Fri. Nov 22nd, 2024

മോസ്കൊ:

ലോകത്തിലെ ആദ്യ ഒഴുകിനടക്കും ആണവ നിലയം സ്ഥാപിച്ചരാജ്യം, എന്ന ഖ്യാതി ഇനി റഷ്യയ്ക്ക് സ്വന്തം. പതിമൂന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു ആണവ നിലയം റഷ്യ നിർമ്മിച്ചിരിക്കുന്നത്.
സ്വർണ്ണ ഖനികൾ ഉൾപ്പെടുന്ന ചുക്കോട്ട്കയിലെ ഖനന മേഖലയിൽ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കടൽ ജലം ശുദ്ധികരിച്ചു കുടിവെള്ളമുണ്ടാക്കാനുള്ള അനുബന്ധ പദ്ധതിയും ഇതിനുണ്ട്.

472 അടിയോളം നീളമുള്ള നിലയം നാമകരണം ചെയ്തിരിക്കുന്നത്, അക്കാഡമിക് ലോമോനോസോവ് എന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ ശാസ്ത്രജ്ഞന്റെയും കവിയുടെയും ഓർമയ്ക്കായാണ്, റിയാക്ടറിന് ഇങ്ങനെയൊരു പേരിട്ടിരിക്കുന്നത്.

അതേസമയം, ആര്‍ട്ടിക് തുറമുഖമായ മുര്‍മാന്‍സ്കില്‍ നിന്ന് അക്കാഡമിക് ലോമോനോസോവ് വെള്ളിയാഴ്ചതന്നെ തന്റെ യാത്ര തിരിച്ചു കഴിഞ്ഞു.
ഇന്ധനം നിറച്ച ഈ ആണവനിലയത്തിന്റെ (powerstation) യാത്ര, മുര്‍മാന്‍സ്‌കില്‍ നിന്നും 5000 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ സൈബീരിയയിലേക്കാണ്. ഐസ് ബ്രേക്കറുകളില്‍ ഉപയോഗിക്കുന്ന രണ്ട് നൂക്ലിയര്‍ പവർസ്റ്റേഷനുകളിൽ നിന്നായി 80 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും.

എന്നാൽ, ഇത്തരമൊരു റിയാക്ടറിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും വിധേനെ റിയാക്ടര്‍ പൊട്ടിത്തെറിക്കുകയാണെങ്കിൽ, ആര്‍ടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങൾക്കും വന്‍ നാശമായിരിക്കും ഉണ്ടാവുകയെന്ന്, അന്താരാഷ്‌ട്ര പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ ഗ്രീന്‍ പീസ് മുന്നറിയിപ്പ് നല്‍കി. പക്ഷെ, വളരെ എളുപ്പത്തില്‍ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നതിനാൽ, അപകട സാധ്യത ഇല്ലെന്നാണ് ന്യൂക്ലിയര്‍ ഏജന്‍സിയായ റോസാറ്റം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *