ശ്രീനഗര്‍:
ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണത്തെ തകർത്ത്, അവിടെ വീട്ടുതടങ്കലിലായിരിക്കുന്ന സി.പി.എം. നേതാവ് മൊഹമ്മദ് യുസുഫ് തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തിയ 370ആം വകുപ്പ് നീക്കം ചെയ്തതിനെതിരെയുള്ള എട്ടു ഹര്‍ജികള്‍ സുപ്രീംകോടതി, ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഈ ഹര്‍ജികള്‍ ഒക്ടോബറിലായിരിക്കും പരിഗണിക്കുക.
കടുത്ത നിയന്ത്രണത്തിലാണ് കശ്മീരും കശ്മീർ നിവാസികളും ഇപ്പോഴും തുടരുന്നത്. 370ആം വകുപ്പ് എടുത്തു മാറ്റിയതിന് പിന്നാലെ കശ്മീരിലെ നേതാക്കളെല്ലാം കരുതല്‍ തടങ്കലിലാണ്. നേരത്തെ, ഇവരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കമുള്ള നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ നാലാം തീയതി, തന്നെ ഫോണില്‍ വിളിച്ച ശേഷം തരിഗാമിയുമായി, പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് പോലും തനിക്കറിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു വിശദീകരണവും ലഭിച്ചിട്ടുമില്ല, യെച്ചൂരി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
ഹർജി പരിഗണിക്കവെ, സഹപ്രവർത്തകനായ തരിഗാമിയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച യെച്ചൂരിയോട് ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് അനുമതിയെന്നും മറ്റു പ്രവർത്തനങ്ങൾ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. എന്നാൽ, തരിഗാമിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ലെന്നും സന്ദര്‍ശനാനുമതി നല്‍കുന്ന പക്ഷം, കശ്മീരിലെ കാര്യങ്ങള്‍ ഇത് വഷളാക്കിയേക്കുമെന്നും കേന്ദ്ര സർക്കാർ വാദിച്ചു. യെച്ചൂരിയുടെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യം കലർന്നതാണ്, ഇത് സാഹചര്യത്തെ ദോഷകരമായി ബാധിക്കുമെന്ന സര്‍ക്കാർ വാദവും പരിഗണിക്കപ്പെട്ടില്ല. അതേസമയം, ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം ആർക്കും തടയാനാകില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സഹപ്രവര്‍ത്തകനെ സന്ദര്‍ശിക്കുക, ആരോഗ്യ വിവരം അന്വേഷിക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടാവാൻ പാടുള്ളതല്ല. അങ്ങിനെ ചെയ്താല്‍ അത് കോടതിയലക്ഷ്യം ആയി കണക്കാക്കുമെന്നും യെച്ചൂരിയെ കോടതി അറിയിച്ചു.
ഇതിനു പുറമെ മറ്റ് രണ്ടു തീരുമാനങ്ങൾ കൂടി ജമ്മു കശ്മീർ വിഷയത്തിൽ കോടതി എടുക്കുകയുണ്ടായി,
അതിൽ ഒന്ന്, അടുത്തകാലത്ത് നടന്ന, കശ്മീരിന്റെ പ്രത്യേക പദവിക്ക് ആധാരമായ 370ആം വകുപ്പ് കേന്ദ്രം നീക്കം ചെയ്ത പശ്ചാത്തലത്തിൽ, സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്ന എട്ട് ഹർജികളും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു എന്നതാണ്. ഒക്ടോബറിലായിരിക്കും ഈ ഹര്‍ജികള്‍ പരിഗണിക്കുക. ഇതിനെ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന് നോട്ടീസും നല്‍കി.
രണ്ടാമത്തേതാവട്ടെ, കശ്മീർ പ്രശ്നത്തിൽ, മാധ്യമ സ്വാതന്ത്ര്യം തടയുന്നതിന് എതിരേ നല്‍കിയ ഹര്‍ജിയായിരുന്നു. ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി കത്തയയ്ക്കുകയുണ്ടായി.