കോട്ടയം:
കേരളത്തിലെ പാലാ നിയോജകമണ്ഡലം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലയിലും ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു.
സെപ്റ്റംബർ 23നായിരിക്കും നാലിടങ്ങളിലും വോട്ടെടുപ്പ് നടക്കുക, സെപ്റ്റംബർ 27ന് അതാതിടങ്ങളിൽ വോട്ടെണ്ണൽ നടക്കും. അടുത്ത മാസം 29നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പാലായിൽ, മുൻമന്ത്രി കെ.എം.മാണി അന്തരിച്ചതിനെത്തുടർന്ന്, ഒഴിവു വന്ന സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുക. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പാലാ കഴിഞ്ഞ ആറു മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ 54 വർഷങ്ങളായി കെ.എം.മാണിയായിരുന്നു പാലായിൽ നിന്നു ജയിച്ചിരുന്നത്.
കെ.എം മാണി മറഞ്ഞതിനു പിന്നാലെ, അര നൂറ്റാണ്ടിനു ശേഷം പാല നിയോജകമണ്ഡലം, ഒരു പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്.
കേരളത്തിലെ പാലാ നിയോജക മണ്ഡലത്തിനു പുറമെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കേന്ദ്രമായ ദന്തേവാഡ, ത്രിപുരയില്‍ ബാദാര്‍ഹാട്ട്, ഉത്തര്‍പ്രദേശില്‍ ഹാമിര്‍പൂര്‍ എന്നീ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും നാലു നിയോജക മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തുക. സെപ്തംബര്‍ നാലിനു മുൻപ് സമര്‍പ്പിക്കപ്പെടുന്ന നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടന്നേക്കും. പത്രികകള്‍ പിന്‍വലിക്കുന്നതിനായുള്ള അവസാന തിയതി സെപ്തംബര്‍ ഏഴാണ്.