കൊല്ലം :
വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പരവൂർ നെടുങ്ങോലം കൂനയിൽ ചരുവിളപുത്തൻവീട്ടിൽ മുരുകേശന്റെ മകൻ രാജു(31)വാണു അപകടത്തിൽ അദ്ഭുതകരമാം വിധം രക്ഷപെട്ടത്. എകദേശം 12 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്.
പെരിനാട്ടു വച്ചു തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്
ചെന്നൈയിലെ തന്റെ ഫാസ്റ്റ് ഫുഡ് കടയിലേക്ക് പോകാനായി, അമൃത എക്സ്പ്രസിൽ കയറിയതാണ് രാജു.
യാത്രയ്ക്കിടെ വാതിലിനരികെ നിൽക്കുകയായിരുന്ന തന്റെയടുത്തേക്കെത്തിയ ഹിന്ദി സംസാരിക്കുന്ന വ്യക്തി സിഗരറ്റ് ചോദിച്ചു. ഇല്ലായെന്നറിയിച്ചപ്പോൾ, ഓടിക്കൊണ്ടിരിക്കെ തീവണ്ടിയിൽ നിന്നും തന്നെ തള്ളിയിലുകയായിരുന്നു എന്നാണു യുവാവിന്റെ മൊഴി.
യാത്രയ്ക്കിടെ തീവണ്ടിയിൽനിന്ന് ആരോ വീണെന്ന സംശയത്തെ തുടർന്ന് ഒരു യാത്രക്കാരൻ ചങ്ങലവലിച്ച് വണ്ടിനിർത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംശയത്തെ തുടർന്ന്, അഞ്ചാലുംമൂട്, കിളികൊല്ലൂർ സ്റ്റേഷനുകളിലെ പോലീസുകാർ പെരിനാട് ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നാലെ, നാട്ടുകാരും റെയിൽവേ പോലീസും കൂടി തിരച്ചിലിൽ പങ്കാളികളായി.
ചൊവ്വാഴ്ച തിരച്ചിലിൽ ആദ്യം ഒരു ബാഗ് മാത്രമാണ് കിട്ടിയിരുന്നത്. ഒൻപത് മണിയോടെ പാതയ്ക്കരികിലൂടെ നടന്നുപോയയാൾ, കാടുമൂടിയ പ്രദേശത്തുനിന്ന് നിലവിളികേട്ട് അടുത്തെത്തിയപ്പോൾ, പരിക്കേറ്റനിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. പിന്നീട്, വിവരം അൽപ്പം അകലെയുള്ള റെയിൽവേ ഗേറ്റ് കീപ്പറെ അറിയിച്ചു. കിളികൊല്ലൂർ പോലീസെത്തി യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനും കൈകാലുകൾക്കും ക്ഷതമേറ്റ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
തീവണ്ടി യാത്രകൾക്കിടയിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചെത്തുന്ന അന്യസംസ്ഥാനക്കാരും മലയാളികളും ഉൾപ്പെടുന്ന ഒരു കൂട്ടം ആളുകൾ, യാത്രക്കാർക്ക് നിരന്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിവരുകയാണെന്ന, വാർത്തകൾ പെരുകി വരുന്ന സാഹചര്യത്തിലാണ്, ഇപ്പോൾ യാത്രക്കാരുടെ ജീവനുപ്പോലും അവർ ഭീഷണി ഉയർത്തുന്ന തരത്തിൽ പരാതികൾ ഉണ്ടാവുന്നത്.