Thu. May 9th, 2024
#ദിനസരികള്‍ 861

അപകീർത്തിഭയാന്ധനീവിധം
സ്വപരിക്ഷാളനതല്പരൻ നൃപൻ
കൃപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഢമാക്കിയില്ലയോ?

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ചോദ്യമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് അതു ശരിയാണെന്ന് ധരിച്ചുകൊണ്ട് തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെ തനിക്കു നേരെയുണ്ടായ അപവാദപ്രചാരണങ്ങളെ ശരിയാണെന്ന് വരുത്തിത്തീര്‍ക്കുവാനല്ലേ രാമന്‍ ശ്രമിച്ചത് എന്നാണ് ചോദ്യം. രാമനെതിരെ സീത സമര്‍പ്പിക്കുന്ന കുറ്റപത്രം കൂടിയാണ് ഈ വാക്കുകള്‍. രാജാവെന്ന നിലയില്‍ തന്റെ പ്രജയോടു കാണിക്കേണ്ട സത്യസന്ധമായ നീതിബോധവും നിഷ്പക്ഷതയും ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയോടു പ്രകടിപ്പിക്കേണ്ട വിശ്വാസ്യതയും ഉത്തരവാദിത്തവും ബലികഴിക്കുകയാണ് രാമന്‍ ചെയ്തത്. അതുകൊണ്ടുതന്നെ രാമന്‍ താലോലിക്കുന്ന എല്ലാത്തരത്തിലുമള്ള അധികാരങ്ങളേയും നിഷ്പ്രഭമാക്കുന്ന ഈ ചോദ്യം രാജാവെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലുമുള്ള രാമന്റെ ജീവിതത്തിനു മുകളില്‍ ആശാസ്യമല്ലാത്ത ഒരു ഘനച്ഛായ വീഴ്ത്തുന്നു.

സീതാവിയുക്തനായ രാമന്‍ തന്റെ ജീവിതകാലത്തൊരിക്കലും ഈ ചോദ്യത്തിന്റെ കെടുതിയില്‍ നിന്നും മുക്തനായിട്ടുണ്ടാവില്ല. അവസാനം സരയുവിലേക്കുള്ള പ്രയാണ നിമിഷത്തിലും സുചരിതയായ സതീരത്നത്തെ സ്വൈരിണിയെന്ന് വിധിച്ച് വനമധ്യത്തില്‍ ഉപേക്ഷിച്ചതിന്റെ വേദന രാമന്റെ ചിന്തകളെ ചുട്ടുപൊള്ളിച്ചിരിക്കണം. താനൊരിക്കലും നീതിമാനായിരുന്നില്ലെന്ന് ആ അവസാന നിമിഷത്തിലും അദ്ദേഹം തലയ്ക്കടിച്ചിരിക്കണം. കുറ്റബോധത്തിന്റെ പാതാളപ്പടവുകളിറങ്ങുന്ന അഭിശപ്തനിമിഷങ്ങളില്‍ സീതേ നീ പരമപവിത്രയാണെന്ന് എത്ര തവണ നിലവിളിച്ചിട്ടുണ്ടാകണം?

നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ? –

എത്ര ആട്ടിയകറ്റിയാലും ദര്‍ഭമുന പോലെ രാമന്റെ മൃദുകോശങ്ങളിലേക്കു വന്നു കയറുന്ന സൂചിച്ചോദ്യങ്ങള്‍! മറുപടിയില്ലാത്തവ! കേള്‍ക്കുന്ന ഓരോ നിമിഷത്തിലും താനെത്രമാത്രം അല്പനാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നവ! രാമചന്ദ്ര മഹാരാജാവെന്ന പ്രൌഡിയെ പൂഴിമണ്ണിലേക്ക് നിഷ്കരുണം ചവിട്ടിത്താഴ്ത്തുന്നവ!

ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തിൽ നിജപ്രജാമതം;
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപൻ?

വേണ്ടയോ? എത്ര വലിയ നീചനാണെങ്കിലും എന്താണ് രാജസമക്ഷം അയാള്‍ക്കു പറയാനുള്ളതെന്ന് ചോദിക്കുവാനുള്ള കാരുണ്യമെങ്കിലും രാജാവ് കാണിക്കേണ്ടിയിരുന്നില്ലേ? കാണിച്ചില്ല. അതേ അക്ഷമ തന്നെയല്ലേ ശംബൂകനെന്ന ശൂദ്രനായ താപസിയെ ഒരു വാള്‍ വീശല്‍ കൊണ്ട് കബന്ധമാക്കി മാറ്റിയ കൃത്യവും സാധിച്ചെടുത്തത്? അയാള്‍ കൊല്ലപ്പെട്ടു. സീതയോ? അവളാകട്ടെ എല്ലാ മാനക്കേടുകളും സഹിച്ചുകൊണ്ട് രണ്ടു പുത്രന്മാരെ പോറ്റി വളര്‍ത്തി. അവര്‍ സ്വന്തം കാലില്‍ നില്ക്കുവാന്‍ പ്രാപ്തരായപ്പോഴാണ് രാമന്റെ കണ്‍മുന്നില്‍ വെച്ച് ജീവത്യാഗം ചെയ്തുകൊണ്ട് പ്രതികാരം ചെയ്തത്.
ഞാനിപ്പോള്‍ ആലോചിക്കുന്നത് സീതയുടെ ചോദ്യങ്ങളെ രാമന്‍ എങ്ങനെയായിരിക്കും നേരിടുക എന്നതാണ്. രാമന്റെ സീതായനങ്ങളുടെ സാധ്യതകള്‍!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *