Mon. Dec 23rd, 2024

 

തിരുവനന്തപുരം:

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘം ഒരിക്കല്‍ കൂടി കാറില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

കാറിന്റെ സ്റ്റിയറിങ്ങിലും സീറ്റ് ബെല്‍റ്റിലും കണ്ടെത്തിയ വിരലടയാളം, സീറ്റില്‍ നിന്നും കണ്ടെത്തിയ മുടിയിഴകള്‍, രക്തം എന്നിവ കൂടി പരിശോധിച്ചാണ് കാറോടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പാക്കിയത്. കാറില്‍ യാത്ര ചെയ്തവര്‍ക്കുണ്ടായ മുറിവുകളും പരിക്കുകളും ഫോറന്‍സിക് സംഘം വിശകലനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ജുന്റെ തലയിലും കാലിലും ഉണ്ടായ പരിക്കുകള്‍ അപകടസമയത്ത് അര്‍ജുന്‍ ഡ്രൈവിങ് സീറ്റിലായിരുന്നു എന്നു തന്നെയാണ് വ്യക്തമാക്കുന്നത്.

അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി ഇരുന്നത് മുന്‍ സീറ്റിലായിരുന്നു. ബാലഭാസ്‌കര്‍ പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നു.

അപകടത്തെ സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നതോടെയാണ് ഫോറന്‍സിക് സംഘം കാറില്‍ വീണ്ടും പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് വിശദമായ റിപ്പോര്‍ട്ട് ഫോറന്‍സിക് പരിശോധനാ സംഘം കൈമാറി.

അപകടത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകളില്ല എന്നാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിഗമനം. അപകടത്തില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന നിഗമനമാകും അന്വേഷണസംഘം നല്‍കുന്ന അന്തിമ റിപ്പോര്‍ട്ടിലും ഉണ്ടാവുക എന്നാണ് സൂചന.

അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനായി ബലഭാസ്‌കറിന്റെ വാഹനം സഞ്ചരിച്ചിരുന്ന അതേ പാതയില്‍ കാര്‍ ഓടിച്ച് അപകടത്തിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വിദഗ്ധ സംഘം പരീക്ഷണം നടത്തിയരുന്നു.

അതേസമയം വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. അര്‍ജുനാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ചില സാക്ഷികളും മൊഴിനല്‍കിയിരുന്നു.

എന്നാല്‍ വാഹനം ഓടിച്ചത് ബാലഭാസ്‌കറാണ് എന്നായിരുന്നു അര്‍ജുന്‍ പോലീസിന് നല്‍കിയ മൊഴി. ആദ്യം പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ബാല ഭാസ്‌കറാണ് കൊല്ലം മുതല്‍ വണ്ടിയോടിച്ചത് എന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇതും പിന്നീട് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കാന്‍ കാരണമായിരുന്നു.

അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നില നില്‍ക്കുന്നതിനിടെ ബാലഭാസ്‌കറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമാവുകയും മനപൂര്‍വമുണ്ടാക്കിയ അപകടമാണോ എന്ന രീതിയില്‍ പരാതി ഉയരുകയും ചെയ്തത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് ശക്തമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നതോടെ നിലവിലെ അന്വേഷണത്തിലുള്ള തൃപ്തിക്കുറവ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ച് അപകടത്തില്‍ പെട്ടത്. ദേശീയപാതക്കു സമീപമുള്ള മരത്തില്‍ വാഹമിടിച്ചായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകള്‍ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *