Wed. Nov 6th, 2024
തിരുവനന്തപുരം :

സംസ്ഥാനത്ത് കെ.എസ്‌.ഇ.ബി.യുടെ അഞ്ച് ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സ് ജിയോക്ക് അനുവദിക്കാനുള്ള ആലോചന വിവാദമാകുന്നു. പ്രശ്നത്തിൽ, ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരുടേതായിരിക്കുമെന്ന് കെ.എസ്‌.ഇ.ബി. അറിയിച്ചു.

റിലയന്‍സ് ജിയോ പുതുതായി തുടങ്ങാനിരിക്കുന്ന ഫൈബര്‍ ടു ഹോം പദ്ധതിക്ക് 5 ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്‌.ഇ.ബി.ക്ക് മൂന്ന് മാസം മുമ്പാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാൽ, ഇക്കാര്യമറിഞ്ഞ തൊഴിലാളി സംഘടനകൾ, ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റെ‍‌ര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിനുള്ള സർക്കാരുടെ കെഫോണ്‍ പദ്ധതിക്ക് ഇത് തിരിച്ചടിയാകുമെന്നു വിമർശിച്ചു. വൈദ്യുതി വിതരണ ശൃംഖല അടിയറ വക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.

നിലവിൽ, സര്‍ക്കാരിന്‍റെ അനുമതിക്കായി കെ.എസ്‌.ഇ.ബി. കത്ത് കൈമാറിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ സാധ്യതാ പഠനം നടത്താന്‍ കെ.എസ്‌.ഇ.ബി.യുടെ എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

ഒരു പോസ്റ്റിന് നാനൂറ് രൂപയോളം പ്രതിവര്‍ഷം വാടക കിട്ടുമെന്നതാണ് വിഷയത്തിൽ കെ.എസ്‌.ഇ.ബി. പറയുന്ന ന്യായികരണം. കെഫോണ്‍ പദ്ധതി നടപ്പിലാക്കുന്ന സമയത്ത് ഈ കരാര്‍ അവസാനിപ്പിക്കാമെന്നും അവർ വിശദീകരിക്കുന്നു.
എങ്കിലും, പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ അടുത്ത ബോര്‍ഡ് യോഗം ഇക്കാര്യം വ്യക്തമായി ചര്‍ച്ച ചെയ്യും, അന്തിമ തീരുമാനം സര്‍ക്കാരുടേതുമായിരിക്കും കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *