Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിൽ, ആഗസ്റ്റ് 28 വരെ, ചില ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷാ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയുണ്ടാകാൻ കാരണം.

മഴ സാധ്യതയെ തുടർന്ന്, ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, ആഗസ്റ്റ് 26 തിങ്കളാഴ്ച, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 27 ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്; 28 ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും യെല്ലോ അലേർട്ടായിരിക്കും. ഈ പ്രദേശങ്ങളിലൊക്കെ തന്നെ, ഒറ്റപ്പെട്ട കനത്തമഴ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നേരം, മറ്റ് ജില്ലകളിലും നേരിയ തോതിലുള്ള മഴ ലഭിച്ചേക്കും.

ശനിയാഴ്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ്, ഔദ്യോഗികമായി ന്യൂനമർദ്ദം സ്ഥിരീകരിച്ചു. ഇത് കരയിലേക്കുകടന്ന് പിന്നാലെ, ഗുജറാത്തിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘ലെക്കീമ’ ചുഴലിക്കാറ്റും കേരളത്തിൽ പെയ്യുന്ന മഴയുടെ ശക്തിയെ സ്വാധീനിക്കുന്നുണ്ട്.

നിലവിലെ മറ്റൊരറിയിപ്പ് പ്രകാരം, ബംഗാൾ ഉൾക്കടലിൽ ഒഡിഷാ തീരത്തു തന്നെ, ഈ മാസം 28-ന് വീണ്ടുമൊരു ന്യൂനമർദ്ദംകൂടി രൂപപ്പെടാൻ സാധ്യത കണ്ടുവരുന്നുണ്ട്. അതിന്റെ സ്വാധീനവും സംസ്ഥാനത്ത് മഴ തുടരാൻ കാരണമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *