Reading Time: 2 minutes
#ദിനസരികള്‍ 867

തിങ്കളാഴ്ചകളെ
ചൊവ്വാഴ്ചകളോട് തുന്നിച്ചേര്‍ത്തിരിക്കുന്നു.
ആഴ്ചകളെ വര്‍ഷത്തോടും
നിങ്ങളുടെ തളര്‍ന്ന കത്രികകക്ക്
കാലത്തെ വെട്ടിമുറിക്കാനാവില്ല – സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത് ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച നെരൂദയുടെ കവിതകള്‍ എന്റെ കൈയ്യിലെത്തുന്നത് ഹൈസ്കൂള്‍ കാലങ്ങള്‍ക്കും മുമ്പേയാണ്. നെരൂദ തുറന്നിട്ടത് ഒരു പുതിയ ഭംഗിയുടെ ലോകമായിരുന്നു. അതുവരെ വായിച്ചും കേട്ടും പോന്ന കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അതെല്ലാം തന്നെ.

ഉടുമ്പുകളുടെ സായന്തമായിരുന്നു അത്
മഴവില്‍ക്കമാനം വെച്ച മണ്‍ചിറയ്ക്കകത്തു നിന്ന്
അവന്റെ നാവ് ഒരു ശരംപോലെ
പച്ചിലകളിലേക്ക് തുളഞ്ഞു കയറി
ഇലകള്‍ക്കിടയില്‍ പര്‍ണ്ണാശ്രമത്തില്‍
എറുമ്പിന്‍ പറ്റം സ്ത്രോത്രമുരുവിട്ടു
പെരുക്കുകയായിരുന്നു.
മേഘഭൂമികളിലെ പ്രാണവായുവിനെപ്പോലെ
നേര്‍ത്ത കാട്ടുലാമ
സുവര്‍ണപാദുകങ്ങളണിഞ്ഞ്
കടന്നുപോയി – എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുക എന്ന അത്ഭുതം എന്നെ വിടാതെ കൂടി. നെരൂദയെ അനുകരിക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തെത്തുടര്‍ന്ന് ഞാനും ചിലതെല്ലാം കടലാസിലേക്ക് എഴുതി വെച്ചു.

നിത്യവും രാവിലെ
ഉടുപ്പുകളേ
നിങ്ങളൊരു കേസരമേല്‍
എന്നേയും കാത്തിരിക്കുന്നു.
എന്റെ സ്നേഹം
എന്റെ അഹന്ത
എന്റെ അഭിലാഷം
എന്റെ ദേഹം
നിങ്ങളുടെ ഉള്ളില്‍ കയറി നിറയുവാന്‍ -എന്ന വരികള്‍ക്ക് ഞാനെന്റേതായ പാരഡികളെഴുതി. എനിക്കു തന്നെ ഒരു കാലത്തും തൃപ്തി തരാത്ത അവയെല്ലാം ഉപേക്ഷിക്കപ്പെട്ട് ഇന്നും തട്ടിന്‍ പുറത്തെവിടെയൊക്കെയോ മയങ്ങിക്കിടന്നു. ഈയിടെ പഴയ വീടിന്റെ ഇരുണ്ട സ്ഥലികളില്‍ അടിഞ്ഞു കൂടിക്കിടന്ന ഓര്‍മകളെയൊക്കെ ചൂലുകൊണ്ടടിച്ച് വൃത്തിയാക്കിയപ്പോള്‍ ആ നോട്ടുപുസ്തകങ്ങള്‍ പലതും മഞ്ഞച്ച നിറത്തില്‍ പാറ്റയും പഴുതാരയുമരിച്ച് ക്ഷീണിതരായി മയങ്ങിക്കിടന്നത് ഞാന്‍ കണ്ടു. അവയുടെ താളുകളെ എന്റെ കൈയ്യിലിരുന്ന നീണ്ട കമ്പുകൊണ്ട് അടര്‍ത്തി മാറ്റിയപ്പോള്‍ നെരൂദയുടെ അസമര്‍ത്ഥമായ അനുകരണങ്ങള്‍ പേടിച്ചു കണ്ണുതുറന്നു. ആ കണ്ണുകളില്‍ നിന്നും ഞങ്ങള്‍ വെളിച്ചത്തെ പേടിക്കുന്നുവെന്നും എന്നന്നേക്കുമായി ഞങ്ങള്‍ക്ക് ഇരുളില്‍ അഭയം തരിക എന്നുമുള്ള അര്‍ത്ഥനയെ വായിച്ചെടുത്തു. അതുകൊണ്ട് അവയെ എന്നന്നേക്കുമായി ഞാന്‍ ആ തണുപ്പില്‍ തനിയെ വിട്ട് വിടപറഞ്ഞു പോന്നു, എന്നന്നേക്കുമായി വേര്‍പിരിഞ്ഞു പോകുന്ന പ്രിയപ്പെട്ടവയുടെ കൂട്ടത്തിലേക്ക്.

