#ദിനസരികള്‍ 860
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവായ പടച്ചോന്റെ കൈകള്‍ കൊണ്ടാണെന്നും അതുകൊണ്ടു അവയെല്ലാംതന്നെ ഇവിടെ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരാണെന്നും ആരെങ്കിലും സ്വന്തം താല്പര്യങ്ങള്‍ക്കോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടി ഇതരപ്രാണികളെ കൊന്നൊടുക്കിയാല്‍ അത് ദൈവനിന്ദയും അക്ഷന്തവ്യമായ അപരാധവുമാമായിരിക്കുമെന്നുമുള്ള ദര്‍ശനത്തെയാണ് ഈ കഥ അടിവരയിട്ട് അവതരിപ്പിച്ചെടുക്കുന്നത്. കരിക്കു തുരന്നു തിന്നുന്ന ശല്യക്കാരായ കടവാവലുകളെ വെടിവെക്കാന്‍ പോയവരെ, വാവലുകള്‍ തങ്ങളുടെ ആത്മാക്കളാണെന്നു പറഞ്ഞു തടഞ്ഞവരെ മുന്‍നിറുത്തി കഥ ബഷീര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. –“മറക്കരുത്. വാവലുകള്‍ ആരുടേയും പൂര്‍വ്വികന്മാരുടെ ആത്മാക്കളല്ല. അന്ധവിശ്വാസം ഭ്രാന്തു പോലെയാക്കി മനുഷ്യരെ കൊല്ലാതിരിക്കുക. കടവാതിലുകളെന്ന വാവലുകള്‍ ദൈവം തമ്പുരാന്റെ കോടാനുകോടി സൃഷ്ടികളില്‍ പറക്കുന്ന ജീവികളാണ്. കരിക്കു നശിക്കട്ടെ, തേങ്ങ നശിക്കട്ടെ, സാരമില്ല ബാക്കി കിട്ടുന്നതു മതി. ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളില്‍ വാവലുകള്‍ അവകാശമുണ്ട്. ദൈവം തമ്പുരാന്‍ സൃഷ്ടിയുടെ ദിവ്യമുഹൂര്‍ത്തത്തില്‍ കല്പിച്ചുകൊടുത്ത പുരാതനപുരാതനമായ അവകാശം. ഓര്‍ക്കുക, ജീവികളായ സര്‍വ്വ ജീവികളും ഭൂമിയുടെ അവകാശികള്‍. മംഗളം.”
ബഷീറിന്റെ രസകരമായ ഭാഷയില്‍ ലോകത്തുള്ള സകലജീവിവര്‍ഗ്ഗങ്ങളും ഭൂമിയുടെ അവകാശികളാണെന്നും ശ്രീനാരായണന്‍ പറയുന്നതുപോലെ അവയും പുണര്‍ന്നു പിറന്നു വളര്‍ന്നു പോകുന്നതിന് നാം അനുവദിക്കേണ്ടതുണ്ടെന്നുമുള്ള കാഴ്ചപ്പാട് ശ്ലാഘനീയം തന്നെയാണ്. പ്രകൃതിയെ സ്നേഹിക്കണമെന്നും ജീവികളെ കൊല്ലരുതെന്നുമുള്ള സന്ദേശം വിതരണം ചെയ്യാന്‍ ഈ കഥ ഏറെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഒരു യു.പി.സ്ക്കൂള്‍ അഥവാ പരമാവധി പോയാല്‍ ഒരു ഹൈസ്കുള്‍ നിലവാരമുള്ള കുട്ടികള്‍ക്ക് അത്തരമൊരു ഒരു സന്ദേശം എന്നതിനപ്പുറം ഈ കഥയ്ക്ക് മറ്റൊരു തരത്തിലുമുള്ള പ്രധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ക്രിസ്റ്റഫര്‍ കാഡ്‍വെല്‍ തന്റെ Pacifism and Violence – A Study in Bourgeois Ethics എന്ന വിഖ്യാതമായ ലേഖനത്തില്‍ ഹിംസയേയും അഹിംസയേയും പറ്റി ചിന്തിക്കുന്നുണ്ട്.