ന്യൂഡൽഹി :
പ്ലാസ്റ്റിക് വിമുക്ത സർവീസുകൾ നടത്താൻ ഒരുങ്ങുകയാണ്, രാജ്യത്തെ സർക്കാർ ബന്ധിത വിമാന കമ്പനിയായ എയർ ഇന്ത്യ. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ ഇത്തരത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളെ അകറ്റി നിർത്തിക്കൊണ്ടുള്ള സർവീസുകൾക്ക് തുടക്കമിടാനാണ് കമ്പനിയുടെ തീരുമാനം. അന്ന് മുതൽ വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, കപ്പുകള്‍, സ്ട്രോ, പാത്രം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായും ഒഴിവാക്കിയാവും എയര്‍ ഇന്ത്യ വിമാനങ്ങൾ ആകാശത്തിലേക്കുയരുക.
ആദ്യ ഘട്ടത്തിൽ, എയര്‍ ഇന്ത്യ എക്സ്പ്രസ്, അലൈന്‍സ് എന്നീ വിമാനങ്ങളിലായിരിക്കും നിരോധനം ഏര്‍പ്പെടുത്തുക. ശേഷം , എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കും.
പ്ലാസ്റ്റിക് ഡെപ്പികൾക്ക് പകരം ഭാരം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലാകും ഇനിമുതൽ ഭക്ഷണം വിളമ്പുന്നത്. തടി കൊണ്ട് നിര്‍മ്മിച്ച സ്പൂണുകളും നല്‍കും.
എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള കുടിവെള്ളം, പേപ്പര്‍ കപ്പുകളിലാക്കിയാവും നല്‍കുകയെന്നാണ് അധികൃതർ അറിയിക്കുന്നത്. 200 മില്ലിയുടെ കുടിവെള്ളവും നിര്‍ത്തലാക്കിയേക്കും. പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്തുകൊണ്ടിരുന്ന സാന്‍ഡ്വിച്ച് പോലുള്ളവ ബട്ടര്‍ പേപ്പറിലാക്കിയും നല്‍കും.