Mon. Nov 25th, 2024

ന്യൂഡൽഹി:

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത സ്റ്റേഡിയങ്ങളിലൊന്നായ, ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്​ലിയുടെ പേരാണ് സ്റ്റേഡിയത്തിനിടുക. മുൻകാലങ്ങളിൽ, ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്നു ജെയ്​റ്റ്​ലി. ഈ കാരണം, മുൻനിർത്തിയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ചരിത്ര സ്റ്റേഡിയത്തിന്റെ നാമം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ, ചരിത്രപ്രധാന സ്റ്റേഡിയത്തിന്റെ വലിപ്പം കൂട്ടിയതും ലോകനിലവാരത്തിലുള്ള ഒരു ഡ്രസ്സിങ് റൂം ഒരുക്കിയത് തുടങ്ങി, സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ചുക്കാൻ പിടിച്ചത് അരുൺ ജെയ്റ്റ്​ലിയായിരുന്നു.

സെപ്റ്റംബർ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങിൽ സ്റ്റേഡിയം പുനർനാമകരണം ചെയ്യും. ഇതേ ചടങ്ങിൽ വച്ചുതന്നെ സ്റ്റേഡിയിലെ ഒരു സ്റ്റാൻഡിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരും നൽകും.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്​ല. കൊൽക്കത്തയിലെ, ഈഡൻ ഗാർഡൻസാണ് ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയം. 1883ലാണ് ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം സ്ഥാപിച്ചത്. 1948ൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലായിരുന്നു ഇവിടുത്തെ ആദ്യത്തെ ടെസ്റ്റ് മത്സരം.

സുനിൽ ഗാവസ്കർ 29-ാം സെഞ്ചുറി നേടി ഡോൺ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയതും 35 സെഞ്ചുറിയെന്ന ഗാവസ്കറുടെ റെക്കോഡ് സച്ചിൻ തെണ്ടുൽക്കർ പഴങ്കഥയാക്കിയതും അനിൽ കുംബ്ലെ പാകിസ്താനെതിരേ ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയതും ഫിറോസ് ഷാ യിൽ വച്ച് തന്നെ. ആകെ, പത്ത് ടെസ്റ്റ് വിജയങ്ങൾ ഇന്ത്യ ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്.

അരുൺ ജെയ്​റ്റ്​ലിയുടെ പിന്തുണയാണ് വിരാട് കോലി, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ തുടങ്ങിയ താരങ്ങളുടെ വളർച്ചയിൽ നിർണായകമായതെന്ന് ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശർമ പറഞ്ഞു.
മുൻ മന്ത്രിയുടെ ജെയ്റ്റ്​ലിയുടെ മരണത്തിനു പിന്നാലെ, ഡൽഹി ബി.ജെ.പി., എം.പി കൂടിയായ ഗൗതം ഗംഭീർ ന്യൂഡൽഹി യമുന സ്പോർട്സ് കോംപ്ലക്സിന് അരുൺ ജെയ്റ്റലിയുടെ പേര് നൽകിയിരുന്നു.

എന്നാൽ, അന്യമത ചിഹ്നങ്ങൾ, നാമങ്ങൾ എന്നിവയെ മായ്ക്കുന്നതിലൂടെ, ചരിത്രത്തെത്തന്നെ വളച്ചൊടിക്കുവാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനം നിലനിൽക്കുമ്പോഴാണ്, ഫിറോസ് എന്ന നാമം മാറ്റി ജെയ്‌റ്റിലി എന്ന നാമം ഒരു ചരിത്ര സ്റ്റേഡിയത്തിനു വരുന്നുവെന്നതും യാദൃച്ഛികമാണ്.

Leave a Reply

Your email address will not be published. Required fields are marked *