Tue. Nov 5th, 2024
മുംബൈ:

രാജ്യത്തൊന്നാകെ നോട്ട് അസാധുവാക്കിയതിന് പിന്നാലെയും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവ്‌ വന്നിട്ടില്ലെന്ന് റിസർവ് ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ ബാങ്കിന്റെ വാർഷികറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷ കൂടുതലുള്ള നോട്ടുകളെന്നവകാശപ്പെട്ടു കേന്ദ്ര സർക്കാരിന്റെ 2016ലെ നോട്ട് അസാധുവാക്കലിനുശേഷം, ആർ.ബി.ഐ. പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകൾക്കാണ് ഇപ്പോൾ, വളരെയധികം വ്യാജന്മാരുള്ളതായി വാർഷിക റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഇതിൽ, 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ മാത്രം മുൻവർഷത്തേക്കാൾ, 121 ശതമാനമാനം വർധനയുണ്ട്. രണ്ടായിരം രൂപ നോട്ടുകളുടെ എണ്ണത്തിൽ 21.9 ശതമാനം വർദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 വ്യാജനോട്ടുകളാണ് ഈ സാമ്പത്തികവർഷം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷമിത് 79 എണ്ണം മാത്രമായിരുന്നതും ഓർക്കേണ്ടതാണ്. 500 രൂപയുടെ പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളാണ് ഇത്തവണ പിടിച്ചെടുത്തിട്ടുള്ളത്. രണ്ടായിരം രൂപയുടേതാവട്ടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്താനായിരിക്കുന്നത്. മുൻവർഷമിത് 17,929 എണ്ണമായിരുന്നു.

2016-17-ൽ അസാധുവാക്കിയ 500 രൂപയുടെ 3,17,567 വ്യാജനോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം തന്നെ 1,27,918 ആയി ഇത് കുറഞ്ഞു. നോട്ട് അസാധുവാക്കിയ സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത്. അതേസമയം, പുതിയ നോട്ടുകൾക്കും പിന്നീട് വ്യാജൻമാർ ഉണ്ടാവുകയായിരുന്നു.

ഇതേ കാലയളവിൽ, പത്തുരൂപയുടെ കള്ളനോട്ടുകളിൽ 20.2 ശതമാനവും 20 രൂപയുടേതിൽ 87.2 ശതമാനവും 50 രൂപയുടേതിൽ 57.3 ശതമാനവും ഉയർച്ചയുണ്ടായി. എങ്കിലും, 100 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ 7.5 ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്, പിടിച്ചെടുക്കുന്നവയിലൊക്കെ തന്നെ പഴയ 100 രൂപ ഡിസൈനിലുള്ള വ്യാജന്മാരെയാണ് കൂടുതലും കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *