Wed. Dec 18th, 2024
തിരുവനന്തപുരം:

തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രസിദ്ധമായ വി.ജെ.ടിഹാളിന് അയ്യന്‍കാളിയുടെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

പണ്ട് ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത് വി.ജെ.ടി ഹാളിലായിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അയ്യന്‍കാളി ശബ്ദമുയര്‍ത്തിയത് ഇതേ ഹാളില്‍ നിന്നുകൊണ്ടാണ്. ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കണക്കിലെടുത്താണ് വി.ജെ.ടി ഹാളിന് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു.

അയ്യന്‍കാളിയുടെ പല ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങളും ഈ ഹാളില്‍ തന്നെയാണ് നടന്നത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ എന്ന പേരുമാറ്റി അയ്യന്‍ കാളിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീമൂലം തിരുനാള്‍ രാമവര്‍മയുടെ ഭരണ കാലത്ത് വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഓര്‍മയ്ക്കായി പണി കഴിപ്പിച്ചതാണ് വി.ജെ.ടി ഹാള്‍. 1896 ജനുവരി 25നാണ് ശ്രീമൂലം തിരുനാള്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊളോണിയല്‍ സംസ്‌കാരത്തിന്റെ സ്മാരകമായി ഇന്നും തിരുവനന്തപുരം നഗരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഹാള്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ശ്രീമൂലം പ്രജാസഭ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂറിലെ നിയമ നിര്‍മാണ പ്രവര്‍ത്തിച്ചിരുന്നതും ഇതേ ഹാളിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *