ന്യൂഡല്‍ഹി:
രാജ്യത്തെ സര്‍ക്കാരുകൾക്ക്, വിവരാവകാശ വെബ്സൈറ്റ് വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ച്ചു. സർക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിനായി പുതിയ വെബ്സൈറ്റ് സ്ഥാപിക്കണമെന്ന നിർദേശമാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസി ലീഗല്‍ സെല്‍ എന്ന സര്‍ക്കാരിതര സംഘടനയിലെ അഭിഭാഷകന്, ജോസ് ഏബ്രഹാമാണ് ഹര്‍ജി നൽകിയിരിക്കുന്നത്. സുപ്രീം കോടതി ജസ്റ്റീസുമാരായ എന്‍.വി. രമണ, അജയ് റെസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിവരാവകാശ നിയമപ്രകാരം രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാര്‍ക്കു വിവരങ്ങള്‍ തേടാമെന്നതാണ് പുതിയ ഹർജിയിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം, രാജ്യത്തുള്ളവര്‍ക്ക് മാത്രമാണ് വിവിധ വകുപ്പുകളിലോട്ടു നേരിട്ട് അപേക്ഷ നല്കി വിവരങ്ങൾ തേടുന്നതിനുള്ള അവസരമുള്ളത്. പുതിയ വ്യവസ്ഥ പ്രകാരം, വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെ അപേക്ഷയും മറുപടിയും ലഭ്യമാക്കുന്ന തരത്തില്‍, വിദേശത്തുള്ളവര്‍ക്ക് കൂടി ഈ നിയമത്തിന്റെ പ്രയോജനം ലഭ്യമാക്കി തുടങ്ങണമെന്നാണ്, ഹര്‍ജിയിലെ ആവശ്യം.
നിലവില്‍, മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മാത്രമാണ് വെബ്സൈറ്റ് വഴി, അപേക്ഷ നല്‍കാനുള്ള സംവിധാനാം ഉള്ളതെന്ന്, ഹര്‍ജിക്കാരനു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി.