Thu. Apr 18th, 2024
ലക്‌നൗ(യു.പി):

ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തില്‍ സുവോ മോട്ടോ വകുപ്പു പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതിക്ക് കത്തു നല്‍കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിലുള്ള സ്വാമി സുഖ്‌ദേവാനന്ദ് ലോ കോളേജിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തിലാണ് അഭിഭാഷകരുടെ ഇടപെടലുണ്ടായത്.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെ പരാതിയുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്. എസ് എസ് ലോ കോളേജിന്റെ ചെയര്‍മാനായ ചിന്മയാന്ദില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ആഗസ്റ്റ് 23ന് സമൂഹ മാധ്യമങ്ങളില്‍ ഈ വിദ്യാര്‍ത്ഥിനി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കാണാതായത്.

നിയമ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തിനു പിന്നില്‍ സ്വാമി ചിന്മയാനന്ദാണെന്ന സൂചനകള്‍ വ്യക്തമായതോടെയാണ് വനിതാ അഭിഭാഷകര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസിനും, ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ചിലും കത്തു നല്‍കിയത്. ഉന്നാവോ കേസുപോലെ ഇനിയൊരു സംഭവമുണ്ടാകാതിരിക്കാന്‍ ഈ സംഭവത്തില്‍ സുവോ മോട്ടോ പ്രകാരം കേസെടുക്കണമെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതിനു മുമ്പും മനുഷ്യാവകാശ വിഷയങ്ങളില്‍ സുപ്രീം കോടതി ഇടപെട്ടിട്ടുള്ള കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇന്നു രാവിലെ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി, ഉത്തര്‍ പ്രദേശ് ഹൈക്കോടതിയെ സമീപിക്കാനാണ് അഭിഭാഷകരോടാവശ്യപ്പെട്ടത്. എന്നാല്‍ അഭിഭാഷകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് പിന്നീട് കത്തു സ്വീകരിക്കുകയും വിഷയം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കുയയും ചെയ്യുകയായിരുന്നു.

 

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജഹാന്‍പൂര്‍ ലോകോളേജിലെ നിയമ വിദ്യാര്‍ത്ഥിനി ആഗസ്റ്റ് 23ന് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തു വിട്ടത്. കോളേജിലെ ഉന്നതനും വലിയ നേതാവുമായ വ്യക്തിയില്‍ നിന്നും തനിക്കു വലിയ ഭീഷണിയുണ്ട്. വലിയ നേതാവായ ഇയാള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി ഈ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. നരേന്ദ്രമോദിയോടും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായിക്കണം എന്ന് കണ്ണീരോടെ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ സമയം കടന്നു പോകുന്ന അവസ്ഥയെ കുറിച്ച് തനിക്കു മാത്രമേ അറിയൂ. പോലീസ് ഉള്‍പ്പെടെ എല്ലാവരെയും ആ സന്യാസി കീശയിലാക്കിയിരിക്കുകയാണ്. ശക്തമായ ഭീഷണി തനിക്കുണ്ടെങ്കിലും അയാള്‍ക്കെതിരെ എല്ലാ തെളിവുകളും കൈവശമുള്ളതിനാലാണ് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാത്തതെന്നും ഈ നിയമ വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു. ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സ്വാമി ചിന്മയാനന്ദിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. കോളേജിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈഗികമായി പീഡിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നത് വലിയ പ്രക്ഷോഭത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം നിയമ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തിനു പിന്നില്‍ തെളിവുകള്‍ ഇല്ലാതാക്കാനുള്ള മുന്‍ കേന്ദ്രമന്ത്രിയുടെ ശ്രമമാണോ എന്നും സംശയമുയരുന്നുണ്ട്.

 

സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തു

നിയമവിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ചിന്മയാനന്ദിനെതിരെ ഐ.പി.സി 364(കൊല്ലണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതായി ഷാജഹാന്‍പൂര്‍ എസ്.പി – എസ്. ചന്നപ്പ പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവു നല്‍കിയ പരാതിയിലാണ് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിങിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. തന്റെ മകളെ തട്ടിക്കൊണ്ടു പോയതാണെന്നു കാണിച്ചാണ് ചിന്മയാനന്ദിനെതിരെ പിതാവ് പരാതി നല്‍കിയത്. തന്റെ മകളെ മാത്രമല്ല വേറെയും പെണ്‍കുട്ടികളെ സ്വാമി ഉപദ്രവിച്ചിട്ടുണ്ടെന്നും പിതാവ് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ മുറി പൂട്ടിക്കിടക്കുകയാണ്. മൊബൈല്‍ ഫോണും സിച്ച് ഓഫ് ആണ്. സ്വകാര്യ ദുഖങ്ങളൊന്നും മകള്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍ രക്ഷാബന്ധന്‍ ദിവസം അവള്‍ വീട്ടിലുണ്ടായിരുന്നപ്പോള്‍ ദുഖിതയായാണ് കാണപ്പെട്ടതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മകളെ കാണാതായിട്ട് നാലുദിവസമായി. കോളേജ് ഡയറക്ടറായ സ്വാമി ചിന്മയാനന്ദിനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിന്മയാനന്ദിനെ കുടുക്കിലാക്കാവുന്ന തെളിവികള്‍ തന്റെ കൈവശമുണ്ടെന്നും അതിനാല്‍ തനിക്ക് കോളേജ് ഡയറക്ടറായ ചിന്മയാനന്ദില്‍ നിന്നും ഭീഷണിയുള്ളതായും പെണ്‍കുട്ടി വീഡിയോ പോസ്റ്റു ചെയ്തിരുന്ന കാര്യം പോലീസും സ്ഥിരീകരിച്ചു.

ഇതിനിടെ പെണ്‍കുട്ടിയുടെ വീഡിയോ പുറത്തു വരുന്നതിന് രണ്ടു ദിവസം മുന്‍പ് അജ്ഞാതരായ ആരോ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് സ്വാമി ചിന്മയാനന്ദന്റെ ഫോണിലേക്ക് വാട്‌സാപ് സന്ദേശം അയച്ചതായി സന്യാസിയുടെ അഭിഭാഷകന്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

കെട്ടിച്ചമച്ച കേസാണെന്നും സ്വാമിയുടെ സ്ഥാപനങ്ങളെ തകര്‍ക്കാനുമുള്ള നീക്കമാണ് ഇതെന്നായിരുന്നു ചിന്മയാനന്ദന്റെ അനുയായികളുടെ വാദം. ഒരു കാറിനുള്ളില്‍ ഇരുന്നാണ് പെണ്‍കുട്ടി വീഡിയോ എടുത്തിട്ടുള്ളത്. ഒരു കാറിനുള്ളില്‍ ഇരിക്കാനും വീഡിയോ ചെയ്യാനും സ്വാതന്ത്യമുള്ളിടത്ത് എന്തു ഭീഷണിയാണുള്ളത് എന്നാണ് ചിന്മയാനന്ദിന്റെ വക്താവായ ഓം സിങ് ചോദിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ശക്തമായ പ്രിഷേധമാണ് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഒരു ദിവസം പോലും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നോ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീതി ലഭിക്കുമെന്നോ ഉറപ്പാക്കാന്‍ ഇവിടത്തെ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ല എന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

1999-2004 കാലത്തെ വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു സ്വാമി ചിന്മയാനന്ദ്. ഇയാള്‍ ആദ്യമായിട്ടല്ല ഇത്തരം വിവാദത്തില്‍ കുരുങ്ങുന്നത്. 2011 നവംബറില്‍ ചിന്മയാനന്ദിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളുള്‍പ്പെടുത്തി പോലീസ് കേസെടുത്തിരുന്നു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന യുവതിയാണ് ചിന്മയാനന്ദിനെതിരെ അന്നു പരാതി നല്‍കിയിരുന്നത്. ഈ കേസ് കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *