Sat. Nov 23rd, 2024
കൊച്ചി:

ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കാറുള്ള ചിത്രപ്രദര്‍ശനങ്ങളും ഫോട്ടോ പ്രദര്‍ശനവുമൊക്കെ കൊച്ചിയിലെ നഗരവാസികള്‍ക്ക് ഒരു പതിവു കാഴ്ചയാണ്. എന്നാല്‍ വെള്ളിയാഴ്ച ഇവിടെയാരംഭിച്ച ‘പുഴ’ ഫോട്ടോ പ്രദര്‍ശനം കലാ സ്‌നേഹികളുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റി. ഫോട്ടോകളുടെ വൈവിധ്യം കൊണ്ടു മാത്രമല്ല ഇത്. ഏഴു വയസുകാരിയായ ആന്‍ലിന അജു തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് ഈ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത്.

പുഴയെ സ്‌നേഹിക്കുന്ന കുഞ്ഞ് ആന്‍ലിന തന്റെ ക്യാമറ കണ്ണുകള്‍ തിരിച്ചു വെച്ചത് പുഴയുടെ മനോഹാരിതയിലേക്കു മാത്രമായിരുന്നില്ല. വര്‍ഷകാലത്ത് നിറഞ്ഞൊഴുകുന്ന പുഴയും, പുഴയെ നശിപ്പിക്കുന്ന മാലിന്യങ്ങളും പുഴയുടെ വശങ്ങള്‍ കരയായി മാറുന്നതുമൊക്കെ ആന്‍ലിയയുടെ ക്യാമറ ഒപ്പിയെടുത്തു. പുഴയരികിലെ പാതയിലൂടെ പലപ്പോഴായി നടത്തിയ യാത്രയില്‍ കണ്ണില്‍ പതിഞ്ഞ കാഴ്ചകളാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളായി മാറിയത്. പുഴയിലെ രാത്രി കാഴ്ചകളും മഴയും രക്ഷാപ്രവര്‍ത്തനവും പുഴ കര കവിഞ്ഞൊഴുകിയതുമെല്ലാം ചിത്രങ്ങളായി പുനര്‍ജനിച്ചു.

നേവിയില്‍ ഓഫീസറായ അജുപോളിന്റെയും അധ്യാപികയായ ആന്‍ മേരിയുടെയും മകളായ ആന്‍ലിന കൊച്ചി നേവല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈ കൊച്ചു മിടുക്കിയുടെ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെല്ലാം അത്ഭുതമാണ്.

അതേസമയം ജെയിംസേട്ടന്റെ കൊച്ചുമകളല്ലേ അങ്ങിനെയേ വരൂ എന്നാണ് ആന്‍ലിയയുടെ മുത്തച്ഛനെ അറിയുന്നവര്‍ പറയുന്നത്. മലയാള മനോരമയില്‍ നിന്നും ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ച ജെയിംസ് ആര്‍പ്പൂക്കരയുടെ മകളുടെ മകളാണ് ആന്‍ലിയ. ഫോട്ടോ ഗ്രാഫിയിലുള്ള കൊച്ചുമകളുടെ മികവിനെയും പരിശ്രമത്തെയും കുറിച്ചു പറയാന്‍ അദ്ദേഹത്തിനും ഏറെ സന്തോഷം.

https://www.facebook.com/wokemalayalam/videos/2347362588860039/

സാധാരണയായി കൊച്ചു കുട്ടികളെല്ലാം മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ ഏതെങ്കിലും ഗെയിം കളിക്കുന്നതാണ് പതിവ്. എന്നാല്‍ ആന്‍ലിയ തന്റെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ കിട്ടിയപ്പോള്‍ അതിലെ ക്യാമറ കൊണ്ട് ചിത്രങ്ങളെടുക്കാനാണ് ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ കുട്ടിയുടെ ഫോട്ടോഗ്രാഫിയിലുള്ള താല്പര്യം ജെയിംസ് ആര്‍പ്പൂക്കര തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം തന്നെയാണ് ഒരു വിദേശയാത്ര കഴിഞ്ഞു വന്നപ്പോള്‍ കൊച്ചു മകള്‍ക്ക് ഒരു നല്ല ക്യാമറ സമ്മാനിച്ചത്.

