Mon. Dec 23rd, 2024
തിരുവനന്തപുരം:

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സി.ഐ.ടി.യു സമരം കാരണമാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുത്തുറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതായി ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ ഇറക്കി. ഈ സര്‍ക്കുലര്‍ അതാത് ശാഖകള്‍ക്ക് അയച്ചിട്ടുമുണ്ട്. ഇതോടെ രണ്ടായിരത്തിലധികം ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.

രണ്ടു വര്‍ഷത്തിലധികമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന സമരം അനിശ്ചിതകാല സമരമായി മാറിയ പശ്ചാത്തലത്തിലാണ് അടച്ചു പൂട്ടല്‍ തീരുമാനം. 2016 മുതലാണ് വിവിധ ബ്രാഞ്ചുകളില്‍ സമരം നടക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി പല ബ്രാഞ്ചുകളിലും പ്രവര്‍ത്തനം നിലച്ച സാഹചര്യമാണ്. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തി വരുന്നത്.

റീജിയണല്‍ ഓഫീസുകള്‍ ഉള്‍പ്പെടെ 890 ശാഖകളാണ് മുത്തൂറ്റ് ഫിനാനാന്‍സിന് കേരളത്തിലുള്ളത്. ഇതില്‍ മുന്നൂറോളം ബ്രാഞ്ചുകളില്‍ സി.ഐ.ടി.യു തുടര്‍ച്ചയായി സമരം നടത്തി വരികയാണ്. കൂടുതല്‍ ശാഖകളിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നതായും മാനേജ്‌മെന്റ് പറയുന്നു. എട്ടു ദിവസമായി മുത്തൂറ്റ് ശാഖകളില്‍ അനിശ്ചിതകാല സമരവും നടന്നു വരുന്നുണ്ട്.

സമരം ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കളെ വേണ്ടതുപോലെ പരിഗണിക്കാന്‍ കഴിയുന്നില്ലെന്നും മാനേജ്‌മെന്റ് പറയുന്നു. നല്ല രീതിയില്‍ സര്‍വീസ് നല്‍കാതെ മുന്നോട്ടു പോയാല്‍ അത് സ്ഥാപനത്തെ മോശമായി ബാധിക്കും. കേരളത്തിലെ ശാഖകളില്‍ നിന്ന് പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് നാലു ശതമാനമായി കുറഞ്ഞു. ബിസിനസിലും വന്‍ ഇടിവ് വന്ന സാഹചര്യത്തിലാണ് സംസ്ഥാനം വിടാന്‍ മുത്തൂറ്റ് ഫിനാന്‍സ് തീരുമാനിച്ചത്. സമരം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വേറെ മാര്‍ഗമൊന്നും കാണുന്നില്ല. അതിനാല്‍ പ്രതിസന്ധിയുള്ള ബ്രാഞ്ചുകള്‍ പൂട്ടുകയല്ലാതെ മറ്റു വഴികളില്ലെന്നും മുത്തൂറ്റ് വ്യക്തമാക്കുന്നു.

ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കുക, മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നേരത്തേ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴില്‍ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, പ്രൊബേഷന്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.ഐ.ടി.യു അനിശ്ചിതകാല സമരം നടത്തുന്നത്. മുന്നൂറോളം ബ്രാഞ്ചുകളിലെ നല്ലൊരു ശതമാനം തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരാഴ്ചയിലധികമായി ഈ ശാഖകളിലൊന്നും ബിസിനസും നടക്കുന്നില്ല. വരുന്ന ഉപഭോക്താക്കള്‍ മടങ്ങിപ്പോകുന്ന സ്ഥിതിയാണ്.

സമരത്തെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന സി.ഐ.ടി.യു നേതാക്കളും ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടത്തുന്നില്ല. സംസ്ഥാനത്തിനു പുറത്തുള്ള ശാഖകളില്‍ ഇത്തരം പ്രതിസന്ധികള്‍ നിലവിലില്ല. കേരളത്തിലെ വ്യാപാരം കുറച്ച് ഇതര സംസ്ഥാനങ്ങളിലെ ശാഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.

ബ്രാഞ്ചുകള്‍ തുറന്നാല്‍ കൈയും കാലും വെട്ടുമെന്നുള്ള ഭീഷണി മുത്തൂറ്റ് ജീവനക്കാര്‍ നേരിടുന്നുണ്ടെന്നും മുത്തൂറ്റ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

തൊഴിലാളി വര്‍ഗ സംഘടനകളുടെ സമരം മൂലം കേരളത്തില്‍ മുളച്ചു വളര്‍ന്ന മറ്റൊരു സ്ഥാപനം കൂടി നാടു വിടാനുള്ള ഒരുക്കത്തിലാണ്. നഷ്ടം നേതാക്കള്‍ക്കല്ല. ശമ്പള വര്‍ധനവിനായി സമരം ചെയ്തവര്‍ക്ക് ശമ്പളം വാങ്ങാനുള്ള സ്ഥാപനം പോലും ഇല്ലാതാകുമോ എന്ന സംശയത്തിലാണ് പല തൊഴിലാളികളും. ഇതിനിടെ സമരത്തിന് അനസാനം കാണാന്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പുറത്തെടുത്ത അടവായും ചിലര്‍ അടച്ചു പൂട്ടല്‍ തീരുമാനത്തെ കാണുന്നുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ബിസിനസും ഇപ്പോള്‍ സംസ്ഥാനത്തിനു പുറത്തുനിന്നായതിനാല്‍ അടച്ചു പൂട്ടുന്നതാണ് ശാഖകള്‍ നടത്തുന്നതിനേക്കാള്‍ ലാഭകരമെന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്.

അതേസമയം മുത്തൂറ്റിന്റെ കൊച്ചിയിലുള്ള കോര്‍പ്പറേറ്റ് ഓഫീസിലും ശാഖകളിലും ഇന്നും അനിശ്ചിതകാല സമരം തുടര്‍ന്നു. അടച്ചുപൂട്ടല്‍ അറിയിപ്പ് പല ജീവനക്കാരെയും മുള്‍മുനയിലാക്കിയിട്ടുണ്ട്. ശാഖകള്‍ അടച്ചു പൂട്ടിയാല്‍ ഇവിടെയുള്ള ജീവനക്കാരെ മറ്റു ശാഖകളില്‍ നിയമിക്കുമോ എന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ചുരുക്കത്തില്‍ ശാഖകള്‍ അടച്ചു പൂട്ടുന്ന സാഹചര്യം രണ്ടായിരത്തിലധികം പോരുടെ തൊഴില്‍ നഷ്ടത്തിലേക്കു തന്നെ നയിക്കുമെന്നാണ് സൂചന. ഇതിനിടെ രണ്ടു വര്‍ഷത്തോളമായി നടന്നു വന്നിരുന്ന സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മാനേജ്‌മെന്റും സി.ഐ.ടി.യുവും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നതാണ് ഒത്തുതീര്‍പ്പിന് തടസമായിരുന്നത്.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ സ്ഥാപനം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനിടെ സമരം ശക്തമായി കൂടുതല്‍ ബ്രാഞ്ചുകളിലേക്ക് വ്യാപിപ്പിക്കാനാണ് സി.ഐ.ടി.യു തീരുമാനം എന്നാണ് സൂചന. ബ്രാഞ്ചുകള്‍ പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്നവരെ മറ്റു ബ്രാഞ്ചുകളിലേക്ക് പുനര്‍ വിന്യസിക്കുക എന്ന ആവശ്യം കൂടി സമരത്തിലെ ആവശ്യങ്ങള്‍ക്കൊപ്പം ഉന്നയിക്കാനാണ് തീരുമാനം. എന്നാല്‍ സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതാക്കള്‍ മുന്‍കൈ എടുക്കുമെന്ന സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

അതേസമയം കേരളത്തില്‍ വിവിധയിടങ്ങളില്‍ മുത്തൂറ്റിന് ലോണ്‍ നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നും സിഐടിയു നേതാക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പല മന്ത്രിമാരുടെയും സാന്നിധ്യത്തിലും ലേബര്‍ കമ്മീഷന്റെ നേതൃത്വത്തിലും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലൊന്നും സമവായമുണ്ടാകാത്തതാണ് സമരം തുടരാന്‍ കാരണമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

