കൊച്ചി:
കൊച്ചിക്കാർക്ക് സന്തോഷകരമായ ഒരു മെട്രോ വാർത്ത വരുന്നു.
ഇതുവരെ, മഹാരാജാസ് വരെ ഓടി തിരിച്ചു പോകുന്ന മെട്രോ ഇനി തൈക്കൂടത്തേക്കും വരും. കൊച്ചി മെട്രോയുടെ തൈക്കുടം സര്‍വീസ് അടുത്തയാഴ്ച ആരംഭിക്കും. ഓട്ടത്തിനായുള്ള തയാറെടുപ്പുകളെല്ലാം തന്നെ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കാനിരിക്കുന്ന സുരക്ഷാ പരിശോധനകള്ക്കുശേഷമാവും ഔദ്യോഗിക തീയതി പ്രഖ്യാപിക്കുക.
എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പുതിയ റൂട്ടിലുള്ളത്.
കൊച്ചി നിവാസികൾക്ക് ഓണസമ്മാനമായി, പുതിയ മെട്രോ സർവീസ്, ഓണത്തിന് ഒരാഴ്ചമുന്‍പുതന്നെ ഉദ്ഘാടനം ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ, അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സുരക്ഷാ പരിശോധനയുടെ നടപടിക്രമങ്ങൾ അവസാനിക്കുകയും അനുമതി ലഭിക്കുകയും ചെയ്യുന്നതോടെ, ഉദ്ഘാടന തീയതി വ്യക്തമാവും. ഇതോടെ, ആലുവ മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും.
ആലുവ മുതല്‍ മഹാരാജാസ് വരെ നിലവില്‍ 16 സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലായി, 18 ട്രെയിനുകള്‍ സര്‍വീസ് നടത്തിവരുന്നു.