോധിക്കപ്പെട്ട 3.11 കോടി ജനതയില്‍ നിന്നും കണ്ടെത്തിയ 19.6 ലക്ഷം ആളുകള്‍ ഈ രാജ്യവുമായി ബന്ധമില്ലാത്ത അനധികൃത കുടിയേറ്റക്കാരാണെന്ന് തീര്‍ച്ചപ്പെടുന്ന കാഴ്ച അവസാനമായി നാം കാണുന്നു.
പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഉന്നത സൈനികോദ്യോഗസ്ഥരായിരുന്നവരും മറ്റു രീതിയില്‍ രാജ്യത്തെ സേവിച്ചവരുമായ നിരവധിയാളുകള്‍ പട്ടികയില്‍ നിന്നും ബോധപൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നു മാത്രവുമല്ല, ഇനിയും പുറത്താക്കപ്പെടേണ്ട ബംഗ്ലാദേശി മുസ്ലിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെക്കൂടി പുറത്താക്കണമെന്നുമാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. മുസ്ലിംമതത്തില്‍ പെട്ടവരെ പരമാവധി ഒഴിവാക്കിയെടുക്കാനുള്ള ഒരവസരമായിട്ടാണ് അവര്‍ ഈ പട്ടികയുടെ നവീകരണത്തെ കണ്ടെതെന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള സങ്കുചിതമായ താല്പര്യങ്ങള്‍ പട്ടിക തയ്യാറാക്കിയതില്‍ എത്ര അളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വരും നാളുകളില്‍ കൂടുതല്‍ വ്യക്തമാകും. എന്നാല്‍ യോഗ്യതയുള്ളവര്‍ കൂടി പട്ടികയില്‍ പെടാതെ പോയിട്ടുണ്ടെന്നതാണ് വസ്തുത.
ആകെയുള്ള നൂറ്റിമുപ്പത്തിമൂന്നു കോടി ജനസംഖ്യയില്‍ നിന്നും ഈ പത്തൊമ്പതു ലക്ഷം ആളുകളെ പുറത്താക്കിയാല്‍ എന്താണ് ഈ രാജ്യത്തിന് ലാഭമുണ്ടാകുക എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്നു മാത്രവുമല്ല ആ ചോദ്യം ഏറ്റവും മനുഷ്യത്വപരമായ ഒന്നുകൂടിയാകുന്നു.
നിര്‍മ്മിക്കപ്പെട്ട തടവറകളില്‍ വീര്‍പ്പുമുട്ടി പത്തൊമ്പതു ലക്ഷം ആളുകള്‍ നമുക്കിടയില്‍ ജീവിച്ചു മരിക്കുക എന്നൊരു സാഹചര്യമാണ് സംജാതമാകുന്നത്. കാലത്ത് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലാതെ നാടു വിട്ടോടി വന്നവര്‍. എത്രയോ കാലം കഴിഞ്ഞിരിക്കുന്നു. അന്ന് അതിര്‍ത്തികളുടെ കാഠിന്യമില്ലാത്ത ഒരു കാലത്തെ കടന്നു വന്നവരെ ഇന്ന് നാം അതിര്‍ത്തി വെച്ച് അളന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അവര്‍ ഏതു നാട്ടുകാരാണെന്ന് തെളിയിക്കുക?
എങ്ങനെയാണ് നാം ഈ പ്രതിസന്ധിയെ നേരിടേണ്ടത്? തീര്‍ച്ചയായും അവരെ പുറത്താക്കിക്കൊണ്ടല്ല, മറിച്ച് നിയമപരമായ രേഖകള്‍ അനുവദിച്ചുകൊണ്ട് ഈ പട്ടിക പ്രസിദ്ധീകരിച്ച തീയതി വരെയുള്ളവരെ ഈ നാട്ടിലെ പൌരന്മാരായി കണക്കാക്കുകയാണ് വേണ്ടത്. ആഗസ്ത് മുപ്പത്തിയൊന്നിനു ശേഷം കടന്നെത്തുന്നവരെ നമുക്ക് ജയിലലടക്കുകയോ നിയമപരമായ നടപടികള്‍ക്ക് വിധേയമാക്കുകയോ ചെയ്യാം. എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്തായവരോട് ഒരു വട്ടമെങ്കിലും നാം കരുണ കാണിക്കേണ്ടിയിരിക്കുന്നു. ആ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറുമാണ്. അവര്‍ എത്രമാത്രം മനുഷ്യത്വപരമായി അവര്‍ ചിന്തിക്കുന്നുവെന്നതിനെയാണ് ലോകം ഉറ്റു നോക്കുന്നത്. എന്നാല്‍ നിലവില്‍ ബി.ജെ.പി. സ്വീകരിച്ചിരിക്കുന്ന നിലപാടുകളുടെ വെളിച്ചത്തില്‍ മനുഷ്യരെപ്പോലെ അവര്‍ ചിന്തിക്കും എന്ന പ്രതീക്ഷ അസ്ഥാനത്താണ്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.