ബ്രസീല്‍:
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ ഇപ്പോഴും നിന്നു കത്തുകയാണ്. ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും തുടരുന്ന കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്റെ നല്ലൊരു പങ്കും വിഴുങ്ങിക്കഴിഞ്ഞു. ഏറ്റവും പുതിയതായി പുറത്തു വരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും നല്‍കുന്ന സൂചനയും ഇതുതന്നെയാണ്.
ആമസോണ്‍ മഴക്കാടുകള്‍ കത്തി നശിക്കുന്നതിന്റെ സി.എന്‍.എന്‍ പുറത്തുവിട്ട ആകാശ ദൃശ്യങ്ങളില്‍ കാണുന്നത് കിലോമീറ്റുകളോളം വരുന്ന പ്രദേശത്തെ അന്തരീക്ഷത്തില്‍ ഉയര്‍ന്നിരിക്കുന്ന പുകയുടേയും തീയുടെയും ഭീകര ദൃശ്യങ്ങളാണ്.
https://www.facebook.com/cnn/videos/537213240351537/
ബി.ബി.സി പുറത്തു വിട്ട വടക്കന്‍ റോണ്‍ഡോണിയ സംസ്ഥാന മേഖലയില്‍ നിന്നുള്ള ആകാശ ദൃശ്യങ്ങളും ഒട്ടും വ്യത്യസ്തമല്ല. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വനഭൂമി ഇതിനകം കത്തിയമര്‍ന്നു കഴിഞ്ഞു.
https://www.facebook.com/bbcnews/videos/516203512467083/
ലോക രാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് സംഭവിച്ച ദുരന്തത്തെ കാണുന്നത്. ഭൂമിയില്‍ ആകെയുള്ള ഉഷ്ണ മേഖലാ വനങ്ങളുടെ 40 ശതമാനം മഴക്കാടുകളാണ്. ലോകത്തിന് കിട്ടുന്ന ശുദ്ധജലത്തില്‍ 20 ശതമാനം നല്‍കുന്നതും ആമസോണ്‍ മഴക്കാടുകളാണ്. 40,000-ല്‍ അധികം സ്പീഷിസുകളില്‍ പെട്ട ചെടികളുടെയും മരങ്ങളുടെയും, മൂവായിരത്തിലധികം പഴ വര്‍ഗങ്ങളുടെയും കലവറ കൂടിയാണ് ആമസോണ്‍ മഴക്കാടുകള്‍.
ബ്രസീല്‍ കാണിച്ച അനാസ്ഥ
ആമസോണ്‍ കാടുകളില്‍ വന്‍ തോതില്‍ തീ പടര്‍ന്നു കത്താന്‍ തുടങ്ങിയതു മുതല്‍ ലോക ജനത ഒന്നാകെ ആശങ്കയിലായി. ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ 20 ശതമാനവും നമുക്കു സംഭാവന ചെയ്യുന്നത് ആമസോണ്‍ മഴക്കാടുകളാണ്. ഈ വനങ്ങള്‍ നശിച്ചാല്‍ അത് പരിസ്ഥിതിയില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ലോക ജനതയെ മുഴുവനായി തന്നെ ബാധിക്കും.
ഈ സത്യം അറിയാവുന്നതു കൊണ്ടുതന്നെ പരിസ്ഥിതി സംഘടനകളും മറ്റു ലോക രാജ്യങ്ങളും തീ അണയ്ക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. തീപിടിത്തമുണ്ടായ ആമസോണ്‍ കാടുകൡ വലിയൊരു പങ്ക് ബ്രസീലിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന പ്രദേശമാണ്. ബ്രസീല്‍-പാരഗ്വായ് അതിര്‍ത്തിയിലാണ് തീ ഏറ്റവും കൂടുകതലായി ആളിപ്പടര്‍ന്നത്. എന്നാല്‍ വേണ്ടത്ര ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കാന്‍ ബ്രസീല്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.
ആമസോണിന്റെ കാര്യത്തില്‍ ബ്രസീല്‍ പ്രസിഡന്റ് സ്വീകരിച്ച നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്. ആമസോണ്‍ കാടുകള്‍ കത്തിയമരുമ്പോള്‍ അത് ബ്രസീലിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്നായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനരൊയുടെ നിലപാട്. വിഷയത്തെ നിസാരവത്ക്കരിച്ച ബൊല്‍ലൊനാരോക്കെതിരെ വലിയ പ്രതിഷേധം ലോകം മുഴുന്‍ ഉയര്‍ന്നു. ബോള്‍സനാരോയുടെ നയങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകളും കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ ബ്രസീലിനെതിരെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് തീയണക്കാന്‍ ബ്രസീല്‍ ഊര്‍ജിതമായി രംഗത്തിറങ്ങിയത്.