 

സമരം പ്രതിസന്ധിയുടെ ഒരു കാരണം മാത്രം

അതേസമയം മുത്തൂറ്റിന് പ്രതിസന്ധിയുണ്ടാക്കിയതില്‍ സമരം മാത്രമല്ല കാരണമെന്നാണ് സൂചന. പ്രധാനമായും സ്വര്‍ണ പണയത്തിന്‍മേല്‍ പലിശയ്ക്ക് പണം കടം കൊടുക്കലാണ് ഇവരുടെ ശാഖകളില്‍ ഏറ്റവും കൂടുതല്‍ നടക്കാറുള്ള ബിസിനസ്. ബാങ്കുകളില്‍ നിന്നും ഗോള്‍ഡ് ലോണ്‍ ലഭിക്കുന്നതിനേക്കാള്‍ വേഗം മുത്തൂറ്റിന്റെ ഗോള്‍ഡ് ലോണിലൂടെ പണം കൈയില്‍ വാങ്ങാമെന്നതാണ് സാധാരണക്കാരെ മുത്തൂറ്റിലേക്ക് ആകര്‍ഷിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശയ്ക്കു ലഭിക്കുന്ന പണമാണ് മുത്തൂറ്റു പോലുള്ള കമ്പനികള്‍ സ്വര്‍ണം ഈടായി വാങ്ങി കൂടിയ പലിശയ്ക്ക് നാട്ടുകാര്‍ക്കു നല്‍കിയിരുന്നത്. എന്നാല്‍ ബാങ്കുകളിലെ നൂലാമാലകളില്ലാതെ ഉടനടി ലോണ്‍ എന്നതാണ് ഇത്തരം ഫിനാന്‍സ് കമ്പനികളുടെ ആകര്‍ഷണം. മുത്തൂറ്റ് ഫിനാന്‍സ് നടപ്പിലാക്കിയിട്ടുള്ള ഒരുശതമാനം ഗോള്‍ഡ് ലോണിനും ആവശ്യക്കാര്‍ ഏറെയാണ്. പലിശയ്ക്ക് പണം നല്‍കുന്ന ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഒന്നര മുതല്‍ മൂന്നു ശതമാനം വരെ പ്രതിമാസം പലിശ ഈടാക്കുമ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് 12ശതമാനം വാര്‍ഷിക പലിശ കണക്കാക്കി മാസം ഒരു ശതമാനം നിരക്കിലാണ് ലോണ്‍ നല്‍കി വരുന്നത്.

ഇതിനിടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ഇങ്ങനെ കുറഞ്ഞ പലിശയ്ക്ക് ഫിനാന്‍സ് കമ്പനികള്‍ക്കു ലഭിച്ചു വന്ന പണം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് വലിയ തിരിച്ചടി ഇത്തരം ഫിനാന്‍സ് കമ്പനികള്‍ക്കുണ്ടാക്കി. അതുകൊണ്ടുതന്നെ ഗോള്‍ഡ് ലോണ്‍ ബിസിനസില്‍ പഴയ ലാഭം ഇപ്പോള്‍ മുത്തൂറ്റിനില്ല. അതിനാല്‍ തന്നെ ചെലവു ചുരുക്കലിന്റെ ഭാഗമായി ശാഖകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കമാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.

ഗോള്‍ഡ് ലോണ്‍ ബിസിനസ് കുറഞ്ഞപ്പോള്‍ കോണ്‍സെന്റര്‍ സംവിധാനത്തിലൂടെ ഗോള്‍ഡ് ലോണ്‍ ബിസിനസ് മാര്‍ക്കറ്റിംഗിന് ശ്രമിച്ച മുത്തൂറ്റിന് വലിയ തിരിച്ചടിയാണ് നാട്ടുകാരില്‍ നിന്നുമുണ്ടായത്. അടുത്തകാലത്ത് ഇത്തരത്തില്‍ ഒരു ഫോണ്‍ കോളിന്റെ ഓഡിയോ ടേപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *