മുംബൈ:
ലിയോ ടോള്‍സ്‌റ്റോയിയുടെ War & Peace (യുദ്ധവും സമാധാനവും) എന്ന പുസ്തകം വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യമുന്നയിച്ചത് ബോംബെ ഹൈക്കോടതിയായിരുന്നു. ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോടായിരുന്നു ചോദ്യം. രാജ്യത്തിനെതിരായ പ്രകോപനപരമായ ഇത്തരം പുസ്തകങ്ങളും സിഡികളും വീട്ടില്‍ സൂക്ഷിക്കുന്നത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും ഗോണ്‍സാല്‍വസിനോട് ഹൈക്കോടതി ജഡ്ജി സാരംഗ് കോട്വാള്‍ ആവശ്യപ്പെട്ടു. ഗോണ്‍സാല്‍വസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ബുധനാഴ്ച കോടതി വിശദീകരണമാവശ്യപ്പെട്ടത്. ജസ്റ്റിസ് കോട്വാളിന്റെ സിംഗിള്‍ ബെഞ്ചാണ് ഗോണ്‍സാല്‍വസിന്റെ ഹര്‍ജി പരിഗണിച്ചത്.
യുദ്ധവും സമാധാനവും, അണ്ടര്‍സ്റ്റാന്‍ഡിങ് മാവോയിസ്റ്റ്സ്, ആര്‍.സി.പി റിവ്യൂ എന്നീ പുസ്തകങ്ങള്‍ക്കൊപ്പം രാജ്യ ദമന്‍ വിരോധി, മാര്‍ക്സിസ്റ്റ് ആര്‍ക്കൈവ്സ്, ജയ് ഭീമാ കോമ്രേഡ് തുടങ്ങിയ സീഡികളും ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്നും കണ്ടെടുത്തു എന്നാണ് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് പോലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത ഇത്തരം ‘പ്രകോപനപരമായ പുസ്തകങ്ങളുടെയും സിഡികളുടെയും പേരുകള്‍ പൂനെ പോലീസ് പട്ടികയായി കോടതിക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജഡ്ജിയുടെ പ്രതികരണം.
രാജ്യ ദമന്‍ വിരോധി എന്ന സീഡിയുടെ ഹിന്ദിയിലുള്ള പേരു തന്നെ അത് രാജ്യത്തിനെതിരാണെന്ന് വ്യക്തമാക്കുന്നുണ്ട് എന്നായിരുന്നു ഇതിനോടുള്ള ജഡ്ജിയുടെ പ്രതികരണം. വാര്‍ ആന്‍ഡ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചാണ്. നിങ്ങള്‍ എന്തിനാണ് ഇത്രയും പ്രകോനപരമായ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത്. ഇതിനെ കുറിച്ച് നിങ്ങള്‍ കോടതിയില്‍ വിശദീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് സാരംഗ് കോട്വാള്‍ പറഞ്ഞു.
ലിയോ ടോള്‍ സ്‌റ്റോയിയുടെ ലോക ക്ലാസിക്കായ പുസ്തകത്തെ കുറിച്ചാണ് പ്രകോപനപരമായ പുസ്തകം എന്ന രീതിയില്‍ ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്നും പരാമര്‍ശമുണ്ടായിരിക്കുന്നത്. ഇതോടെ വലിയ ചിരിക്കുള്ള വിഷയമായി സംഭവം രാജ്യമെങ്ങും മാറിയിട്ടുണ്ട്.
2018 ജനുവരി ഒന്നിനു മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്തുള്ള ഭീമ കൊറെഗാവില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് വെര്‍നണ്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, അരുണ്‍ ഫെരേര എന്നിവരെ പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരുടെയും ജാമ്യാപേക്ഷകള്‍ ചൊവ്വാഴ്ച മുതല്‍ കോടതി പരിഗണിച്ചു വരികയാണ്. ഇതിനിടെയാണ് ജഡ്ജിയുടെ ഭാഗത്തുനിന്നും ചിരിക്കു വക നല്‍കുന്ന പരാമര്‍ശം ഉണ്ടായതെന്ന വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കാബിര്‍ കലാ മഞ്ച് എന്ന സംഗീത സംഘമാണ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ എന്നര്‍ത്ഥമുള്ള രാജ്യ ദമന്‍ വിരോധി എന്ന സി.ഡി പുറത്തിറക്കിയത്. അതേസമയം അന്വേഷണത്തില്‍ ഗോണ്‍സാല്‍വസിനെതിരെ പ്രകോപനപരമായ തെളിവുകള്‍ കിട്ടിയതായി പോലീസിനു വേണ്ടി വാദിച്ച അരുണ പൈ പറഞ്ഞു.
