#ദിനസരികള്‍ 862
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്കാരണം കൊണ്ടുതന്നെ ചില സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടുകയും എന്തിനുവേണ്ടിയാണോ രൂപീകരിക്കപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ മാര്‍ഗ്ഗങ്ങളിലൂടെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ നയിക്കപ്പെടുകയും ചെയ്യുമ്പോള്‍ സമൂഹത്തെ മാനവികോന്മുഖമായി മുന്നോട്ടു നയിക്കേണ്ടതിന്റെ തത്രപ്പാടുകളില്‍ നിന്നും ഇരുകൂട്ടരും പിന്‍വാങ്ങുന്നു. ഫലമോ? ദീര്‍ഘകാലത്തെ സമരങ്ങളിലൂടെ നാം നേടിയെടുത്ത മൂല്യങ്ങളൊക്കെയും അട്ടിമറിയ്ക്കപ്പെടുന്നു. ജാതിയുടേയും മതത്തിന്റേയും സങ്കുചിത താല്പര്യങ്ങള്‍ പൊതുഇടങ്ങളിലേക്ക് വന്നു കയറുന്നു. അതോടുകൂടി ഒരു കാലത്ത് നിരവധി ജീവനുകളെ ബലികൊടുത്തുകൊണ്ട് നാം പരാജയപ്പെടുത്തി പിന്മടക്കിയ ജാത്യാചാരങ്ങളടക്കമുള്ള വിപത്തുകള്‍ സമൂഹത്തിലേക്ക് തിരിച്ചു വരുന്നത് നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിപത്താണ്.
അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്നാട്ടിലെ സാധാരണക്കാരായ ജനതയ്ക്ക് മാര്‍ഗ്ഗദര്‍ശികളായി പരിലസിച്ച സമരവ്യക്തിത്വങ്ങളെ നേരിട്ട് ആശ്രയിക്കുകയേ നിര്‍വാഹമുള്ളു. അങ്ങനെയുള്ള നവോത്ഥാന നായകന്മാരില്‍ കേരളത്തിന് ഏറ്റവും വിശ്വസിക്കാവുന്ന ഒരു വ്യക്തി, ഒരു പക്ഷേ ഒരിക്കലും സമരസപ്പെടാത്ത പോരാട്ടവീര്യം പ്രദര്‍ശിപ്പിച്ച ശ്രീ അയ്യൻ കാളിയായിരിക്കും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ തുടങ്ങിയ നവോത്ഥാനമെന്ന മുന്നേറ്റത്തിന് ദിശാബോധം നല്കിയ നിരവധിയായ മനീഷികളെ വിസ്മരിച്ചുകൊണ്ടോ അവര്‍ നമ്മുടെ ചരിത്രത്തില്‍ പുലര്‍ത്തിപ്പോരുന്ന സ്ഥാനങ്ങളെ അവഹേളിക്കുന്നതിനോ വേണ്ടിയല്ല അയ്യൻ കാളിയെ ഏറ്റവും വിശ്വാസ്യതയുള്ള ഒരാള്‍ എന്ന് ഞാന്‍ വിശേഷിപ്പിച്ചത്. മറിച്ച് എഴുപത്തേഴു വയസ്സു വരെയുള്ള തന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ നിന്നും ആശയസമീക്ഷകളില്‍ നിന്നും അദ്ദേഹം പിന്നോട്ടടിച്ചില്ല. ജീവിതത്തിന്റെ തുടക്കക്കാലത്ത് പുലര്‍ത്തിയിരുന്ന അതേ വീറും വാശിയും ശയ്യാവലംബിയാകുന്നതുവരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്തതും കര്‍ശനവുമായ ആ നിലപാടുകള്‍ കേരളത്തിലെ നിസ്വരായ ജനതയുടെ ഭാവി നിശ്ചയിച്ചു. 1907 ല്‍ അദ്ദേഹം രൂപീകരിച്ച സാധുജന പരിപാലന സംഘത്തിലൂടെ മനുഷ്യരെ വിഭജിക്കുകയും മാറ്റി നിറുത്തുകയും ചെയ്യുന്ന എല്ലാത്തരം ശ്രമങ്ങളോടും അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. ഇതെല്ലാം ജനകീയ പ്രസ്ഥാനത്തിന്റെ ആദ്യദശയിലെ ഉത്തുംഗനായ വിപ്ലവ നേതാവ് എന്ന വിശേഷണം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു.
ശൂദ്രന്‍ അക്ഷരം പഠിച്ചാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന ബ്രാഹ്മണ്യ ദര്‍ശനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അധസ്ഥിതന് വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അയ്യൻ കാളി നടത്തിയ നീക്കങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്. ഊരൂട്ടമ്പലത്തിലെ സ്കൂളില്‍ പഞ്ചമിയെന്ന പുലയ പെണ്‍കുട്ടിയിരുന്നതിന്റെ പേരില്‍ ആ സ്കൂള്‍ തന്നെ സവര്‍ണര്‍ തീവെച്ചു നശിപ്പിച്ചു. എന്നാല്‍ സ്വന്തമായി പള്ളിക്കൂടം സ്ഥാപിച്ചുകൊണ്ടാണ് അയ്യൻ കാളി ഈ അനീതിക്കെതിരെ പ്രതികരിച്ചത്. തങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍ മടി കാണിച്ച ജന്മിമാരുടെ വയലില്‍ കൃഷിപ്പണി ചെയ്യാന്‍ തങ്ങളും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അയ്യൻ കാളിയുടെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യപണിമുടക്ക് സമരം നടന്നു. യാത്രവിലക്കിന്റേതായ അക്കാലത്ത് വില്ലുവണ്ടിയില്‍ കയറി നാട്ടില്‍ നിലനില്ക്കുന്ന സവര്‍ണ കല്പനകളെ അദ്ദേഹം വെല്ലുവിളിച്ചു. കല്ലമാല വലിച്ചെറിഞ്ഞുകൊണ്ട് മുലക്കച്ചയണിയാനും ജാത്യാചാരങ്ങളെ വെല്ലുവിളിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തത് നിരവധിയായ സംഘട്ടനങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍ അവകാശങ്ങള്‍ക്കു വേണ്ടി മരിക്കാനും തയ്യാറായി രംഗത്തുവന്നവരുടെ മുന്നില്‍ അവസാനം ജാത്യാചാരങ്ങളും സവര്‍ണരുടെ തിട്ടൂരങ്ങളും പത്തിമടക്കി. നേരിട്ടും അല്ലാതെയും നിരവധി ഏറ്റുമുട്ടലുകളാണ് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി അയ്യങ്കാളിയും കൂട്ടരും നടത്തിയത്.
അയ്യന്‍കാളിയുടെ ജീവിതത്തിലെ സുപ്രധാനമായ ഏടുകളെ പൊതുവേ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. വളരെ വിശദമായ രീതിയില്‍ത്തന്നെ നാം അതെല്ലാം പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ചോദ്യം, അയ്യൻ കാളിയും കൂട്ടരുമൊക്കെ ഏതേതു അനീതികള്‍ക്കെതിരെയാണോ പോരാടിയത്, അതേ അനീതിയെ തിരിച്ചു കൊണ്ടുവരാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അതിനെതിരെ പോരാടുവാന്‍ ആരൊക്കെയാണ് രംഗത്തിറങ്ങുക എന്നതാണ്. അയ്യൻ കാളിയോടുള്ള സ്നേഹവും ബഹുമാനവും അത്തരം ദുരാചാരങ്ങള്‍ക്കെതിരെ പോരാടിയാണ് നാം പ്രകടിപ്പിക്കേണ്ടത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.