ന്യൂഡല്‍ഹി:
പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സോണിയാ ഗാന്ധി അനുമതി നല്‍കി. 2021-ലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്രയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധിയുടെ തീരുമാനം. ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുമെങ്കില്‍ സഖ്യത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിവിധ പ്രശ്‌നങ്ങളും ചര്‍ച്ചയായി. ബംഗാളിലേക്കുള്ള ബിജെപിയുടെ കടന്നു കയറ്റത്തിന് തടയിടുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും മിത്ര വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് താന്‍ ആശങ്കപ്പെടുന്നതായും, അതിനാല്‍ ബിജെപിയെ നേരിടാന്‍ നമ്മള്‍ ഒരുമിച്ച് കൈ കോര്‍ക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും മമത ബാനര്‍ജി ബംഗാള്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇടതുപക്ഷവുമായി കൈ കോര്‍ക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സോണിയ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസാവും മുഖ്യ എതിരാളി എന്നതു കൊണ്ടാവാം മമതയുടെ അഭിപ്രായത്തോട് സോണിയ അനുകൂലമായി പ്രതികരിക്കാത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
സഖ്യത്തിന് മുന്നോടിയായി മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് വൈകാതെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണ ഉണ്ടാക്കുമെന്ന് സോമേന്ദ്ര നാഥ് മിത്രയും വ്യക്തമാക്കി. കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തല തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടിയാണ് ഇടതുമുന്നണിക്ക് നേരിട്ടത്. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന വാഗ്ദാനം ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുമോ എന്നറിയാന്‍ തനിക്ക് താല്പര്യമുണ്ടെന്നും സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി പശ്ചിമബംഗാളില്‍ സീറ്റു ധാരണയുണ്ടാക്കാന്‍ ആദ്യം തീരുമാനമെടുത്തിരുന്നു. പിന്നീട് ഈ തീരുമാനം കോണ്‍ഗ്രസ് പിന്‍വലിക്കുകയായിരുന്നു. തങ്ങള്‍ നിരവധി സീറ്റുകളില്‍ വിട്ടു വീഴ്ച ചെയ്തിരുന്നെങ്കിലും സി.പി.എമ്മിന് അവരുടെ സീറ്റുകളെല്ലാം വേണമെന്ന കടും പിടുത്തമായിരുന്നു. ഇതോടെയാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ സഖ്യധാരണ പൊളിഞ്ഞത്. തുടര്‍ന്ന് ബംഗാളിലെ പല മണ്ഡലങ്ങളും നാലു പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരുന്നു.