തൃശൂര്‍ :
തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്നും കിട്ടാനുള്ള പൈസ കിട്ടാത്തതു മൂലം മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് തന്റെ മകനെന്ന് നാസില്‍ അബ്ദുള്ളയുടെ മാതാവ് റാബിയ. കടക്കെണിയിലായ മകന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും റാബിയ പറഞ്ഞു. നാസിലിന്റെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
12 വര്‍ഷം മുമ്പ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് നടത്തിയ കണ്‍സ്ട്രക്ഷന്‍ പണികളെ തുടര്‍ന്നാണ് മകന് സാമ്പത്തിക ബാധ്യതയുണ്ടായത്. തുഷാറിന്റെ കമ്പനിയില്‍ നിന്നും കൃത്യമായി പണം കിട്ടുമെന്ന വിശ്വാസത്തില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിനും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും സ്വന്തം ചെക്കുകള്‍ നാസില്‍ നല്‍കിയിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ബോയിങ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി കരാര്‍ തുക കൃത്യമായി നല്‍കാതായതോടെ മകന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. ഇതിനിടെ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെ എട്ടുമാസത്തോളം നാസിലിന് യു.എ.ഇ.യില്‍ ജയിലില്‍ കഴിയേണ്ടി വന്നു.
കമ്പനിയിലുണ്ടായിരുന്ന ജോലിക്കാര്‍ ഉള്‍പ്പെടെ പണം കിട്ടാനുള്ളവര്‍ തൃശൂര്‍ മതിലകത്തെ വീട്ടിലെത്തി പണം ചോദിക്കാന്‍ തുടങ്ങി. ഇതോടെ പിതാവ് അബ്ദുള്ള തന്റെ പേരില്‍ നാട്ടിലുള്ള വസ്തുക്കള്‍ വിറ്റാണ് ഒരു പരിധി വരെ കടങ്ങള്‍ വീട്ടിയത്. ഇതോടെ നാട്ടിലെ അവസ്ഥയും സാമ്പത്തിക പ്രതിസന്ധിയിലായി.
മകന്റെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയ വിഷമങ്ങള്‍ പിതാവ് അബ്ദുള്ളയെയും തളര്‍ത്തി. ശരീരം തളര്‍ന്ന് കിടപ്പിലായ അബ്ദുള്ള ഏറെക്കാലമായി വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. രോഗബാധിതനായ പിതാവിനെ കാണാനായി വരാന്‍ പോലും നാസിലിന് സാധിച്ചിട്ടില്ലെന്നും റാബിയ പറഞ്ഞു.
പല തവണ തുഷാറിനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നല്‍കിയിരുന്നില്ല. കേസ് നല്‍കാനും നിയമ നടപടിയെടുക്കാനും നാസിലിന് താല്പര്യമുണ്ടായിരുന്നില്ല. വേറെ വഴിയില്ലാത്തതിനാലാണ് മകന് കേസു നല്‍കേണ്ടി വന്നതെന്നും റാബിയ വ്യക്തമാക്കി.
https://www.facebook.com/wokemalayalam/videos/2882557381819439/
നാസിലിന്റെ പിതാവ് അബ്ദുള്ള ആദ്യകാലത്ത് ഗള്‍ഫില്‍ ജോലി ചെയ്തപ്പോള്‍ നിര്‍മിച്ച വീടു മാത്രമാണ് ഇപ്പോഴുള്ളത്. ഈ വീട്ടിലാണ് മാതാപിതാക്കള്‍ കഴിയുന്നത്. മൂന്നു വര്‍ഷത്തിലധികമായി നാസിലിന് നാട്ടില്‍ വരാന്‍ കഴിഞ്ഞിട്ടില്ലെന്നും മാതാവ് പറഞ്ഞു.
അതേ സമയം നാസില്‍ തുഷാറിനെ ഗള്‍ഫിലേക്ക് വിളിച്ചു വരുത്തി കുടുക്കി എന്ന പ്രചരണം ശരിയല്ലെന്ന് ബന്ധുവായ ഷംസുദ്ദീന്‍ പറഞ്ഞു. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയാണ് കുറെയൊക്കെ ബാധ്യത തീര്‍ത്തത്. കടം വാങ്ങിയവര്‍ക്ക് ഇതുവരെ പണം തിരിച്ച് നല്‍കാന്‍ കഴിയാത്തതിനാല്‍ നാസിലിന് നാട്ടില്‍ വരാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ജാമ്യത്തിലിറക്കാന്‍ ആവേശം കാണിച്ചവരാരും നാസില്‍ അബ്ദുള്ളയുടെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചില്ല.