ഈ കാമറയിലൂടെ നിരവധി ചിത്രങ്ങള്‍ ആന്‍ലിയ പകര്‍ത്തി. ഇതില്‍ പലതും മികച്ച ചിത്രങ്ങളാണെന്നു കണ്ടെത്തിയതോടെ തന്റെ കയ്യിലുണ്ടായിരുന്ന വിലകൂടിയ നിക്കോണ്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും ജെയിംസ് കൊച്ചുമകളെ പഠിപ്പിച്ചു. പതിയെ രണ്ടു ക്യാമറകള്‍ കൊണ്ടും ചിത്രങ്ങളെടുക്കാന്‍ ഈ കൊച്ചുമിടുക്കി പരിശീലനം നേടി. ഒന്നര വര്‍ഷം കൊണ്ട് ചെറുതും വലുതുമായ ക്യാമറകളെല്ലാം ഉപയോഗിക്കുന്നതില്‍ ആന്‍ലിയ വൈദഗ്ധ്യം നേടിക്കഴിഞ്ഞു.

 

ഫോട്ടോ എടുക്കാനായി പോകുന്നതിനിടയില്‍ കളിക്കാനും വിശ്രമിക്കാനും ആന്‍ലിന സമയം കണ്ടെത്തും. പുഴയുടെ തീരത്ത് കളിച്ചു നടക്കുമ്പോഴാകും ഒരു നല്ല ഫ്രെയിം കണ്ണില്‍ പതിയുക. പിന്നെ ക്യാമറയുമായി അതു പകര്‍ത്താനുള്ള ഒരുക്കമായി. മടുത്താല്‍ അന്നത്തെ ചിത്രീകരണം നിര്‍ത്തിയശേഷം വേറൊരു ദിവസം വീണ്ടുമെത്തും. അങ്ങനെ നല്ല ചിത്രങ്ങള്‍ കിട്ടിയ അവസരങ്ങളെക്കുറിച്ചും ജെയിംസ് ആര്‍പ്പൂക്കര പങ്കുവെച്ചു. ഒഴുക്കുള്ള സമയം ഫോട്ടോ എടുക്കാന്‍ കൊച്ചുമകളെയും കൊണ്ടു പോയപ്പോള്‍ നാട്ടുകാര്‍ വഴക്കു പറഞ്ഞ കാര്യവും അദ്ദേഹം ഓര്‍മിച്ചു. കൊച്ചുമകള്‍ക്ക് ആഗ്രഹമുള്ളിടത്തോളം ആവശ്യമായ പിന്തുണയുമായി ഒപ്പം നില്‍ക്കുമെന്നും ജെയിംസ് പറഞ്ഞു.

മൊബൈല്‍ ഫോണില്‍ നല്ല ഫോട്ടോകള്‍ എടുക്കുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഫോട്ടോ ഗ്രാഫിയില്‍ മകളുടെ താല്പര്യം തിരിച്ചറിഞ്ഞത്. അങ്ങനെ ഒരു പരീക്ഷണമെന്ന നിലയിലാണ് ക്യാമറ കൈയില്‍ കൊടുക്കാന്‍ തുടങ്ങിയതെന്ന് ആന്‍ലിയയുടെ മാതാപിതാക്കളായ അജുപോളും ആന്‍മേരിയും പറഞ്ഞു.

 

പുഴയെ ആസ്പദമാക്കി ആന്‍ലിയ പകര്‍ത്തിയ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന ആഗ്രഹം കുടുംബത്തിനുണ്ടായിരുന്നു. എന്നാല്‍ ഇത്ര വേഗം ഇങ്ങനെയൊരു പ്രദര്‍ശനം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജെയിംസ് ആര്‍പ്പൂക്കര പറഞ്ഞു. ഇതിനായി ലളിതലാ അക്കാദമിയുമായി ബന്ധപ്പെട്ടിരുന്നു. കുറേ നാളത്തേക്ക് ആര്‍ട് ഗാലറിയില്‍ ഒഴിവില്ലായിരുന്നുവെങ്കിലും ഈ കൊച്ചുമിടുക്കിയുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട അധികൃതര്‍ വളരെ വേഗം തന്നെ മൂന്നുദിവസം പ്രദര്‍ശനത്തിനായി ക്രമീകരിച്ചു നല്‍കുകയായിരുന്നു. മലയാള മനോരമയിലെ തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ വര്‍ഗീസ് ചക്കുങ്കലും കുടുംബവുമാണ് വളരെ വേഗം തന്നെ എക്‌സിബിഷനു വേണ്ട കാര്യങ്ങള്‍ ക്രമീകരിക്കാനും ഫോട്ടോകള്‍ പ്രദര്‍ശനത്തിനായി തയ്യാറാക്കാനും വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും ജെയിംസ് പറഞ്ഞു.

കൊതുകുകടിയും മഴയും കൊണ്ട് ഫോട്ടോയെടുക്കാന്‍ നടന്ന് പനി പിടിച്ചതിന് ആന്‍ലിയയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്‌നേഹപൂര്‍വം മുത്തച്ഛനെയും പേരക്കുട്ടിയെയും ശാസിക്കുകയും ചെയ്തിരുന്നു.

താന്‍ എടുത്ത ചിത്രങ്ങളുടെ ഗൗരവവും പ്രാധാന്യവും കുഞ്ഞ് ആന്‍ലിയക്കറിയില്ല. ഫോട്ടോ പ്രദര്‍ശനം നടക്കുന്ന ആര്‍ട് ഗാലറിയില്‍ എല്ലാവരുടെയും ഓമനയായി ഓടിക്കളിച്ചു നടക്കുകയാണ് ഈ മിടുക്കി. ഭാവിയില്‍ ഡ്രോയിംഗ് അധ്യാപിക ആവണമെന്നാണ് ആന്‍ലിയയുടെ ആഗ്രഹം.

ആഗസ്റ്റ് 30 വെള്ളിയാഴ്ചയാണ് ആന്‍ലിയയുടെ പുഴ ഫോട്ടോ പ്രദര്‍ശനം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, ചലചിത്ര സംവിധായിക വിധു വിന്‍സെന്റ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. പുഴ പ്രദര്‍ശനം ഞായറാഴ്ചയും ആര്‍ട്ട് ഗ്യാലറിയില്‍ തുടരും. പ്രദര്‍ശനത്തില്‍ വെച്ചിട്ടുള്ള ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുക വെള്ളപ്പൊക്കത്തില്‍ വീടു തകര്‍ന്നവരെ സഹായിക്കാനായി നല്‍കാനാണ് ആന്‍ലിയയുടെയും കുടുംബത്തിന്റെയും തീരുമാനം. ഒരു സൈക്കിള്‍ വാങ്ങാനായി ആന്‍ഡ്രിയ കുടുക്കയിലിട്ട് സൂക്ഷിച്ചിരുന്ന പണവും ഇതിനോടൊപ്പം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നല്‍കും.

നാല്‍പത്തി മൂന്നു വര്‍ഷത്തോളം മലയാള മനോരമയില്‍ സീനിയര്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ജെയിംസ് ആര്‍പ്പൂക്കര റിട്ടയര്‍മെന്റിന് ശേഷവും എന്നും തിരക്കില്‍ തന്നെയാണ്. ഒരു വര്‍ഷത്തോളം വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി സമയം കണ്ടെത്തി. അടുത്തയിടെ ന്യൂസിലന്‍ഡ് സന്ദര്‍ശിച്ച അദ്ദേഹം തന്റെ ന്യൂസിലന്‍ഡ് യാത്രയില്‍ എടുത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജെയിംസ് ആര്‍പ്പൂക്കര എഴുതിയ പത്തോളം ചെറുകഥകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു പുസ്തകവും പ്രസിദ്ധീകരണത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *