Mon. Dec 23rd, 2024
ബാസല്‍:

കാത്തിരുപ്പുകൾക്കൊടുവിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി.സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം. ഞായറാഴ്ച നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകർത്തു തരിപ്പണമാക്കിക്കൊണ്ടാണ്, സിന്ധുവിന്റെ നേട്ടം. നേരിട്ടുള്ള സെറ്റുകൾക്ക് (21-7, 21-7) എന്ന നിലയിൽ, വെറും 38 മിനിറ്റുകൾക്കുള്ളിൽ കളി അവസാനിപ്പിച്ചു മുഖം പൊത്തി ആകാശത്തേക്ക് തലയുയർത്തി സിന്ധു നിന്നു. രണ്ടു വർഷങ്ങൾക്കുമുന്നെ 2017ലെ ചാമ്പ്യൻഷിപ്പിൽ നൊസോമി ഒക്കുഹാര എന്ന ഇതേ പ്രതിയോഗിയോട് 110 മിനുറ്റുകൾ നീണ്ട ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ പരാജിതയായ ചിത്രം അപ്പോൾ ആ ആകാശത്തു തെളിഞ്ഞിട്ടുണ്ടാവണം, ഇരുപത്തി നാലുകാരിയായ ഇന്ത്യയുടെ അഭിമാനം സിന്ധു, ചുറ്റിലും ആരവങ്ങൾ ഉയർന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍, സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്.
വിജയത്തോടുകൂടി, ലോക ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടുന്ന ആദ്യ താരവും വനിതാതാരവും എന്ന നേട്ടം സിന്ധു സ്വന്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്‌പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി.

2013, 14 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ രണ്ടു വെള്ളിയുമുൾപ്പെടെ ആകെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

ഈ വര്‍ഷം നടന്ന ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും സിന്ധു, ഒക്കുഹാരയെ പരാജയപ്പെടുത്തിയിരുന്നു.

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനൽ എത്തുകയും ഫൈനലിൽ പതറുകയും ചെയ്യുന്ന താരമെന്ന വിമർശനത്തെ കൂടി ഇതോടുകൂടി സിന്ധു മറികടന്നിരിക്കുകയാണ്. കഴിഞ്ഞ ഇന്‍ഡൊനീഷ്യന്‍ ഓപ്പണിന്റെ ഫൈനലിലും ജപ്പാന്റെ തന്നെ അകാന യമഗൂച്ചിയോട് സിന്ധു പരാജയപ്പെട്ടിരുന്നു.

ശനിയാഴ്ച നടന്ന സെമിഫൈനലില്‍, ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് പി.വി. സിന്ധു ഫൈനലിലെത്തിയത് (21-7, 21-14).

Leave a Reply

Your email address will not be published. Required fields are marked *