ലോകരാജ്യങ്ങള്‍ ഇടപെടുന്നു
ലോക നേതാക്കള്‍ ഒത്തു കൂടിയ G-7 ഉത്തകോടിയില്‍ ആമസോണ്‍ വിഷയം ചര്‍ച്ച ചെയ്തു. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടണ്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് കാനഡയിലെ ബിയാറിറ്റ്‌സ് നഗരത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പല നേതാക്കളും ബ്രസീല്‍ പ്രസിഡന്‍ഡ് ജെയിര്‍ ബോര്‍സൊനാരോയുടെ നടപടികളെ നിശിതമായി വിമര്‍ശിച്ചു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍ ബ്രസീലില്‍ തീപിടിത്തമുണ്ടായത് ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തീ അണയ്ക്കുന്നതിന് വേണ്ടി സാങ്കേതികമായും സാമ്പത്തികമായും ആവശ്യമായ സഹായം നല്‍കാനുള്ള തീരുമാനങ്ങളില്‍ ധാരണയിലെത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
ആമസോണിലെ കാട്ടുതീ ഒരു അന്തര്‍ദേശീയ പ്രശ്‌നമാണെന്നും നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ മുന്‍ഗണന നല്‍കി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞിരുന്നു. ഈ കാട്ടുതീയുടെ ഫലം അനുഭവിക്കേണ്ടി വന്ന രാജ്യങ്ങളെയെല്ലാം സഹായിക്കാന്‍ തയ്യാറാണെന്ന് ലോകനേതാക്കളെല്ലാം സമ്മതിച്ചിട്ടുണ്ടെന്നും മക്രോണ്‍ അറിയിച്ചു. ആമസോണ്‍ മക്കാടുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് യെല്‍സിനും അറിയിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ കണ്ട ആമസോണ്‍
ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ മരണം മാത്രമാണ് കാണാന്‍ കഴിയുന്നതെന്ന് ആമസോണിന്റെ അവസ്ഥ റിപ്പോര്‍ട്ടു ചെയ്യാന്‍ ബ്രസീലിലെത്തിയ സി.എന്‍.എന്നിലെ നിക് പാറ്റണ്‍ വാഷ്, നതാലി ഗാലണ്‍, എന്നീ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ആമസോണിലെ കാട്ടുതീ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച റോണ്‍ഡോണിയ സംസ്ഥാനത്തിന് മുകളിലൂടെയാണ് നിക് പാറ്റണും, നതാലിയും പറന്നത്. തുടര്‍ച്ചയായി ആളികത്തിയ തീ ഈ പ്രദേശത്തെയാകെ ഇല്ലാതാക്കി കഴിഞ്ഞു.
വളരെ കട്ടിയുള്ള പുകയാണ് ഇവിടെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത്. തങ്ങള്‍ സഞ്ചരിച്ച സെസ്‌ന വിമാനത്തിന് പലപ്പോഴും ആ പുകയില്‍ നിന്നും മാറി സഞ്ചരിക്കേണ്ടതായി വന്നു എന്നും നിക്കും നതാലിയും പറയുന്നു. എയര്‍ വെന്റുകളില്‍ കൂടി കാബിനുള്ളിലേക്ക് കയറിയ പുക സമ്മാനിച്ചത് കണ്ണുകള്‍ കത്തുന്ന അനുഭവമാണ്. ശ്വാസം മുട്ടാതിരിക്കാന്‍ പലപ്പോഴും എയര്‍ വെന്റുകള്‍ പോലും അടയ്‌ക്കേണ്ടതായി വന്നു. പലപ്പോഴും വളരെ കനത്ത പുകയായതിനാല്‍ തന്നെ താഴെയുള്ള പ്രദേശത്തിന്റെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയാന്‍ പ്രയാസമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
മരക്കൂട്ടങ്ങളും കൃഷിയിടങ്ങളും കത്തിനശിച്ച് ചാരവും പുകയും മാത്രമായി. താഴെ ഭൂമിയില്‍ ചാരമല്ലാതെ മറ്റൊന്നും കാണാനില്ല. ഈ ചാരത്തിനിടയില്‍ കാണപ്പെടുന്ന ഓറഞ്ചു നിറമുള്ള ചെറിയ കനല്‍ തരികള്‍ ഇനിയും എപ്പോള്‍ വേണമെങ്കിലും വീണ്ടും ആളിപ്പടരാം. മനോഹര വനമായിരുന്ന ഇവിടത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ കാടിന്റെ ശവകുടീരം മാത്രമായിക്കഴിഞ്ഞു.
ഗ്രീന്‍ പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തക റോസാന വില്ലറാണ് കാട്ടുതീ ഉണ്ടായ പ്രദേശങ്ങളില്‍ ഇവര്‍ക്ക് വിമാനത്തിലെത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയത്. നിങ്ങള്‍ക്കിനി കാണാന്‍ കഴിയുന്നത് കത്തുന്ന വനമല്ല. കാടിന്റെ വലിയൊരു ശ്മശാനം മാത്രമാണ് എന്നായിരുന്നു റോസാന വില്ലര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോകം നടപടികള്‍ സ്വീകരിക്കണമെന്ന പരിസ്ഥിതി സ്‌നേഹികളുടെ മുന്നറിയിപ്പിനെ അവഗണിച്ചതിന്റെ ഫലം കൂടിയാണ് ആമസോണില്‍ കാണുന്നത്. ഉയരത്തിലുള്ള മരങ്ങളില്ലാത്ത കുറ്റിച്ചെടികള്‍ നിറഞ്ഞ പ്രദേശങ്ങള്‍ കത്തിയമര്‍ന്ന് റോഡുകള്‍ പോലെ തോന്നും ആകാശത്തു നിന്നുമുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍. കത്തിക്കരിഞ്ഞ പ്രദേശങ്ങളില്‍ അവശേഷിക്കുന്ന മരങ്ങളും ഇലകളും മഞ്ഞ കലര്‍ന്ന മറ്റൊരു നിറത്തിലാണ് കാണപ്പെടുന്നത്. ഈ നിറത്തില്‍ നിന്നും ഇനി പച്ചനിറമുള്ള യൊതൊന്നും അടുത്ത കാലത്തൊന്നും വളര്‍ന്നു വരാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ചിന്റെ കണക്കു പ്രകാരം ബ്രസീലിലെ റോണ്‍ഡോണിയ എന്ന സംസ്ഥാനത്തു മാത്രം ഈ വര്‍ഷം 6,436 തീപിടിത്തങ്ങളാണ് ഉണ്ടായിട്ടുള്ളത്.