- “അഹിംസ അഥവാ അക്രരാഹിത്യമെന്നത് കേവലം ഒരു ശുദ്ധ ബൂര്‍ഷ്വ സങ്കല്പമാണ്. പ്രവര്‍ത്തനം കൊണ്ട് നേടിയെടുക്കേണ്ട ശാന്തി അഥവാ സമാധാനം എന്ന അര്‍ത്ഥമല്ല അയാള്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതു തരത്തിലുള്ള സാമൂഹ്യ നിയന്ത്രണവും അതു പോലെ ബലപ്രയോഗവും ഒരു യുദ്ധം പോലെയുള്ള അക്രമത്തെ അടിച്ചമര്‍ത്താനാണെങ്കില്‍പ്പോലും തെറ്റാണ് എന്നാണ് അവര്‍ വാദിക്കുന്നത്. സമാധാനം ശരിയാകണമെങ്കില്‍ സാമൂഹ്യ അവസ്ഥയെ വിപ്ലവാത്മകമായിത്തന്നെ മാറ്റി മറിക്കണം. അങ്ങനെ നോക്കുമ്പോള്‍ കമ്യൂണിസം ചിന്തിക്കുന്നതിന് നേരെ എതിരാണ് ബൂര്‍ഷ്വാസികളുടെ അക്രമമില്ലായ്മ എന്ന വാദം” കാഡ്‍വെല്‍ പറയുന്നതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ആശയപരമായ ഒന്നിനെ പിന്‍പറ്റി അഭിനയിച്ചെടുക്കേണ്ട ഒന്നല്ല ശാന്തി അഥവാ സമാധാനം എന്ന അവസ്ഥ എന്നാണ്. വ്യവസ്ഥകളെ മാറ്റി മറിച്ചുകൊണ്ട് ശാന്തമായ സാമൂഹ്യസ്ഥിതിയുണ്ടാക്കുന്നതിനു പകരം അതൊരുതരം അപ്രഖ്യാപിത ഒളിച്ചോട്ടമായി മാറുന്നു. നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് സമൂഹത്തിന് ഒന്നും തന്നെ സംഭാവന ചെയ്യാനുള്ള ശേഷിയില്ല എന്നതുകൊണ്ട് അക്രമമില്ലായ്മ എന്ന അവസ്ഥ, സാമൂഹ്യപരമാവുന്നില്ലെന്നു മാത്രവുമല്ല, വ്യക്തിപരമായ ഒരുതരം അഭിനയവുമാകുന്നു.
ഇതുപോലെയുള്ള ഒരു ചെറുകഥയില്‍ കാഡ്‍വെലിന്റെ ഈ അഭിപ്രായത്തിന് എത്രമാത്രം സാംഗത്യമുണ്ടെന്ന ചിന്ത, നിങ്ങളെപ്പോലെ ഞാനും മറച്ചു വെയ്ക്കുന്നില്ല. എന്നാല്‍ അതിലുപരി ബഷീര്‍ ഇവിടെ സിദ്ധാന്തിച്ചു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന വൈകാരികമായ പ്രകൃതി സ്നേഹം ബൂര്‍ഷ്വാകളുടെ അക്രമരാഹിത്യം പോലെയുള്ള ഒന്നാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാഡ്‌വെല്‍ നമ്മെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ബലഹീനത കൊണ്ട് അംഗീകരിച്ച് അനുസരിച്ചു പോകുന്നതിന് ആവശ്യമായ പിന്‍ബലം ഉണ്ടാക്കിയെടുക്കുകയാണ് – അതൊരു യുദ്ധഘട്ടമാണെങ്കില്‍പ്പോലും – ബൂര്‍ഷ്വാസികള്‍ ചെയ്യുന്നത്. സമൂഹത്തിന് ആവശ്യമായ ചലനങ്ങളെ സൃഷ്ടിക്കുവാനും അതുവരെ മനുഷ്യന് മുന്നോട്ടു കുതിക്കുവാനുമുള്ള സാഹചര്യങ്ങള്‍ക്ക് ഇത്തരം ആദര്‍ശാത്മക സിദ്ധാന്തങ്ങള്‍ വിഘാതമാകുന്നു. അതുകൊണ്ടുതന്നെ പ്രവര്‍ത്തിക്കേണ്ട ഘട്ടങ്ങളില്‍ പലവിധ ന്യായവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാം പിന്നോട്ടു മാറി നില്ക്കുന്നു. അതിനെ അഹിംസയെന്നോ സഹിഷ്ണുതയെന്നോ വിശാലമനസ്കതയെന്നോ ഒക്കെയുള്ള പേരുകളില്‍ വിശേഷിപ്പിച്ച് അതാണ് ശരിയെന്ന് വാദിച്ചുറപ്പിച്ചെടുക്കുന്നു. ഫലമോ? മുന്നോട്ടു കുതിച്ചു പായേണ്ട ഘട്ടത്തില്‍ “പരമസാത്വികരായി” നാം പിന്നോട്ടു പിന്നോട്ടു പിന്‍വാങ്ങിപ്പോകുന്നു.
ബഷീറും മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ ഇതുതന്നെയാണ്. അപാരമായ പ്രകൃതിസ്നേഹത്തിന്റെ ഭാവമായി നാമതിനെ മനസ്സിലാക്കുന്നു, ഉള്‍ക്കൊള്ളുന്നു. എന്നാല്‍ വസ്തുത അങ്ങനെയല്ല. ബഷീറിന്റെ പ്രകൃതി സ്നേഹം പ്രകൃതിയോടുള്ള ശുദ്ധമായ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമല്ല, മറിച്ച് സര്‍വ്വതിനേയും പടച്ചവനോടുള്ള പ്രതിബദ്ധതയുടെ പ്രതികരണമാണ്. ഇത് കേവലം യാന്ത്രികവും പ്രകൃതിയോടുള്ള യഥാര്‍ത്ഥ സ്നേഹത്തിന്റെ വിപരീതവുമാണ്. ദൈവമുള്ളതുകൊണ്ടും അദ്ദേഹത്തിന്റെ സൃഷ്ടിയാണ് ഇവിടുത്തെ ജീവസഹസ്രങ്ങളെന്നതുകൊണ്ടും ആ ദൈവത്തോടുള്ള സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സ്രഷ്ടാക്കളേയും സ്നേഹിക്കുക എന്നതാണ് ബഷീര്‍ മുന്നോട്ടു വെയ്ക്കുന്ന കാഴ്ചപ്പാട്. ഇത് കൃത്രിമമാണ്.
കഥയുടെ അവസാനം വാവലുകള്‍ മരിച്ചു പോയ മനുഷ്യരുടെ ആത്മാക്കളാണെന്ന വിശ്വാസത്തെ ബഷീര്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ അത്തരമൊരു നിലപാടെടുക്കാന്‍ അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല എന്നതാണ് വസ്തുത. കാരണം പടച്ചോനുണ്ട് എന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ ഏതേതു ന്യായങ്ങള്‍ അടിസ്ഥാനമായോ അതേ ന്യായങ്ങള്‍ കൊണ്ടുതന്നെ വാവലുകള്‍ ആത്മാക്കളാണെന്ന് സ്ഥാപിച്ചെടുക്കാനും ഉപയോഗിക്കാം. അതായത് പടച്ചോനുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നതും തെളിവൊന്നുമില്ലാതെയാണ്, വാവലുകള്‍ ആത്മാക്കളാണ് എന്ന് ചിലര്‍ വിശ്വസിക്കുന്നതും തെളിവൊന്നുമില്ലാതെയാണ്. ഒന്നൊന്നിനെ നിഷേധിക്കുവാനുള്ള യാതൊരു വിധ സാധ്യതകളും നിലവിലില്ല തന്നെ. അതുകൊണ്ടുതന്നെ ദൈവത്തിന്റെ കഥയും വാവലുകളുടെ കഥയും തത്വത്തില്‍ ഒന്നുതന്നെയാകുന്നു.
പാരിസ്ഥിതിക ചിന്ത എന്താണെന്ന് അടയാളപ്പെടുത്തിക്കൊണ്ട് ഭാവനയുടെ ജലസ്ഥലികള്‍ എന്ന പുസ്തകത്തില്‍ ജി.മധുസൂദനന്‍ എഴുതുന്നു – “നിലനില്പിന്റെ ഫലഭൂയിഷ്ടമായ മേല്‍മണ്ണില്‍ നിന്നാണ് എല്ലാ മികച്ച കഥകളും പിറവിയെടുക്കുന്നത്; അവയുടെ വേരുകള്‍ ജീവിതത്തിന്റെ അഗാധതയിലും. മനുഷ്യമനസ്സിന്റെ മൃദുലഭാവങ്ങളേയും അവ നെയ്യുന്ന മിത്തുകളേയും നാടോടി സംസ്കാരത്തേയുമെല്ലാം ജീവല്‍ സമസ്യകളില്‍ കോര്‍ത്തെടുക്കാന്‍ ഭൌതികഭാവനയ്ക്ക് കഴിയും. മുതലാളിത്ത വ്യാപനം മൂലം നമ്മുടെ ഭൌമഗേഹത്തിലെ ദീര്‍ഘകാല നിലനില്പിന്റെ അടിത്തറകള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ നീറോയെപ്പോലെ വീണവായിക്കുന്ന ശുദ്ധകലാവാദിയെ ഇന്നാരും മുഖവിലയ്ക്കെടുക്കുമെന്ന് തോന്നുന്നില്ല.”
പ്രകൃതിയേയും മറ്റു സാഹചര്യങ്ങളേയും സംരക്ഷിക്കേണ്ടത് അഭൌതികമായ കാരണങ്ങള്‍ കൊണ്ടല്ല, മറിച്ച് ഭൌതികമായ കാരണങ്ങള്‍കൊണ്ടു തന്നെയാകണമെന്നാണ് ഇവിടെ വ്യക്തമാകുന്നത്. അതല്ലെങ്കില്‍ നാം ചെയ്തുകൂട്ടുന്ന ഓരോന്നിനേയും – അത് ഗുണമായാലും ദോഷമായാലും – ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുവാന്‍ കഴിയും. അതുകൊണ്ട് ദൈവസൃഷ്ടികളെ അക്കാരണംകൊണ്ടുതന്നെ സ്നേഹിക്കുക എന്ന ബഷീറിന്റെ പ്രകൃതി ദര്‍ശനത്തിന്റെ കൃത്രിമവും പരിമിതവുമായ വലയത്തിനുള്ളില്‍ നിന്നുകൊണ്ടല്ല, പ്രകൃതിയും അതില്‍ നിലനിന്നു പോരുന്ന എണ്ണമറ്റ ജീവജാലങ്ങളും മനുഷ്യന്റെ സഹജീവികളാണെന്നും അവയ്ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പരസ്പരം കൊണ്ടും കൊടുത്തും പുലര്‍ന്നില്ലെങ്കില്‍ ഒന്നും അവശേഷിക്കയില്ലെന്നുമുള്ള ചിന്തയിലായിരുന്നു ഭൂമിയുടെ അവകാശികള്‍ എഴുതപ്പെടേണ്ടിയിരുന്നത്. മറിച്ചായത് ബഷീറെത്ര ദുര്‍ബലന്‍ എന്നാണ് പ്രഖ്യാപിക്കുന്നത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.
Thanks sir