Fri. Nov 22nd, 2024
കോട്ടയം:

കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസായ കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുന്നത്. കെവിന്റേത് ദുരഭിമാന കൊല തന്നെയാണെന്ന് നിരീക്ഷിച്ച കോടതി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തുപേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

റെക്കോര്‍ഡ് വേഗത്തിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.

വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും ആവശ്യപ്പെടുന്ന കേസിലാണ് ഇന്ന് ശിക്ഷാവിധി ഉണ്ടാകുന്നത്. കൊലപാതകത്തിന്റെ കാരണം എന്തായാലും കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം പ്രതികളുടെ പ്രായവും കേസിന് മുന്‍പു വരെയുള്ള ജീവിതവും പരിഗണിച്ച് പരമാവധി ഇളവ് അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

കേസിന്റെ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തുകയും പത്തുപേരെ കുറ്റക്കാരായി വിധിക്കുകയും ചെയ്തിരുന്നു. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി ചിന്നു എന്ന നിയാസ് മോന്‍, മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നീ പത്തു പേരാണ് കേസില്‍ കുറ്റക്കാര്‍. 14 പ്രതികളുണ്ടായിരുന്ന കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാലുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.

2018 മേയ് 28നാണ് കോട്ടയം നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ പുനലൂരിന് സമീപം ചാലിയേക്കര തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും അച്ഛനും ചില ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി. ജോസഫിനെ(24) കൊലപ്പെടുത്തി എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *