ന്യൂയോര്‍ക്ക്:
കത്തി നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ ശ്വാസകോശത്തെ രക്ഷിക്കാന്‍ വേണ്ടി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡി കാപ്രിയോ രംഗത്ത്. ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലയന്‍സ് 36 കോടിയോളം രൂപയാണ് ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി നല്‍കാന്‍ തയ്യാറായിരിക്കുന്നത്.
തീ പിടിത്തത്തില്‍ നശിച്ച ആമസോണ്‍ വനമേഖലകളുടെ പുനരുജ്ജീവനം എന്ന ലക്ഷ്യവുമായിട്ടാണ് സഹായം നല്‍കുന്നത്. തീയണക്കാനും ആമസോണ്‍ കാടുകളെ രക്ഷിക്കാനും ശമിച്ചു കൊണ്ടിരിക്കുന്ന പ്രദേശവാസികള്‍ക്കും അവരുമായി ബന്ധപ്പെട്ട പരിസ്ഥിതി സംഘടനകള്‍ക്കുമാണ് ഫണ്ട് കൈമാറുക. ലിയനാര്‍ഡോ ഡി കാപ്രിയോ, സുഹൃത്തുക്കളായ ലോറന്‍സ് പവല്‍ ജോബ്സ്, ബ്രയാന്‍ ഷേത്ത് എന്നിവര്‍ ചേര്‍ന്ന് അടുത്തകാലത്തായി രൂപം നല്‍കിയ പരിസ്ഥിതി സംഘടനയാണ് എര്‍ത്ത് അലൈന്‍സ്. തീയണയ്ക്കാനും വനത്തെ സംരക്ഷിക്കാനുമായി പ്രവര്‍ത്തിക്കുന്ന അഞ്ച് പ്രാദേശിക സംഘടനകള്‍ക്ക് ഈ പണം വീതിച്ചുനല്‍കാനാണ് തീരുമാനം.
ആമസോണ്‍ വനങ്ങളുടെ സംരക്ഷണത്തിനും കാട്ടുതീയെ തുടര്‍ന്ന് ദുരിതത്തിലായ വനപ്രദേശത്തു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി തുക ചെലവഴിക്കും. സ്വന്തം സംഘടനയില്‍ നിന്നും പണം നല്‍കുന്നതു കൂടാതെ ആമസോണിനായി ലോകമെങ്ങുമുള്ള പരിസ്ഥിതി സ്‌നേഹികളില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനും ഡി കാപ്രിയോയും എര്‍ത്ത് അലൈന്‍സും മുന്‍കൈ എടുക്കുന്നുണ്ട്.
“ആമസോണ്‍- ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ഓക്‌സിജന്റെ 20 ശതമാനം നല്‍കുന്ന പ്രദേശം, അടിസ്ഥാനപരമായി ഈ ലോകത്തിന്റെ ശ്വാസകോശം. ഇത് കഴിത്ത 16 ദിവസമായി കത്തിക്കൊണ്ടേയിരിക്കുന്നു. ഇതുവരെ ഒരു മാധ്യമങ്ങളും അതിന് വാര്‍ത്താ പ്രാധാന്യം നല്‍കിയിട്ടില്ല. എന്താണിങ്ങനെയെല്ലാം” എന്ന ചോദ്യവുമായി ഡി കാപ്രിയോ നാലു ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആമസോണിനെ രക്ഷിക്കാനായി ഫണ്ട് കണ്ടെത്താനുള്ള നടപടി തുടങ്ങിയത്. എര്‍ത്ത് അലയന്‍സിന്റെ വെബ്‌സൈറ്റില്‍ ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരില്‍ തന്നെയാണ് ഡികാപ്രിയോയും സുഹൃത്തുക്കളും സംഭാവന ചോദിച്ചിട്ടുള്ളത്. സംഭാവനയായി നല്‍കുന്ന പണം കാടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ തന്നെ എത്തുമെന്ന നൂറുശമാനം ഉറപ്പും ഇവര്‍ എര്‍ത്ത് അലൈന്‍സ് വെബ്‌സൈറ്റിലൂടെ നല്‍കുന്നുണ്ട്.
ബ്രസീലില്‍ നിന്ന് കൊളംബിയ വരെ നീളുന്ന ആമസോണ്‍ മഴക്കാടുകളിലെ ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലയില്‍ നിന്നും തുടങ്ങിയ തീപിടിത്തം ഓരോ മിനിട്ടിലും 200 ചതുരശ്ര അടിയോളം പ്രദേശത്തുള്ള മരങ്ങളെ അഗ്നിക്കിരയാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് ഏകദേശ കണക്ക്. ഭൂമിക്ക് ജീവവായു നല്‍കുന്ന വനങ്ങളാണ് കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്നത്.
ആഗോളതാപനത്തെ പ്രതിരോധിക്കുന്നതില്‍ ഇതുവരെ പ്രധാന പങ്കു വഹിച്ചിരുന്നത് ആമസോണ്‍ മഴക്കാടുകളാണ്. ഇതുകൂടി നശിച്ചാല്‍ എന്താകും സ്ഥിതി എന്നതാണ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ആശങ്ക. ഈ നൂറ്റാണ്ടില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും ഭീകരമായ തീപിടുത്തമാണ് ആമസോണ്‍ മഴക്കാടുകളെ ഏതാനും ദിവസമായി ചുട്ടെരിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ബോയിങ് സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങളുപയോഗിച്ച് മഴ പെയ്യിക്കാന്‍ തുടങ്ങിയിട്ടും തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ഇടപെടുക എന്ന ലക്ഷ്യവുമായി കഴിഞ്ഞമാസമാണ് ലിയനാര്‍ഡോ ഡി കാപ്രിയോ – ഫൗണ്ടേഷന്‍ എര്‍ത്ത് അലൈന്‍സുമായി കൈ കോര്‍ത്തത്. 1998-ലാണ് ലിയനാര്‍ഡോ ഡി കാപ്രിയോ ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷം ഡോളറിന്റെ സഹായം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി കാപ്രിയോ ഫൗണ്ടേഷന്‍ ചെലവഴിച്ചിട്ടുണ്ട്.