ഇന്ത്യയിൽ, ക്രിക്കറ്റിലെ മികച്ചതാരങ്ങളൊക്കെതന്നെ, 35കഴിഞ്ഞാൽ യുവതാരങ്ങൾക്ക് അവസരം നൽകി കളമൊഴിയണമെന്ന ചർച്ച ചൂടുപിടിക്കുമ്പോഴിതാ വെസ്റ്റിൻഡീസിലെ ഒരു താരം വിരമിക്കുകയാണ് വെറും 85 വയസ്സിൽ. പ്രായം തളർത്താത്ത മനുഷ്യനെന്ന് ഇന്ന് ലോകം മുഴുവനും വാർത്തയിൽ നിറയുകയാണ് സെസിൽ റൈറ്റ് എന്ന ഈ മുത്തശ്ശൻ താരം. പക്ഷെ, ഇത്രയും വയസ്സിൽ സെസിൽ വിരമിച്ചതിനു പിന്നിലെ രഹസ്യമെന്താണ്…?
കഴിഞ്ഞ ദിവസമാണ് സെസ് എന്ന പേരിലറിയപ്പെടുന്ന വിൻഡീസ് പേസ് ബൗളർ സെസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ജമൈക്കയ്ക്കായി അരങ്ങേറ്റം കുറിച്ചു കളത്തിലെത്തി, അനുഭവങ്ങൾ ഏറെ നേടി മടങ്ങാനൊരുങ്ങുന്ന ഈ മുത്തശ്ശൻ താരം സെപ്റ്റംബര്‍ ഏഴിനു തന്റെ കരിയറിലെ അവസാന മത്സരം കളിക്കും.
1959-ല്‍ ഇംഗ്ലണ്ടിലേക്ക് പോയ സെസില്‍. അവിടെ സെന്‍ട്രല്‍ ലാന്‍സഷെയര്‍ ലീഗില്‍ ക്രോംപ്റ്റണ് വേണ്ടി കളിച്ചു തുടങ്ങി. 1962-ല്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ ആഗ്രഹിച്ച സെസില്‍ പിന്നീടാണ് ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായി വളരുന്നത്. ആർക്കും എത്തിപ്പിടിക്കാവാനാവാത്ത വിധം 60 വര്‍ഷം നീണ്ടുനിന്ന ഒരു കാരിയാറായിരുന്നു സെസിലിന്റേത്.
കരിയറില്‍ ആകെ 7000 വിക്കറ്റുകൾ തന്റെ കീശയിലാക്കിയിട്ടുണ്ട് ഈ മുത്തശ്ശൻ താരം എന്നാണു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏതു ഘട്ടത്തിലും കൈവിടാത്ത നിരന്തര പരിശീലനമാണ്, അവിശ്വസനീയമായ ഇങ്ങനെയൊരു കരിയറും റെക്കോർഡുമുണ്ടാക്കാൻ തന്നെ തുണച്ചതെന്നാണ് മുത്തശ്ശനെങ്കിലും ചുറുചുറുക്ക് ഇപ്പോഴും മാറിയിട്ടില്ലാത്ത സെസിൽ പറയുന്നത്. എല്ലാ ഭക്ഷണവും കഴിക്കുമെങ്കിലും സ്വന്തം ഫിറ്റ്‌നെസിന്റെ നിയന്ത്രണമെന്നും തന്റെ കയ്യിൽത്തന്നെയായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നത്.