ഈ പുസ്തകങ്ങളോ സീഡികളോ കൈവശം വെയ്ക്കുന്നതു കൊണ്ടു മാത്രം തന്റെ കക്ഷി തീവ്രവാദിയോ നിരോധിക്കപ്പെട്ട മാവോയിസ്റ്റു ഗ്രൂപ്പിലെ അംഗമോ ആകുന്നില്ലെന്ന് ഗോണ്‍സാല്‍വസിന്റെ അഭിഭാഷകനായ മിഹിര്‍ ദേശായി പറഞ്ഞു. അഭിഭാഷകന്റെ വാദം അംഗീകരിച്ചെങ്കിലും ഇത്തരം വസ്തുക്കള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചതെന്ന് ഗോണ്‍സാല്‍വസ് കോടതിയോട് വിശദീകരിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു.
അതേസമയം ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സി.ഡി, പുസ്തകങ്ങള്‍, ലഘു ലേഖകള്‍ തുടങ്ങിയവയ്ക്ക് കേസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോട്‌വാള്‍ പറഞ്ഞു.
മറ്റു ചിലരുടെ കമ്പ്യൂട്ടറുകളില്‍ നിന്നും കണ്ടെത്തിയ ഇ-മെയിലുകളുടെയും കത്തുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് മുഴുവന്‍ കേസും എടുത്തിട്ടുള്ളതെന്നും ഗോണ്‍സാല്‍വസിന്റെ അഭിഭാഷകനായ മിഹിര്‍ ദേശായി വാദിച്ചു. ഇ-മെയില്‍ അയച്ചവരുടെയും, സ്വീകരിച്ചവരുടെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരുന്നുണ്ട്.
ദളിതരും മറാത്ത വാദികളും തമ്മില്‍ ഗ്രാമത്തിലുണ്ടായ തര്‍ക്കമാണ് 2017 ഡിസംബര്‍ 31ന് നടന്ന ഒരു ചടങ്ങിന് പിന്നാലെ അടുത്ത ദിവസം കലാപമായി മാറിയത്.
1818ല്‍ നടന്ന ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200-ാം വര്‍ഷത്തില്‍ ഓര്‍മ പുതുക്കാന്‍ ഗോണ്‍സാല്‍വസ് ഉള്‍പ്പെടെയുള്ളവര്‍ കലാപമുണ്ടാക്കി എന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. സിപിഐ മാവോയിസ്റ്റ് സംഘടനയില്‍ അംഗങ്ങളായ മറ്റു ചിലരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.
അതേസമയം യഥാര്‍ത്ഥത്തില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികത്തിന്റെ ഓര്‍മക്കായി ഒരു ചടങ്ങാണ് ഡിസംബര്‍ 31 ന് നടന്നത്. ഇതിന് ശേഷം അടുത്ത ദിവസം കാവി കൊടിയുമായെത്തിയ ഒരു കൂട്ടം ഹിന്ദുത്വ വാദികള്‍ ഗ്രാമത്തിലേക്കു പോയ കാറുകള്‍ക്കു നേരെ കല്ലെറിയുകയും ഇതിന്റെ തുടര്‍ച്ചയായി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ ചടങ്ങിന്റെ പേരില്‍ കേസെടുത്ത പോലീസ് ജനുവരി ഒന്നിന് ഒരാളുടെ കൊലപാതകത്തിനിടയാക്കിയ സംഘര്‍ഷത്തില്‍ പ്രതികളായ ഹിന്ദുത്വ വാദികളെ അറസ്റ്റു ചെയ്തിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.