കവിത സ്വന്തം നട്ടെല്ലില്‍ നിന്നും കുത്തിയെടുക്കുന്ന രസത്തുള്ളിപോലെയാണെന്ന് എന്നാണെനിക്ക് മനസ്സിലായത്? നെരൂദയെഴുതിയത് അയാളുടെ കവിതയാണെന്നും എനിക്കു എഴുതേണ്ടത് എന്റെ കവിതയാണെന്നും ഞാന്‍ എന്നോ മനസ്സിലാക്കിയിട്ടുണ്ടാവണം. അതോടുകൂടി അസമര്‍ത്ഥമായി നെരൂദയെ അനുകരിക്കുന്നത് അവസാനിപ്പിച്ചു. പക്ഷേ ഒരു ലോകകവിയെന്ന നിലയില്‍ ചൊടിപ്പിക്കാനും ജ്വലിപ്പിക്കാനും അദ്ദേഹത്തിന് കഴിയുന്നതില്‍ ഇന്നും ഞാന്‍ സന്തോഷിക്കുന്നു. “നാം ജനല്‍ തുറന്നിടണം. പോരാ ജനലിലൂടെ പുറത്തു ചാടി നദികളുടേയും ജന്തുക്കളുടേയും വന്യമൃഗങ്ങളുടേയും കൂടെ ജീവിക്കണം. എന്റെ നാട്ടിലേയും ലാറ്റിനമേരിക്കയിലേയും യുവകവികളോട് ഞാനിതാണ് പറയുക.വസ്തുക്കളെ കണ്ടു പിടിക്കുക. കടലിലും കരയിലുമായിരിക്കുക. ജീവനുള്ള എല്ലാറ്റിനേയും സമീപിക്കുക.” അസാമാന്യമായ പുതിയ മേഖലകളെ കണ്ടെത്തുവാന്‍ ഓരോ കവികളേയും പ്രാപ്തരാക്കുക എന്ന ഉദ്ദേശം നെരൂദയുടെ ഈ ഉപദേശത്തിനുണ്ട്.

ഇത്രയും കാലമായിട്ടും ഒരു കവിതയും എന്നെ വിളിച്ചുണര്‍ത്തി “ഇതാ ഞാന്‍ നിന്റെ കവിത” എന്നു പറഞ്ഞിട്ടില്ല. എന്നാലും തിളച്ചു നില്ക്കുന്ന നഗരപാതയുടെ ഒരറ്റയ്ക്ക് ഒരുച്ചയ്ക്ക് ഒരു പിടി തണലിന്റെപോലും മറയില്ലാതെ എന്റെ കവിത ഒരിക്കല്‍ പ്രത്യക്ഷപ്പെടുമെന്നും അത് തിളച്ചു മറിയുന്ന ഈ ലോകത്തെ കൂടുതല്‍ ഭംഗിയായി തിളപ്പിച്ച് തണുപ്പിക്കുമെന്നും എനിക്ക് പ്രതീക്ഷയുണ്ട്. അത് എന്റെ മാത്രം കവിതയായിരിക്കുമെന്നുമെനിക്കുറപ്പുണ്ട്. അതുവരെ എഴുതപ്പെടാത്ത എന്റെ കവിതകളേയും താലോലിച്ച് ഞാനിവിടെയിരിക്കട്ടെ!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement

Leave a Reply

avatar
  Subscribe  
Notify of