കോട്ടയം:
കെവിന്‍ ദുരഭിമാന കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ചാണ് സെഷന്‍സ് ജഡ്ജി എസ്. ജയചന്ദ്രന്‍ വിധി പ്രസ്താവിച്ചത്. രണ്ടു ജീവപര്യന്തവും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തുകയും പത്തുപേരെ കുറ്റക്കാരായി വിധിക്കുകയും ചെയ്തിരുന്നു.
കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി ചിന്നു എന്ന നിയാസ് മോന്‍, മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിങ്ങനെ പത്തു പേരാണ് കേസിലെ കുറ്റവാളികള്‍. ആദ്യം 14 പ്രതികളുണ്ടായിരുന്ന കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാലുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി നേരത്തേ വെറുതെ വിട്ടിരുന്നു.
പ്രതികള്‍ക്ക് 40,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴയായി ഈടാക്കുന്ന തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കേസിലെ മുഖ്യ സാക്ഷിയും കെവിന്റെ കൂട്ടുകാരനുമായ അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും, കെവിന്റെ പിതാവ് ജോസഫിനും നല്‍കാനും കോടതി ഉത്തരവിട്ടു.
സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാന കൊലപാതകമാണ് ഇതെന്നും, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാണ് കുറ്റക്കാരായി വിധിക്കപ്പെട്ടതിനു ശേഷം ശനിയാഴ്ച കേസ് പരിഗണിക്കവെ പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പ്രതികള്‍ക്ക് നേരത്തേ ക്രിമിനല്‍ പശ്ചാത്തലമില്ലന്നെതും പ്രതികളെ ആശ്രയിച്ച് കഴിയുന്ന കുടുംബമുണ്ടെന്നും പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.
ഇതിനിടെ നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിയ കോടതി ഇത് ദുരഭിമാന കൊല തന്നെയെന്ന് നിരീക്ഷിച്ചു.
പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിരുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, പൊതുവായ ഉദ്ദേശ്യത്തോടെ ഗൂഢാലോചന, ഭവന ഭേദനം, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, ഭീഷണി, നാശനഷ്ടമുണ്ടാക്കല്‍, തെളിവുനശിപ്പിക്കല്‍, എന്നീ വകുപ്പുകളാണ് ചുമത്തിയത്.
റെക്കോര്‍ഡ് വേഗത്തിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്നുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ഏപ്രില്‍ 26 മുതല്‍ 90 ദിവസമാണ് വിചാരണ നടന്നത്. ഇത്രയും വലിയ കേസില്‍ ഇതുപോലെ അതിവേഗം വിചാരണ പൂര്‍ത്തിയാകുന്നത് ഇതാദ്യമാണ്.
2018 മേയ് 28നാണ് കോട്ടയം നാട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ പുനലൂരിന് സമീപം ചാലിയേക്കര തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ചില ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി. ജോസഫിനെ(24) കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018 മേയ് 27നാണ് പ്രതികള്‍ ചേര്‍ന്ന് കേസിലെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് അനീഷിനെയും കെവിനെയും തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മേയ് 28നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തെറ്റുകാര്‍ക്ക് ശിക്ഷ ലഭിച്ചു എന്നായിരുന്നു വിധി അറിഞ്ഞ ശേഷം നീനുവിന്‍റെ പ്രതികരണം.