തിരുവനന്തപുരം :
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കൊലപാതകം നടന്ന് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിചാരണ ആരംഭിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
വിചാരണ തുടങ്ങിയ ദിവസം തന്നെ കേസിലെ നിര്‍ണായക സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഇത് അനുവദിക്കുകയായിരുന്നു.
പ്രോസിക്യൂഷന്റെ പട്ടികയില്‍ അഭയ കേസില്‍ ഉണ്ടായിരുന്നത് 50 സാക്ഷികളാണ്. ഇതില്‍ ഒന്നും രണ്ടും സാക്ഷികള്‍ മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റര്‍ അനുപമയെ ഒന്നാം സാക്ഷിയായി വിചാരണ തുടങ്ങിയത്. അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മൊഴിയാണ് സിസ്റ്റര്‍ അനുപമ ഇന്ന് കോടതിയില്‍ നല്‍കിയത്. പത്തു വര്‍ഷത്തിനു മുമ്പു നല്‍കിയ മൊഴിയാണ് അനുപമ മാറ്റിയത്.
സംഭവ ദിവസം രാവിലെ സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും അടുക്കളയ്ക്കടുത്ത് കണ്ടിരുന്നു എന്നാണ് അനുപമ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന മൊഴി. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നതായും പറഞ്ഞിരുന്നു. ഈ മൊഴികളെല്ലാം അനുപമ ഇന്ന് കോടതിയില്‍ മാറ്റിപ്പറഞ്ഞു. അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല എന്നാണ് സിസ്റ്റര്‍ അനുപമ കോടതിയെ ധരിപ്പിച്ചത്. ഇതോടെ കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും സമ്മര്‍ദ്ദവും ഉണ്ടായിട്ടുണ്ട് എന്നാണ് സൂചന.
വിചാരണ തുടങ്ങിയത് പത്തു വര്‍ഷം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍
2009ലാണ് സി.ബി.ഐ അഭയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചതാണ് നടപടി വൈകാന്‍ കാരണമായത്. എന്നാല്‍ പ്രതികള്‍ നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചു. ഇതോടെയാണ് വിചാരണ ആരംഭിക്കാന്‍ കളമൊരുങ്ങിയത്. ഒരു വര്‍ഷത്തോളമായി സി.ബി.ഐ തിരുവനന്തപുരം യൂണിറ്റും കോടതിയും കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയായ ഫാ. തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുതൃക്കയിലിനെയും, നാലാം പ്രതിയായിരുന്ന ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി- കെ.ടി. മൈക്കിളിനെയും തിരുവനന്തപുരം സി.ബി.ഐ കോടതി 2018 മാര്‍ച്ചില്‍ കുറ്റ വിമുക്തരാക്കിയിരുന്നു. ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി സ്ഥാനത്തുനിന്നും ഒഴിവാക്കേണ്ടതായ പ്രത്യേക സാഹചര്യമോ തെളിവുകളുടെ അഭാവമോ ഇല്ലെന്നും വ്യക്തമാക്കിയ കോടതി ഇരുവരുടെയും ഹര്‍ജികള്‍ തള്ളി. പ്രതികള്‍ക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ അടക്കമുളള തെളിവുകളും കോടതിയില്‍ നിര്‍ണായകമായി.
അഭയ കേസിലെ അന്വേഷണത്തിനിടെ തെളിവുകള്‍ നശിപ്പിച്ചു, ഇതിനായി ഗൂഡാലോചന നടത്തി, എന്നീ കുറ്റങ്ങള്‍ നാലാം പ്രതിയായ ക്രൈംബ്രാഞ്ച് എസ്.പി – കെ.ടി മൈക്കിളിനെതിരെ സി.ബി.ഐ ചുമത്തിയിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കാന്‍ മാത്രം ശക്തമായ തെളിവുകള്‍ മൈക്കിളിനെതിരെ ഇല്ല എന്ന കണ്ടെത്തലിലാണ് ഇദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ കോടതി ഉത്തരവിട്ടത്. അതേസമയം വിചാരണ നടക്കുന്നതിനിടെ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ മൈക്കിളിനെ വേണമെങ്കില്‍ പ്രതി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തെളിവു നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന വി.വി. അഗസ്റ്റിന്‍, ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി കെ. സാമുവല്‍ എന്നിവര്‍ ഇതിനിടെ മരണമടയുകയും ചെയ്തിരുന്നു.
സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തളളി, തെളിവു നശിപ്പിച്ചു, അപകീര്‍ത്തിയുണ്ടാക്കി, തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗാകരിച്ചില്ല. വിചാരണ കോടതിയുടെ കണ്ടെത്തലും തീരുമാനവും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ശരിവെച്ചു.
അഭയ കേസ് : കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം അന്വേഷണം നീണ്ട കൊലപാതക കേസ്
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും ബി.സി.എം കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന ബീന തോമസ് എന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ മരണത്തില്‍ ദുരൂഹതയുള്ളതായി വ്യപകമായ ആരോപണമുയര്‍ന്നിരുന്നു. അഭയയുടെ വീട്ടുകാരും മരണം സ്വാഭാവികമല്ലെന്ന് സംശയം പ്രകടിപ്പിച്ചു. ലോക്കല്‍ പോലീസ് അസ്വാഭാവിക മരണമായി രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്വേഷണം തുടങ്ങി. 17 ദിവസത്തോളം അന്വേഷിച്ച കേസ് ആത്മഹത്യയാണെന്നു പറഞ്ഞ് ലോക്കല്‍ പോലീസ് അവസാനിപ്പിച്ചു.
ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് മാര്‍ച്ച് 31ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ ശക്തമായ പ്രധിഷേധമുയര്‍ത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കെ.ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ഒന്‍പതര മാസം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു വിധിയെഴുതി 1993 ജനുവരി 30ന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു.
ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നു. അന്വേഷണത്തിനെതിരെ പൊതു പ്രവര്‍ത്തനും ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഇടപെടലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതില്‍ നിര്‍ണായകമായത്. നാട്ടുകാരുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതിഷേധം ശക്തമായതോടെ 1993 മാര്‍ച്ച് 29ന് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് കേസന്വേഷണം ഏറ്റെടുത്തു. എട്ടു മാസം പിന്നിട്ടപ്പോള്‍ ഡിസംബര്‍ 30ന് അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസ് രാജിവെച്ചു. സര്‍വീസ് അവസാനിക്കാന്‍ ഏഴു വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു രാജി.
ഏതാനും മാസം കഴിഞ്ഞ് വര്‍ഗീസ് പി. തോമസിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നു. കേസ് ആത്മഹത്യയാക്കാന്‍ സി.ബി.ഐയിലെ എസ്.പി തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വര്‍ഗീസ് പറഞ്ഞു. പിന്നീട് പ്രത്യേക സി.ബി.ഐ സംഘത്തിനായി അന്വേഷണ ചുമതല. 1996 ഡിസംബര്‍ ആറിന് പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കാണിച്ച് സി.ബി.ഐ സംഘം എറണാകുളം സി.ജെ.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ടു നല്‍കി.
1997 ജനുവരി 18ന് സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
ഒടുവില്‍ സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയെന്ന് സി.ബി.ഐ 1999ല്‍ റിപ്പോര്‍ട്ടു നല്‍കി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്ന സി.ബി.ഐ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷണത്തില്‍ വലിയ പുരോഗതിയൊന്നും പിന്നീടുണ്ടായില്ല ഇതിനിടെ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ മൂന്നാം തവണയും കോടതിയെ സമീപിച്ചു. ഈ ആവശ്യം കോടതി വീണ്ടും തള്ളി.
തുടര്‍ന്ന് 2007 മുതല്‍ പുതിയ സംഘത്തിനായി അന്വേഷണ ചുമതല. നാര്‍ക്കോ അനാലിസിസിന് അനുമതി തേടിയ സി.ബി.ഐ സംഘത്തിന് കോടതി അനുമതി നല്‍കി. 2007 ആഗസ്റ്റ് മൂന്നിന് നടന്ന നുണപരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ സി.ബി.ഐ സംഘത്തിനു കിട്ടി. തുടര്‍ന്ന് 2007ല്‍ സി.ബി.ഐ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഒരു മാസത്തോളം കഴിഞ്ഞ് പരിശോധനാ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.
സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. തോമസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഒന്നരമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് കേസ് കെട്ടിച്ചമച്ചതാണ് എന്നാരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് വിചാരണ നീണ്ടു പോയത്.